ഭരണഘടനാ നിർമാണചർച്ചകൾ മലയാളത്തിലാക്കി നിയമസഭ, പ്രാദേശികഭാഷയിൽ ഇതാദ്യം

തിരുവനന്തപുരം: ഭരണഘടനാനിർമാണസഭയിൽ നടന്ന ചർച്ചകൾ മലയാളത്തിൽ പരിഭാഷപ്പെടുത്തി കേരളനിയമസഭ. ആദ്യമായാണ് ഒരു പ്രാദേശികഭാഷയിൽ ഈ ചർച്ചകൾ പരിഭാഷപ്പെടുത്തുന്നത്. ആദ്യ വാല്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നൽകി പ്രകാശനം ചെയ്തു.
ഭരണഘടന രൂപപ്പെട്ട അടിസ്ഥാനതലം ആശയസംവാദങ്ങളുടേതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, നിർഭയമായി എതിരഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന സാഹചര്യം ഈ രാജ്യത്തുണ്ടോ? അടിയന്തരാവസ്ഥയ്ക്ക് 50 വർഷം തികയുമ്പോഴും അത്തരം കടന്നുകയറ്റങ്ങളിൽനിന്ന് മുക്തമല്ല നമ്മുടെ നാട് -അദ്ദേഹം പറഞ്ഞു.
എല്ലാ ജനവിഭാഗങ്ങളെയും മതങ്ങളെയും സ്വീകരിച്ച ഭാരതത്തിന്റെ പാരമ്പര്യത്തിന്റെ തുടർച്ചയാണ് ഭരണഘടനയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ഭരണഘടനാ നിർമാണസഭയുടെ, 6337 പേജുകളുള്ള ഔദ്യോഗിക റിപ്പോർട്ട് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ 1950-ലാണ് പ്രസിദ്ധീകരിച്ചത്. 1946 ഡിസംബർ ഒൻപതുമുതൽ 1949 നവംബർ 26-ന് ഭരണഘടനയ്ക്ക് അംഗീകാരം നൽകുന്നതുവരെയുള്ള ചർച്ചകളാണ് അതിൽ. ഇവ 12 വാല്യങ്ങളായി പരിഭാഷപ്പെടുത്തും.
ആദ്യ 21 ദിവസത്തെ ചർച്ചകളുടെ പരിഭാഷയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. മുൻ നിയമസഭാ സെക്രട്ടറി എൻ.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പരിഭാഷ അംഗീകരിച്ചത്. ജയകുമാറിനെ സ്പീക്കർ എ.എൻ. ഷംസീർ ആദരിച്ചു. നിയമസഭയിലെ മ്യൂസിയം വിഭാഗത്തിൽ അടുത്തയാഴ്ചമുതൽ പുസ്തകം ലഭിക്കും. 550 രൂപയാണ് വില.
Content Highlights: Kerala Legislative Assembly translates Constituent Assembly debates into Malayalam