കെപിസിസി അധ്യക്ഷന്റെ പിന്തുണ കെ.സി. വേണുഗോപാലിന്? ഹൈക്കമാൻഡ് നിരീക്ഷകരുടെ പക്കലുള്ള രേഖ പുറത്ത്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി കോൺഗ്രസിൽ ചർച്ചകളും പോരുകളും തുടരുന്നതിനിടെ നിർണായക വിവരങ്ങൾ പുറത്ത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്ന് സൂചിപ്പിക്കുന്ന രേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരിലൊരാളായ മുകുൾ വാസ്‌നികിന്റെ കൈവശമുള്ള രേഖ ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് പുറത്തുവിട്ടത്. കോൺഗ്രസ് എംഎൽഎമാരുടെ ഹിതപരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ എടുത്ത ചിത്രമാണിതെന്നാണ് സൂചന.
എംഎൽഎമാരുടെ പേരും അതിന് നേരെയുള്ള കോളത്തിൽ ഇവർ ആരെ പിന്തുണയ്ക്കുന്നതെന്ന് സൂചിപ്പിക്കുന്ന വിവരവും അടങ്ങിയ മുകുൾ വാസ്‌നികിന്റെ കൈവമുണ്ടായിരുന്ന ലിസ്റ്റാണ് ചിത്രത്തിലുള്ളത്. ഇതിൽ പത്തോളം എംഎൽഎമാരുടെ പേരുകൾ കാണാം. സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐസി ബാലകൃഷ്ണൻ, ടി. സിദ്ധിഖ് എന്നീ എംഎൽഎമാരുടെ പേരുകൾ ഇതിൽ കൃത്യമായി കാണാൻ കഴിയും. ഐസി ബാലകൃഷ്ണന്റെ പേരിന് നേരെ കെ.സി, ആർ.സി എന്നെഴുതിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിന് നേരെ എല്ലാം കെ.സി. എന്ന് മാത്രമാണ് ഉള്ളത്. കെ.സി എന്നത് കെ.സി. വേണുഗോപാലും ആർ.സി. എന്നത് രമേശ് ചെന്നിത്തലയും ആണെന്നാണ് സൂചന.
പട്ടികയിൽ ഒന്നാമനായുള്ള കെ. നീലകണ്ഠന്റെ പേരിന് നേരെ ഒന്നും എഴുതിയിട്ടില്ല. ഉദുമയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടയാളാണ് കെ. നീലകണ്ഠൻ.
63 കോൺഗ്രസ് സാമാജികരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ കെ.സി. വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നുണ്ട്. ഇത് ശരിവെക്കുന്നതാണ് പുറത്തുവന്ന ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈവശമുള്ള പട്ടിക. 45-ലേറെ പേരുടെ പിന്തുണ കെ.സി. പക്ഷവും 35 ലേറെ എംഎൽഎമാരുടെ പിന്തുണ സതീശൻ പക്ഷവും അവകാശപ്പെടുന്നുണ്ട്. 23 എംഎൽഎമാരുടെ പിന്തുണയാണ് രമേശ് ചെന്നിത്തല പക്ഷം അവകാശപ്പെട്ടിരിക്കുന്നത്.
എ.ഐ.സി.സി. നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നികും നിയുക്ത എം.എൽ.എ.മാരിൽനിന്നും ഘടകക്ഷിനേതാക്കളിൽനിന്നും അഭിപ്രായം തേടിയിരുന്നു.
കോൺഗ്രസ് ഹൈക്കമാൻഡിനുമുന്നിൽ നിലപാട് വ്യക്തമാക്കിയ യു.ഡി.എഫ്. ഘടകകക്ഷികൾ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന പൊതു ആവശ്യമാണ് മുന്നോട്ടുവെച്ചത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ പൊതുവികാരം മാനിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വി.ഡി. സതീശനെ തുണയ്ക്കുന്നതാണ് ഘടകകക്ഷികളുടെ ഈ നിലപാട്.
മുഖ്യമന്ത്രിയായി ആരെ നിശ്ചയിച്ചാലും അതംഗീകരിക്കുമെന്നാണ് നിരീക്ഷകരുമായുള്ള ചർച്ച കഴിഞ്ഞിറങ്ങിയ ഘടകകക്ഷി നേതാക്കൾ പരസ്യമായി പറഞ്ഞതെങ്കിലും കക്ഷിനേതാക്കൾ തമ്മിൽ നേരത്തേത്തന്നെ പൊതുധാരണ രൂപപ്പെടുത്തിയിരുന്നു. ഓരോ ഘടകക്ഷിയുടെയും നേതാക്കൾ ഹൈക്കമാൻഡ് നിരീക്ഷകരെ പ്രത്യേകമായാണ് കണ്ടത്.
എന്നാൽ, പുറത്തുവന്ന ചിത്രം സംബന്ധിച്ച് മുകുൾ വാസ്‌നികിനോടാണ് ചോദിക്കേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. താൻ ഒറ്റപ്പേര് നിരീക്ഷകരോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചിത്രത്തിൽ പേരുള്ള മറ്റൊരു എംഎൽഎ സന്ദീപ് വാര്യർ ഇത് തള്ളിയില്ല. മാധ്യമങ്ങൾ പറയുന്നത് ശരിയാണെങ്കിൽ അത് കോൺഗ്രസിലെ മനോഹരമായ ജനാധിപത്യപ്രക്രിയയെ ആണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Leaked document from observer Mukul Wasnik lists MLA preferences for CM post., KC Venugopal emerges as a strong contender with significant MLA support.