സതീശനായി തെരുവിൽ പ്രകടനം,’ജെൻസീ’ പ്രതിഷേധം,കെ.സിക്കായി പാലഭിഷേകം; തീരുമാനം ഞായറാഴ്ച

#ന്യൂസ് ഡെസ്ക്
കെ.സി.വേണുഗോപാല്‍,വി.ഡി.സതീശന്‍,രമേശ് ചെന്നിത്തല |ഫോട്ടോ:PTI
കെ.സി.വേണുഗോപാല്‍,വി.ഡി.സതീശന്‍,രമേശ് ചെന്നിത്തല |ഫോട്ടോ:PTI

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ചർച്ചകൾ നടത്തിവരുന്നതിനിടെ തെരുവിലും സോഷ്യൽമീഡിയിലും പ്രകടനങ്ങളും പ്രതിഷേധവും. വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലും എറണാകുളത്തും അദ്ദേഹത്തെ അനുകൂലിക്കുന്നവർ തെരുവിലിറങ്ങി. എറണാകുളം നെട്ടൂരിലും കണ്ണൂരിലെ ഇരിട്ടിയിലും പ്രകടനങ്ങൾ നടന്നു. പട നയിച്ചവൻ നാട് ഭരിക്കട്ടെ എന്ന മുദ്രവാക്യമെഴുതിയ ബാനറുകളുമായിട്ടായിരുന്നു പ്രകടനം. ഇരിട്ടിയിൽ നടന്ന പ്രകടനത്തിൽ രൂക്ഷമായ മുദ്രവാക്യങ്ങളുയർന്നു. ഇതിനിടെ തിരുവനന്തപുരത്ത് കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്ന പ്രവർത്തകർ അദ്ദേഹത്തിന്റെ ഫ്‌ളക്‌സിൽ പാലഭിഷേകം നടത്തി.

ആലപ്പുഴ ഡിസിസി ഓഫീസിന് സമീപം കെ.സി. വേണുഗോപാലിനെതിരെ ബാനർ പ്രത്യക്ഷപ്പെട്ടു. പിന്നീട് ഇത് കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തു. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിലെ അലയൊലികൾ തെരുവിൽ മാത്രമല്ല സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. ജെൻസി പ്രതിഷേധമെന്ന് അവകാശപ്പെട്ടുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. പടവെട്ടിയവൻ ഭരിക്കട്ടെ എന്ന തലക്കെട്ടിലുള്ള സതീശന്റെ ചിത്രംവെച്ചുള്ള കാമ്പയിനിൽ ഹൈക്കമാൻഡിന് മുന്നറിയിപ്പും നൽകുന്നുണ്ട്. 35000 ത്തോളം ആളുകൾ ഇതിനോടകം ഈ സ്റ്റാറ്റസ് കാമ്പയിനിന്റെ ഭാഗമായിട്ടുണ്ട്. യുഡിഎഫ് അനുകൂല പ്രൊഫൈലുകളിൽ തന്നെയാണ് ഈ പ്രചാരണം.

കേരളത്തിലെ തിരഞ്ഞടുപ്പ് വിജയത്തിൽ നേതാക്കളേയും പ്രവർത്തകരേയും അഭിനന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിന് താഴെ ഒന്നേകാൽ ലക്ഷത്തോളം കമന്റുകളാണ്. ഇതിൽ ഭൂരിഭാഗവും വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നുള്ള ഇംഗ്ലീഷിലുള്ള കുറിപ്പുകളാണ്.

കോൺഗ്രസ് ഹൈക്കമാൻഡ് നിരീക്ഷകർ എംഎൽഎമാരുടെയും ഘടകക്ഷികളുടെയും അഭിപ്രായങ്ങൾ തേടുന്നതിനിടെയാണ് ഇത്തരത്തിലുള്ള നാടകീയ നീക്കങ്ങൾ നടന്നുവരുന്നത്. രാവിലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം ഹൈക്കമാൻഡിന് വിട്ടുകൊണ്ട് പ്രമേയം പാസാക്കിയാണ് പിരിഞ്ഞത്. പിന്നാലെ കോൺഗ്രസ് എംഎൽഎമാരിൽ ഹൈക്കമാൻഡ്് നിരീക്ഷകരായി എത്തിയ അജയ് മാക്കനും മുകുൾ വാസ്‌നികും അഭിപ്രായങ്ങൾ സ്വീകരിച്ചു. പിന്നാലെ ഘടകക്ഷി നേതാക്കളെത്തിയും തങ്ങളുടെ തീരുമാനങ്ങൾ ഇവരെ അറിയിച്ചു. ഭൂരിപക്ഷം എംഎൽഎമാർ കെ.സി.വേണുഗോപാലിനെ പിന്തുണച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം പ്രധാന ഘടകക്ഷികളായ മുസ്ലിം ലീഗും കേരള കോൺഗ്രസും സതീശനെ പിന്തുണച്ചതായാണ് സൂചന. എന്നാൽ പാർട്ടികൾ ഇത് പരസ്യമാക്കിയിട്ടില്ല. ലീഗിന്റെ തീരുമാനം കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ജനവികാരം കണക്കിലെടുക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പി.ജെ.ജോസഫും വ്യക്തമാക്കി. അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഹൈക്കമാൻഡിന് ഇന്നോ നാളെയോ റിപ്പോർട്ട് നൽകുമെന്ന് അജയ് മാക്കനും മുകുൾ വാസ്‌നികും വ്യക്തമാക്കി. മുഖ്യമന്ത്രി ആരാകും എന്നത് ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

Content Highlights: Congress high command is currently evaluating MLA and ally feedback for the 2026 Kerala CM position., Grassroots support for VD Satheesan manifests through street protests and social media campaigns