സിദ്ധാർഥന്റെ മരണത്തിന് ഒരു വർഷം: വേട്ടക്കാർ വിജയികളായി, കണ്ണീരുണങ്ങാതെ രക്ഷിതാക്കൾ

സിദ്ധാര്‍ത്ഥന്‍, സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍
സിദ്ധാര്‍ത്ഥന്‍, സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍

നെടുമങ്ങാട്: “ഒരു തുള്ളി വെള്ളംപോലും നൽകാതെയാണ് സഹപാഠികൾ ആൾക്കൂട്ട വിചാരണയ്‌ക്കൊടുവിൽ ഞങ്ങളുടെ മകനെ കൊന്നത്. വെള്ളത്തിനുവേണ്ടി വിളിച്ചപ്പോൾ ആ നീചൻമാർ വീഡിയോ എടുത്ത് രസിച്ചു. മകന്റെ മരണത്തിനു കാരണക്കാരായ പതിനൊന്നുപേരെ അന്ന് സസ്‌പെൻഡ് ചെയ്തു. വലിയ വാർത്താപ്രാധാന്യം നേടിയിട്ടും അവർ വീണ്ടും കാംപസിലെത്തി. വിജയികളെപ്പോലെ. കോളേജ് അധികൃതരെല്ലാം വേട്ടക്കാരുടെ കൂടെയാണ്. ഇവരുടെ നിസ്സംഗതയാണ് കാംപസുകളിൽ വീണ്ടും സിദ്ധാർഥൻമാരുണ്ടാകുന്നത്” - കാംപസുകളിലെ റാഗിങ് എന്ന ദുരാചാരം ഒരുവർഷം മുൻപ്‌ ജീവനെടുത്ത സിദ്ധാർഥന്റെ മാതാപിതാക്കളായ ജയപ്രകാശും ഷീബയും പറയുന്നു.

മൂന്നുദിവസം നീണ്ട ക്രൂരപീഡനത്തിനൊടുവിലാണ് വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റലിൽ രണ്ടാംവർഷ വിദ്യാർഥി നെടുമങ്ങാട് കുറക്കോട്ടെ സിദ്ധാർഥൻ കൊല്ലപ്പെട്ടത്. മകന്റെ മരണം കണ്ണീരായി ശേഷിച്ചപ്പോഴും രക്ഷിതാക്കളായ ജയപ്രകാശും ഷീബയും നടത്തിയ നിയമപോരാട്ടം മനഃസാക്ഷിയുള്ള മുഴുവൻ മലയാളികളും ഏറ്റെടുത്തു.

മകന്റെ മരണത്തിനുകാരണം പ്രിയപ്പെട്ട കൂട്ടുകാർ തന്നെയായിരുന്നുവെന്ന് അറിഞ്ഞപ്പോഴാണ് തകർന്നുപോയത്. മകന്റെ മൃതദേഹത്തോടൊപ്പം വീട്ടിലെത്തിയ ആ കൂട്ടുകാരനെ ചേർത്തുപിടിച്ച വലതുകൈകൊണ്ട് ഇക്കാലമത്രയും ആഹാരംപോലും വാരിക്കഴിച്ചിട്ടില്ലെന്ന് ചങ്കുപൊട്ടിയവേദനയോടെ ഈ അമ്മ പറയുന്നു.

കേസ്‌ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചും മനുഷ്യാവകാശ കമ്മിഷനും ഒടുവിൽ സി.ബി.ഐ.യും എത്തി. അന്ന് കേരളം കരുതി ഇതു കലാലയങ്ങളിലെ അവസാനത്തെ റാഗിങ് ദുരന്തമായിരിക്കുമെന്ന്. എന്നാൽ, കോട്ടയത്ത് അതു വീണ്ടും ആവർത്തിച്ചു.

മകനെ കെട്ടിത്തൂക്കാൻ കൂട്ടുനിന്നത് എസ്.എഫ്.ഐ.യുടെ നേതാക്കന്മാരുമായിരുന്നു. പ്രതികൾക്കു ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഈ അച്ഛനും അമ്മയും കയറിയിറങ്ങാത്ത സർക്കാർ ഓഫീസുകൾ ഇല്ല. ഗവർണറും കേന്ദ്രമന്ത്രിമാരും മന്ത്രിമാരും ഉൾപ്പെടെ കുറക്കോട്ടെ സിദ്ധാർഥന്റെ വീട് സന്ദർശിക്കാത്തവരുടെ എണ്ണം തീരെ കുറവായിരുന്നു. എന്നിട്ടും നീതി ലഭിക്കുന്നില്ലെന്നതാണ് രക്ഷിതാക്കളുടെ മാത്രമല്ല, ഒരു നാടിന്റെയും സങ്കടം.

Content Highlights: Kerala College Ragging: Sidharthan`s Parents Seek Justice