ലീഗിനെ കുത്തി അനിൽകുമാർ, തിരിച്ചടിച്ച് കുഞ്ഞാലിക്കുട്ടി; മുന്നണിയിലെ തർക്കവും മന്ത്രിസഭയിൽ

#ബിജു പരവത്ത്
എ.പി. അനില്‍കുമാര്‍, പി.കെ കുഞ്ഞാലിക്കുട്ടി
എ.പി. അനില്‍കുമാര്‍, പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സർക്കാർ തീരുമാനങ്ങൾക്കായി ചേരാറുള്ള മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ചത് പതിവുതെറ്റിച്ചുള്ള രാഷ്ട്രീയതർക്കത്തിന്. ലീഗിനെ പ്രീണിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ രീതിയും മുന്നണി കൺവീനറായ അടൂർപ്രകാശിന്റെ സർക്കാർ വിമർശനവും തർക്കവിഷയമായി. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിന്റെ അനുബന്ധ ചേരിപ്പോരുകളാണ് പ്രതിഫലിച്ചത്.

ഘടകകക്ഷികളെ മുന്നിൽനിർത്തി വി.ഡി. സതീശൻ അധികാരം സ്ഥാപിച്ചെടുക്കുന്നുവെന്നതാണ് കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നവരുടെ വികാരം. അത് മന്ത്രിസഭായോഗത്തിൽ കെ.സി. പക്ഷനേതാവ് എ.പി. അനിൽകുമാറാണ് പ്രകടിപ്പിച്ചത്. ചിലരോടുമാത്രം സംസാരിച്ച് തീരുമാനമെടുക്കുന്ന രീതി ശരിയല്ലെന്നായിരുന്നു അനിൽകുമാറിന്റെ പരാമർശം.

ഇത് ലീഗിനെ പ്രകോപിപ്പിച്ചു. അനിൽകുമാർ അത്തരം സംസാരങ്ങളിലേക്കു പോകേണ്ട, ലീഗിനോടുള്ള പല സമീപനങ്ങളും എല്ലാവർക്കും ബോധ്യമുള്ളതാണെന്ന് കുഞ്ഞാലിക്കുട്ടി മറുപടി നൽകി. ഇന്ത്യാസഖ്യത്തിന്റെ സമരത്തിൽപോലും ലീഗിനെ പരിഗണിച്ചരീതി പരോക്ഷമായി ഓർമ്മിപ്പിച്ചുള്ളതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഇതിനുപിന്നിൽ കെ.സി. വേണുഗോപാലാണെന്ന ധ്വനിയും ഉണ്ടായിരുന്നു.

ആറുമാസമായിട്ടും യു.ഡി.എഫ്. ചേരാത്തതിനെ സി.പി. ജോൺ കുറ്റപ്പെടുത്തി. ''അതിന് എങ്ങനെയാണ്, കൂടിയാലോചനയ്ക്ക് മുന്നണിയെ ഒന്നിപ്പിക്കേണ്ട കൺവീനർ സർക്കാരിനെതിരേയുള്ള വിമർശനത്തിന്റെ മുൻനിരയിലാണല്ലോ'' -എന്നായിരുന്നു കുറ്റപ്പെടുത്തൽ. ഇതിനെ ചില ഘടകകക്ഷി മന്ത്രിമാരും പിന്തുണച്ചു.

ഏകപക്ഷീയ തീരുമാനമല്ല കോൺഗ്രസിലെ രീതി -സണ്ണി ജോസഫ്

ഏകപക്ഷീയമായ തീരുമാനമല്ല കോൺഗ്രസിന്റെ രീതിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. അങ്ങനെയൊരു തീരുമാനത്തിലേക്കു സർക്കാർ പോയിട്ടില്ല. പോകാതിരിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. മന്ത്രിസഭായോഗത്തിൽ എതിരഭിപ്രായങ്ങളുണ്ടായെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Political dispute erupted in the Kerala cabinet meeting over government decisions and UDF dynamics., A.P. Anil Kumar criticized the approach of favoring the Muslim League, reflecting internal Congress factionalism., P.K. Kunjhalikutty strongly retaliated against Anil Kumar's remarks regarding the League., Concerns were raised regarding the delay in convening the UDF meeting and the role of the convenor.