ചേലക്കര കിട്ടിയത് ഭരണത്തുടർച്ചയ്ക്കുള്ള സർട്ടിഫിക്കറ്റോ ?; വോട്ടുകണക്കിൽ ഉടക്കി മുന്നണികൾ

തിരുവനന്തപുരം: തിരഞ്ഞെടുപ്പുഫലം സമനിലയിലാണെങ്കിലും വോട്ടുകണക്കിൽ ഉടക്കിനിൽക്കുകയാണ് മൂന്നുമുന്നണികളുടെയും വാദപ്രതിവാദങ്ങൾ. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ബി.ജെ.പി.യുടെ വോട്ടിന്റെ കണക്കുനോക്കി എൽ.ഡി.എഫും യു.ഡി.എഫും ആരോപണങ്ങളുയർത്തുന്ന രീതി കുറച്ചുകാലമായുണ്ട്. അതൊന്നും ബി.ജെ.പി.യെ ബാധിക്കാറുണ്ടായിരുന്നില്ല. പക്ഷേ, പാലക്കാട്ടെ വോട്ടുചോർച്ചയിൽ സ്വന്തം പാളയത്തിൽത്തന്നെ പട ഉയരുന്ന സ്ഥിതിയിലേക്ക് ബി.ജെ.പി.യും എത്തിച്ചേർന്നുവെന്നതാണ് ഇപ്പോഴത്തെ മാറ്റം.
ഉപതിരഞ്ഞെടുപ്പ് ഫലത്തെ ഇടതുമുന്നേറ്റമാക്കി മാറ്റാവുന്ന രീതിയിൽ വ്യാഖ്യാനിക്കാനാണ് സി.പി.എം. നേതാക്കൾ ശ്രമിക്കുന്നത്. ചേലക്കര കിട്ടിയത് ഭരണത്തുടർച്ചയ്ക്കുള്ള സർട്ടിഫിക്കറ്റായാണ് വാദം. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ വോട്ടും, 2016-ൽ യു.ആർ. പ്രദീപ് നേടിയതിനെക്കാൾ ഭൂരിപക്ഷവുമാണ് ഇതിനായി ഉയർത്തിക്കാണിക്കുന്ന കണക്ക്. പാലക്കാട് വോട്ടുയർത്താനായതും ഈ വാദത്തിന് ബലമായി ചൂണ്ടിക്കാട്ടുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 860 വോട്ട് ഇത്തവണ സരിനിലൂടെ എൽ.ഡി.എഫിന് കൂട്ടാൻ കഴിഞ്ഞിട്ടുമുണ്ട്.
ബി.ജെ.പി. വോട്ടുകൾ കുറഞ്ഞും അത് യു.ഡി.എഫിന് ലഭിച്ചും ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള കക്ഷികളുടെ പിന്തുണ കിട്ടിയുമാണ് പാലക്കാട് യു.ഡി.എഫ്. വിജയിച്ചതെന്നാണ് സി.പി.എം. ആരോപണം. ഇതിനാണ് മഴവിൽ സഖ്യമെന്ന വിളിപ്പേര് നൽകിയത്.
1991 മുതൽ എൽ.ഡി.എഫിന് വോട്ടുകുറയുകയും ബി.ജെ.പി. വോട്ട് കൂടുകയുമാണ് പാലക്കാട് ഉണ്ടായത്. അങ്ങനെയാണ് 2016-ൽ ബി.ജെ.പി. രണ്ടാംസ്ഥാനത്തെത്തിയത്. ഈ ചോർച്ച എന്ത് ഡീലിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് കോൺഗ്രസിന്റെ മറുചോദ്യം. 2016-ൽ എൻ.എൻ. കൃഷ്ണദാസ് മത്സരിച്ചപ്പോൾ 38,675 വോട്ടാണ് പാലക്കാട് എൽ.ഡി.എഫ്. നേടിയത്. അതിനെക്കാൾ 1382 വോട്ട് കുറവാണ് സരിന് ലഭിച്ചത്. എന്നിട്ടും യു.ഡി.എഫിന് വോട്ടുകൂടിയതിനെ സി.പി.എം. വിമർശിക്കുന്നത് ബി.ജെ.പി.ക്കുവേണ്ടിയാണെന്നാണ് ആരോപണം. ഇതാണ്, കമ്യൂണിസ്റ്റ് ജനതാപാർട്ടി എന്ന് കോൺഗ്രസ് ആവർത്തിച്ചു പറയുന്നതിനുള്ള കാരണം.
അതുപോലെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേലക്കരയിൽ നേടിയ വോട്ടിൽനിന്ന് 19,128 വോട്ട് കുറഞ്ഞുപോയതെങ്ങനെയാണെന്നും കോൺഗ്രസ് ചോദിക്കുന്നു.ഒരു ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ അടപടലം ആഭ്യന്തരകലഹത്തിലായിരിക്കുകയാണ് ബി.ജെ.പി. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രവർത്തകർക്ക് പ്രതീക്ഷനൽകണമെങ്കിൽ സംഘടനാതലത്തിൽതന്നെ അഴിച്ചുപണിയേണ്ട സ്ഥിതിയാണ് ഈ തിരഞ്ഞെടുപ്പുഫലം അവർക്കുണ്ടാക്കിയത്.
Content Highlights: kerala bypolls results ldf udf bjp analysis