ടിപ്പർ ലോറിക്കും സ്വന്തം ജീപ്പിനുമിടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

ചെറുപുഴ മേലെ ബസാറിൽ ബലരാമന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കാനായി സഹപ്രവർത്തകർ ബുധനാഴ്ച രാത്രിയൊരുക്കിയ പന്തൽ | ഫോട്ടോ: മാതൃഭൂമി
ചെറുപുഴ മേലെ ബസാറിൽ ബലരാമന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കാനായി സഹപ്രവർത്തകർ ബുധനാഴ്ച രാത്രിയൊരുക്കിയ പന്തൽ | ഫോട്ടോ: മാതൃഭൂമി

ചെറുപുഴ: പെരിങ്ങോം മടക്കാംപൊയിലിലെ ജാസ് ക്രഷറിൽ ടിപ്പർ ലോറിക്കും സ്വന്തം പിക്കപ്പ് ജീപ്പിനുമിടയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ചെറുപുഴ ചുണ്ട സാധുമുക്കിലെ കുടിയിൽ വീട്ടിൽ ബലരാമൻ (69) ആണ് മരിച്ചത്. ചെറുപുഴ സ്റ്റാൻഡിലെ പിക്കപ്പ് ഡ്രൈവറായിരുന്നു. ബുധനാഴ്ച രാവിലെ ക്രഷറിൽനിന്ന്‌ കരിങ്കല്ല്‌ കയറ്റി വാഹനം മാറ്റിയിട്ടശേഷം നെറ്റ് ഉപയോഗിച്ച് മൂടുന്നതിനിടയിലാണ് അപകടമുണ്ടായത്.

സമീപത്ത്‌ നിർത്തിയിട്ട ടിപ്പർ ലോറി പിന്നോട്ട് എടുത്തപ്പോൾ ക്രഷറിലെ ശബ്ദം കാരണം പിൻതിരിഞ്ഞ് നിന്ന ബലരാമന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ടിപ്പർ ലോറി പിക്കപ്പിൽ ഇടിച്ചപ്പോൾ ഇതിനിടയിൽപ്പെട്ട് ബലരാമൻ ഞെരിഞ്ഞമർന്നു. ടിപ്പർ ലോറിഡ്രൈവർ പിൻഭാഗം ശ്രദ്ധിക്കാതെ ലോറി തിരിക്കാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ബലരാമനെ ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

പയ്യന്നൂർ സഹകരണ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടിന് ചെറുപുഴ മേലെ ബസാറിൽ പൊതുദർശനത്തിനുവെച്ചശേഷം വീട്ടിൽ എത്തിക്കും. 11.30-ഓടെ കോലുവള്ളി മോക്ഷതീരം ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: ലത. മക്കൾ: സുനീഷ്, സുജീഷ് (ഇരുവരും ഗൾഫ്). മരുമക്കൾ: ദീപ്തി, സ്നേഹ.

Content Highlights: A 69-year-old pickup driver died in Cherupuzha after being crushed between a tipper and his vehicle