സഹകരണബാങ്ക് നിക്ഷേപം; വിശ്വാസം ഉറപ്പിക്കാൻ ‘വിശ്വസ്, ഗാരന്റി സ്‌കീം പരിഷ്‌കരിക്കും

തിരുവനന്തപുരം: സഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപത്തിന് സുരക്ഷകൂട്ടാൻ ഗാരന്റി സ്‌കീം പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചു. നിക്ഷേപം തിരിച്ചുനൽകാത്തതിനെത്തുടർന്ന് ഒട്ടേറെ സംഘങ്ങൾക്കെതിരേ പരാതിയുണ്ട്. ഇതോടെയാണ് ’വിശ്വാസ്’ എന്ന പേരിൽ നിക്ഷേപസുരക്ഷാപദ്ധതി പരിഷ്‌കരിക്കാൻ സഹകരണവകുപ്പ് തീരുമാനിച്ചത്. കരടുചട്ടം തയ്യാറാക്കാൻ മന്ത്രി എം. ലിജുവിന്റെ സാന്നിധ്യത്തിൽ യോഗംചേർന്നു.
നിക്ഷേപകർക്ക് പത്തുലക്ഷം രൂപവരെ ഗാരന്റി നൽകുന്നതിനൊപ്പം പ്രതിസന്ധിയിലാകുന്ന സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപകരെ സഹായിക്കുന്നതിനുള്ള രക്ഷാപാക്കേജുകൂടി ഗാരന്റി സ്‌കീമിന്റെ ഭാഗമാക്കാനാണ് ആലോചന. നിക്ഷേപം തിരിച്ചുകൊടുക്കാൻ ബുദ്ധിമുട്ടുള്ള സംഘങ്ങളുടെ കണക്കു ശേഖരിച്ചുതുടങ്ങി. ആദ്യ സ്കീംപ്രകാരം അടച്ചുപൂട്ടുന്ന സംഘങ്ങൾക്കുമാത്രം സഹായം ലഭിക്കുന്ന രീതിയായിരുന്നു. പൂട്ടാതെ പ്രതിസന്ധിയിൽ തുടരുന്നവയ്ക്കായി പ്രത്യേക പാക്കേജുകൾ ഒന്നുമുണ്ടായിരുന്നില്ല.
സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഓരോ സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും പ്രശ്‌നങ്ങൾക്ക് അനുസരിച്ച് പാക്കേജ് തയ്യാറാക്കാനുള്ള വ്യവസ്ഥയാണ് ആലോചിക്കുന്നത്. കുടിശ്ശിക നിവാരണത്തിന് പ്രത്യേകം പദ്ധതിയുണ്ടാകും. അർഹരായവർക്ക് പരമാവധി ഇളവ് അടക്കം നൽകി സംഘത്തിനു ലഭിക്കേണ്ട പരമാവധി തുക തിരിച്ചുപിടിക്കാനാണിത്. അനിവാര്യമായ കേസുകളിൽ ജപ്തിനടപടി വേഗത്തിലാക്കും. സംഘത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ പദ്ധതി തയ്യാറാക്കി സാമ്പത്തികസഹായം ലഭ്യമാക്കും.
ക്രമക്കേടും അഴിമതിയും നടന്ന സംഘങ്ങളെ സഹായിക്കേണ്ടതില്ല എന്ന നിർദേശം ചർച്ചയിലുണ്ടായി. ക്രമക്കേട് നടത്തിയവർക്കെതിരേ കർശന നടപടിയെടുക്കുന്നതിനൊപ്പം സംഘങ്ങളെ സഹായിക്കേണ്ടതുണ്ടെന്ന വാദമാണ് സഹകരണവകുപ്പ് അംഗീകരിച്ചത്. സാമ്പത്തിക ക്രമക്കേട് നടത്തിയവരിൽനിന്ന് പണം തിരിച്ചുപിടിക്കാനുള്ള റിക്കവറി നടപടി വേഗത്തിലാക്കും.
നിക്ഷേപം സ്വീകരിക്കുന്ന എല്ലാ സഹകരണബാങ്കുകളെയും സംഘങ്ങളെയും സ്കീമിന്റെ ഭാഗമാക്കും. സംസ്ഥാനത്ത് 7900 സഹകരണസംഘങ്ങൾക്കാണ് നിക്ഷേപം സ്വീകരിക്കാൻ അനുമതി. ഇതിൽ 1700 സംഘങ്ങൾ സ്കീമിൽ അംഗങ്ങളായിട്ടില്ല. 520 സംഘങ്ങൾ അംഗത്വം പുതുക്കിയിട്ടില്ല. നിക്ഷേപംസ്വീകരിക്കാനുള്ള മാനദണ്ഡം പാലിക്കുന്ന 5000 സംഘങ്ങൾ മാത്രമാണുള്ളത്.
Content Highlights: Implementation of the 'Vishwas' scheme to ensure deposit safety up to 10 lakh rupees., New rescue packages for struggling cooperative societies, not just those facing closure., Strict recovery measures against individuals responsible for financial irregularities., Mandatory integration of all eligible cooperative banks into the guarantee scheme., Focus on debt resolution and revitalization of struggling societies.