ജനവികാരം ശ്രദ്ധയിൽപ്പെടുത്തിയെന്ന് സുധീരൻ; മുഖ്യമന്ത്രി തീരുമാനം രാഹുൽ-ഖാർഗെ കൂടിക്കാഴ്ചയ്ക്ക് ശേഷം

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് എട്ടാംദിനവും തുടരുകയാണ്. ചൊവ്വാഴ്ചയും പ്രഖ്യാപനമുണ്ടായേക്കില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധിയും ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതിന് ശേഷമായിരിക്കും പ്രഖ്യാപനം.
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വസതിയിൽ ചൊവ്വാഴ്ച രാത്രിയും നിർണായക ചർച്ചകൾ നടന്നിരുന്നു. മുൻ കെപിസിസി അധ്യക്ഷൻമാരടക്കമുള്ളവർ ചർച്ചകൾക്കെത്തി. ഏറ്റവും ഒടുവിലായി വി.എം. സുധീരനാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ജനവികാരമുൾപ്പെടെ തന്റെ ശ്രദ്ധയിൽപ്പെട്ട എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് പറഞ്ഞെന്നും സംതൃപ്തിയോട് കൂടിയാണ് കൂടിക്കാഴ്ച അവസാനിച്ചതെന്നും ചർച്ചയ്ക്ക് ശേഷം സുധീരൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. കെ. മുരളീധരനുൾപ്പെടെയുള്ളവർ രാഹുൽ ഗാന്ധിയെ നിലപാട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ വൈകുന്നേരം രാഹുൽ ഗാന്ധിക്ക് സുധീരനുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചിരുന്നില്ല. രാത്രി വസതിയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് സുധീരനുമായി ചർച്ച നടത്തിയത്.
അതേസമയം ഖാർഗെയും ഡൽഹിയിൽ മടങ്ങിയെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി തന്നെ രാഹുൽ ഗാന്ധിയും ഖാർഗെയും ചർച്ച നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കിൽ ഏതുസമയത്തും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അന്തിമതീരുമാനം വന്നേക്കാം. ചൊവ്വാഴ്ച പ്രഖ്യാപനം വന്നില്ലെങ്കിൽ ബുധനാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും അടക്കം നടത്തിയ ചർച്ചകളിൽ തങ്ങൾക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ, എ.കെ. ആന്റണി എന്നിവരുടെ അഭിപ്രായങ്ങൾ ഫോൺ വഴിയാണ് തേടിയത്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്നുപേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഇതിൽ ആരെന്നതിൽ ദിവസങ്ങളായി അനിശ്ചിതത്വം തുടരുകയാണ്.
മുഖ്യന്ത്രിപദത്തിൽ ഫ്ളക്സടിച്ചും ചേരിതിരിഞ്ഞും സംസ്ഥാനത്ത് നടത്തുന്ന പരസ്യ പ്രകടനങ്ങളിൽ രാഹുൽ നേതാക്കളെ അതൃപ്തി അറിയിച്ചിട്ടുമുണ്ട്. പ്രവർത്തകരെ ചേരിതിരിച്ച് തെരുവിലിറക്കിയത് ആരെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങൾ ദേശീയ നേതൃത്വം ആരംഭിച്ചു. പാർട്ടിയുടേയും മുന്നണിയുടേയും വിജയത്തിന്റെ ശോഭ കെടുത്തിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മാത്രമല്ല, തീരുമാനം അനിശ്ചിതമായി നീളുന്നതിൽ ലീഗുൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ട്. ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി. അബ്ദുൾഹമീദ് പരസ്യവിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
Content Highlights: Ongoing uncertainty regarding the Kerala Chief Minister selection post-2026 election results., Critical high-level meetings involving Rahul Gandhi, Mallikarjun Kharge, and Sonia Gandhi., Key contenders include K.C. Venugopal, V.D. Satheesan, and Ramesh Chennithala., National leadership expresses displeasure over public demonstrations and factionalism., Coalition partners, including the League, have voiced concerns over the delay.