പുതുയുഗ കേരളം ലക്ഷ്യമിട്ട് ബജറ്റ്; വികസനത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന

#ന്യൂസ് ഡെസ്ക്
നിയമസഭയിൽ ബജറ്റ് അവതരണത്തിനെത്തിയ മുഖ്യമന്ത്രി വിഡി സതീശൻ യുഡിഎഫ് മന്ത്രിമാർക്കൊപ്പം
നിയമസഭയിൽ ബജറ്റ് അവതരണത്തിനെത്തിയ മുഖ്യമന്ത്രി വിഡി സതീശൻ യുഡിഎഫ് മന്ത്രിമാർക്കൊപ്പം

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വർഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക് ബജറ്റിൽ 100 കോടി അനുവദിച്ചിട്ടുണ്ട്. ഐഐടി മാതൃകയിൽ എൻജിനീയറിങ് കോളജുകളെ ബന്ധിപ്പിച്ച് റിസർച്ച് പാർക്കിന് 60 കോടിയും നീക്കിവെച്ച ബജറ്റിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഗ്ലോബൽ ജോബ് ടവറും ഇടംപിടിച്ചിട്ടുണ്ട്.

വിദേശ വിദ്യാർത്ഥികൾക്ക് കേരളത്തിൽ വന്ന് പഠിക്കാൻ അവസരമൊരുക്കുന്ന 'സെമസ്റ്റർ ഇൻ കേരള' പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ബിരുദധാരികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്‌സുകളും നടപ്പിലാക്കും. 'വയനാട് ട്രൈബൽ സർവകലാശാല’യും ‘തദ്ദേശീയ വിജ്ഞാന മേഖല’യും ആരംഭിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്.

കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് 400 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. വിഴിഞ്ഞത്തെ ബന്ധിപ്പിച്ചുകൊണ്ട് അഴീക്കൽ ബേപ്പൂർ തുറമുഖ വികസനവും ഇതിൽ ഉൾപ്പെടുന്നു. കേരളത്തെ തുറമുഖ നഗരമാക്കി റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമ്മാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റി, എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയാണ് കേരളം ലക്ഷ്യമിടുന്നത്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്‌സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളും ആവിഷ്‌കരിക്കും. പതിനായിരത്തോളം എം.എസ്.എം.ഇ. സംരംഭങ്ങൾ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നൽകുന്ന കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കീമിന് രൂപംനൽകുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

ഗുരുതര രോഗം ബാധിച്ചവർക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്കും തുടർ വിദ്യാഭ്യാസത്തിന് പണമില്ലാത്തവർക്കും സഹായം നേരിട്ട് എത്തിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായി 'വൺ കേരള കരുതൽ മിഷൻ' സ്ഥാപിക്കും. വയോജനങ്ങൾക്ക് ആവശ്യമായ സ്ഥാപനങ്ങൾ, വ്യയശേഷി നേടാനുതകുന്ന സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉൾപ്പെടുന്ന 'സിൽവർ ഇക്കോണമി' വികസിപ്പിക്കും. സംസ്ഥാനത്ത് അന്താരാഷ്ട്ര മാതൃകയിൽ കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്.

കിഫ്ബി അഴിച്ചുപണിയുമെന്ന സൂചന നൽകിക്കൊണ്ട്, അതിന്റെ നടത്തിപ്പ് പഠിക്കാൻ കമ്മിറ്റിയെ വെക്കുമെന്നും ബജറ്റ് പറയുന്നു. ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും. അതോടൊപ്പം തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജും തുടങ്ങും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് സതേൺ കേരള എക്കണോമിക് കോറിഡോറും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാക്ക ജില്ലകളായ കാസർകോടിനും വയനാടിനും ഇടുക്കിക്കുമായി പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിന്റെ വാഗ്ദാനമായ ഇന്ദിരാഗാരന്റിയിലെ പ്രിയദർശനി സൗജന്യ യാത്രയ്ക്കായി കെഎസ്ആർടിസിക്ക് 600 കോടി അനുവദിച്ചു. ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നും ബജറ്റ് പറയുന്നു.

ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ

  • എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ 'ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കും.
  • തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും.
  • ഗ്രീൻ ഹൈഡ്രജൻ ഹബ്ബായി കേരളത്തെ മാറ്റും.
  • ലോക നിലവാരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയം മലബാറിൽ നിർമ്മിക്കും.
  • 'ബ്രാൻഡ് കേരളം' ആരംഭിക്കും.
  • ജെ.സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി-ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കും.
  • സിനിമയ്ക്ക് വ്യവസായ പദവി നൽകും.
  • തനത് കലാ-സാംസ്‌കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് ഒരു കൾച്ചറൽ പാർക്ക് സ്ഥാപിക്കും.
  • സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ പുതിയ മ്യൂസിക് അക്കാദമി.
  • 'കേരള ഡിസാസ്റ്റർ റെസിലിയൻസ് സെന്റർ' സ്ഥാപിക്കും.
  • പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കും.
  • പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഫർണിച്ചർ ഹബ്ബ് സ്ഥാപിക്കും.
  • റബറിന്റെ താങ്ങുവില 200 രൂപയിൽ നിന്നും 250 രൂപയായി വർധിപ്പിക്കും.
  • വയനാട്, കാസർഗോഡ്, ഇടുക്കി ജില്ലകൾക്കായുള്ള പാക്കേജുകൾ ഊർജ്ജിതമായി നടപ്പാക്കാൻ നടപടി കൈക്കൊള്ളും.
  • എല്ലാ തീരദേശവാസികൾക്കും പട്ടയം ലഭ്യമാക്കും.
  • എൻഡോസൾഫാൻ ദുരിത ബാധിതരായ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കുവാൻ നടപടി സ്വീകരിക്കും.
  • അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കും.

  • സർക്കാർ ജീവനക്കാരുടെ ഡി.എ/ ഡി.ആർ എന്നിവ മുടക്കം കൂടാതെ നൽകും.

  • മെഡി സെപ് പരിഷ്‌ക്കരിക്കും. അഷ്വേഡ് പെൻഷൻ പദ്ധതിയിലെ അവ്യക്തത പരിശോധിച്ച് എൻ.പി.എസ് സംവിധാനം പരിഷ്‌ക്കരിക്കും. 

Infographics: https://VisualDeskAI.com

Content Highlights: Introduction of Knowledge Valley and Global Job Towers to boost employment., Implementation of Oommen Chandy Health Insurance with 25 lakh coverage., Major infrastructure push including maritime ports and Southern Economic Corridor., Focus on 'Silver Economy', MSME growth, and rubber price support., Establishment of new medical colleges and cultural hubs across Kerala.