സെൻസസ്: എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലേക്ക്; അധ്യാപകർ ശനിയും ഞായറും സെൻസസ് ഡ്യൂട്ടി ചെയ്താൽമതി

തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ്) ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി എന്യുമറേറ്റർമാർ ബുധനാഴ്ചമുതൽ വീടുകളിലെത്തും. ജൂലായ് 30 വരെയാണ് എന്യുമറേഷൻ. ആദ്യത്തെ മൂന്നുദിവസം വീടുകൾക്ക് നമ്പറിടുന്ന പ്രവർത്തനമാണ് നടക്കുക. ഒരു എന്യുമറേറ്റർക്ക് 800 വരെ ജനസംഖ്യയുള്ള പ്രദേശമാണ് നൽകിയിരിക്കുന്നത്. തദ്ദേശസ്ഥാപനത്തിലെ ഒരു വാർഡിന്റെ ഭാഗമായിരിക്കും ഇത്. മൂന്നുദിവസംകൊണ്ട് വീടുകൾക്ക് നമ്പറിടുന്നതുകൂടാതെ പ്രദേശത്തിന്റെ സ്‌കെച്ചും എന്യുമറേറ്റർമാർ തയ്യാറാക്കും. വീടുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.
സെൽഫ് എന്യുമറേഷനിൽ ഭേദപ്പെട്ട പ്രതികരണം
ഓൺലൈനിൽ പൗരന് വീടിന്റെ വിവരങ്ങൾ ചേർക്കാനുള്ള സൗകര്യമാണ് സെൽഫ് എന്യുമറേഷൻ വഴി ഇത്തവണ ഏർപ്പെടുത്തിയത്. ഔദ്യോഗികമായി എത്രപേർ ഇങ്ങനെ ചെയ്തു എന്നതിന്റെ കണക്ക് പുറത്തുവിട്ടിട്ടില്ല. പക്ഷേ, താരതമ്യേന മെച്ചപ്പെട്ട പ്രതികരണം ഉണ്ടായി എന്നാണ് വിവരം.
സെൽഫ് എന്യുമറേഷൻ ചെയ്തവരുടെ വീടുകളിൽ എന്യുമറേറ്റർ എത്തുമ്പോൾ, ഓൺലൈനിൽ ചെയ്തതിന്റെ നമ്പർ വാങ്ങി മൊബൈൽ ആപ്പിൽ നോക്കും. അതിലെ വിവരങ്ങൾ വീട്ടുകാരെ ധരിപ്പിച്ചശേഷം അപ്‌ലോഡ് ചെയ്യും. സെൽഫ് എന്യുമറേഷൻ ചെയ്യാത്തവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അപ്‌ലോഡ് ചെയ്യും. സെൽഫ് എന്യുമറേഷന്റെ സമയം ചൊവ്വാഴ്ച അവസാനിച്ചിരുന്നു.
അധ്യാപകർ ശനിയും ഞായറും സെൻസസ് ഡ്യൂട്ടി ചെയ്താൽമതി
: സെൻസസ് ഡ്യൂട്ടിയിൽ അധ്യാപകരുടെ ആവലാതി പരിഹരിക്കാൻ ഉത്തരവുമായി സർക്കാർ. ബുധനാഴ്ച സെൻസസ് ആരംഭിക്കുമെങ്കിലും വീടുകൾ കയറിയിറങ്ങിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും നടത്തിയാൽ മതിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.
ജൂലായിൽ ചെയ്തുതീർക്കേണ്ട സെൻസസ് പ്രവർത്തനങ്ങൾ കുട്ടികളുടെ പഠനത്തിനു തടസ്സംവരാത്ത രീതിയിൽ തീർക്കാനാണ് ഈ ക്രമീകരണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ജൂലായിൽ ശനിയാഴ്ചയും ഞായറാഴ്ചയുമായി എട്ടു ദിവസം ലഭിക്കും. ഈ ദിനങ്ങൾ വിനിയോഗിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. ജോലിയെടുത്ത ഈ ദിവസങ്ങൾക്കു പകരമായി മറ്റു പ്രവൃത്തിദിനങ്ങളിൽ പ്രഥമാധ്യാപകരുടെ മുൻകൂർ അനുമതിയോടെ ഒക്ടോബർ 31-നുള്ളിൽ അധ്യാപകർക്ക് അവധിയെടുക്കാം.
ജൂലായിയാണ് സെൻസസിന്റെ ആദ്യഘട്ടം. സംസ്ഥാനത്തെ 60,000 സ്കൂൾ അധ്യാപകരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. നേരത്തേ, സ്‌കൂൾ സമയത്തിനുശേഷം വൈകീട്ട് സെൻസസ് ജോലികൾ നിർവഹിക്കണമെന്ന് വാക്കാൽ നിർദേശിച്ചത് വിവാദമായിരുന്നു. സെൻസസ് ജോലിയുള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അധ്യാപകസംഘനകൾ ആവശ്യപ്പെട്ടിരുന്നു.
Content Highlights: Census 2026 enumeration begins with house numbering and sketch preparation., Data collection phase runs until July 30., Teachers are directed to conduct census duties specifically on Saturdays and Sundays., Compensatory leave available for teachers until October 31., Self-enumeration data is integrated via mobile app verification.