നികുതിപ്പണം ഉപയോഗിച്ച് തുടർഭരണം ഉറപ്പാക്കേണ്ട, ഡേറ്റ ചോർന്നതിൽ മുഖ്യമന്ത്രിക്കും പങ്ക്-സതീശൻ

കാഞ്ഞിരപ്പള്ളി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഡേറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാപകമായി ചോർത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനത്തിനിടെ കാഞ്ഞിരപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡേറ്റ ചോർത്തുന്നത് കുറ്റകൃത്യമാണ്. സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ടും ഇതുസംബന്ധിച്ച് വിധി വന്നിട്ടുണ്ട്. ഡേറ്റ വിലപ്പെട്ട സ്വത്താണെന്ന് അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്നത്. ഡേറ്റാചോർച്ചയിൽ സി.പി.എം. നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പങ്കുണ്ട്. എല്ലാ ഔദ്യോഗികസംവിധാനങ്ങളും ദുരുപയോഗംചെയ്തു.
ഖജനാവിൽ അഞ്ചുപൈസ ഇല്ലാത്തപ്പോഴും കോടികൾ ചെലവഴിച്ചാണ് തിരഞ്ഞെടുപ്പുപ്രവർത്തനം നടത്തുന്നത്. കടം വാങ്ങിയാണ് ഇതെല്ലാം. ചുമട്ടുതൊഴിലാളി ക്ഷേമനിധിയിൽനിന്ന് 250 കോടി രൂപയാണ് എടുക്കാൻപോകുന്നത്. സഹകരണബാങ്കുകളിൽ നിന്ന് പതിനായിരം കോടിയാണ് എടുക്കുന്നത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
നവകേരളസർവേ റദ്ദാക്കിയ ഹൈക്കോടതിവിധി വളരെ കൃത്യമാണ്. സുപ്രീംകോടതി ഇപ്പോൾ നൽകിയിരിക്കുന്ന സ്റ്റേ പിൻവലിപ്പിക്കും. തുടർഭരണം ഉറപ്പാക്കണമെങ്കിൽ നാട്ടുകാരുടെ നികുതിപ്പണമല്ല, സി.പി.എമ്മിന്റെ ഫണ്ടാണ് ചെലവാക്കേണ്ടത്. നികുതിപ്പണം ഉപയോഗിച്ച് തുടർഭരണം ഉറപ്പാക്കാൻ വരേണ്ടാ.
വിജിലൻസ് കോടതി സർക്കാരിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയുമ്പോൾ നിയമമന്ത്രി അതിനെ തള്ളിപ്പറയുകയാണ്. ശബരിമല സ്വർണക്കൊള്ളയിൽ തെളിവിന്റെ കണികപോലും ഇല്ലാതെയാണ് തന്ത്രിയെ ജയിലിലാക്കിയതെന്നാണ് വിജിലൻസ് കോടതി പറഞ്ഞത്. ആ കോടതിപരാമർശം തള്ളിപ്പറയാനുള്ള ഒരു അധികാരവും നിയമമന്ത്രിക്കില്ല. നിയമമന്ത്രി ഇല്ലാത്ത അധികാരം ഉപയോഗിക്കേണ്ടാ. എന്ത് പങ്കാളിത്തമാണ് തന്ത്രിക്കുള്ളതെന്ന് എസ്.ഐ.ടി. പറയണം.
പത്തനംതിട്ടയിലും ഇടുക്കിയിലും മുഴുവൻ സീറ്റുകളിലും യു.ഡി.എഫിന് ജയം ഉറപ്പാണ്. കോട്ടയത്ത് ഭൂരിഭാഗം സീറ്റുകളിലും ജയിക്കും. എറണാകുളത്ത് 14-ൽ പതിന്നാലും നേടും. 2014-ൽ ശമ്പളക്കമ്മിഷനെ നിയമിക്കേണ്ടതായിരുന്നു. തിരിച്ചുവരില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അടുത്ത സർക്കാരിന്റെ തലയിൽ ബാധ്യത കെട്ടിവെക്കാനുള്ള ബുദ്ധിപൂർവമായ ശ്രമം നടത്തിയതെന്നും സതീശൻ പറഞ്ഞു.
Content Highlights: Opposition Leader V.D. Satheesan alleges CM`s office leaked govt employee data. Claims CPM & CM involved, calls for investigation into misuse of public funds for elections. Read more!