കോൺഗ്രസ് സ്വന്തം പാർട്ടിപോലെ; നടന്നത് കേരള കോൺഗ്രസ് പാർട്ടിക്കുള്ളിലെ സുഹൃത്തുക്കളുടെ സംഗമം- തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട: കോൺഗ്രസ് സ്വന്തം സംഘടനപോലെയാണെന്നും എന്നും കോൺഗ്രസിനോടൊപ്പം ചേർന്നുനിന്നിട്ടുള്ള ഒരു കേരള കോൺഗ്രസുകാരനാണ് താനെന്നും വ്യക്തമാക്കി തോമസ് ഉണ്ണിയാടൻ എംഎൽഎ. കഴിഞ്ഞ ദിവസം തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ കേരള കോൺഗ്രസ് സൗഹൃദ കൂട്ടായ്മ നൽകിയ സ്‌നേഹാദരത്തിന് പിന്നാലെ ഉണ്ടായ വിവദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'കോൺഗ്രസ് സ്വന്തം സംഘടനപോലെയാണ്. എന്നും കോൺഗ്രസിനോടൊപ്പം ചേർന്നുനിന്നിട്ടുള്ള ഒരു കേരള കോൺഗ്രസുകാരനാണ് ഞാൻ. 50 വർഷം മുൻപ് കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ച് രാഷ്ട്രീയം തുടങ്ങിയ ആളാണ്. തുടർന്ന് കോളേജ് ചെയർമാൻ, അഭിഭാഷക വിങ് എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചു.' അദ്ദേഹം പറഞ്ഞു.
'2001, 2006, 2011 വർഷങ്ങളിലും ഒരു ഇടവേളയ്ക്ക് ശേഷം 2026-ലും എംഎൽഎ ആയ ആളാണ് ഞാൻ. 25 വർഷം എംഎൽഎ ആയതിന്റെ സന്തോഷം പങ്കുവെക്കാൻ എല്ലാ ജില്ലകളിൽ നിന്നും പ്രിയപ്പെട്ട സുഹൃത്തുക്കൾ വിളിക്കുമ്പോൾ പോകാറുണ്ട്. അത്തരത്തിൽ ഒരു പരിപാടിയായിരുന്നു സാഹിത്യ അക്കാദമി ഹാളിലും നടന്നത്.' അദ്ദേഹം പറഞ്ഞു.
'കേരള കോൺഗ്രസ് പാർട്ടിക്കുള്ളിലെ സുഹൃത്തുക്കളുടെ സംഗമമാണ് നടന്നത്. പാർട്ടിയിൽ വീണ്ടും പിളർപ്പുണ്ടാകുമെന്നൊന്നും അതിന് അർത്ഥമില്ല.' ഉണ്ണിയാടൻ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനും ജാതിമതങ്ങൾക്കും അതീതമായി ഇരിങ്ങാലക്കുടയിലെ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെട്ടും പ്രാദേശിക വികസനം ശ്രദ്ധിച്ചുമാണ് മുന്നോട്ട് പോകുന്നതെന്നും ഉണ്ണിയാടൻ പറഞ്ഞു.
Content Highlights: Thomas Unniyadan MLA emphasized his long-standing association with the Congress, describing it as his own organization and highlighting his political journey starting from the Kerala Congress student wing. He reflected on his tenure as an MLA in various years and expressed joy in celebrating his 25 years of service with friends across districts, including a recent event at the Thrissur Sahitya Akademi Hall.