BLOമാരുടെ ആനുകൂല്യം: അനുവദിച്ചത് 6000 രൂപ, നൽകിയത് 2000, നാലുമാസത്തെ അതിസമ്മർദത്തിന് അവഗണന

തൃശ്ശൂർ: നാലുമാസം അതിസമ്മർദം സഹിച്ച് വെയിലുകൊണ്ട് പലതവണ വീടുകൾ കയറിയിറങ്ങി എസ്.ഐ.ആർ. (തീവ്രവോട്ടർ പട്ടിക പരിഷ്കരണം) പൂർത്തിയാക്കിയ ബൂത്ത് ലെവൽ ഓഫീസർമാർക്ക് കേരളത്തിൽ നൽകിയത് 2000 രൂപ മാത്രം. അതായത് മാസം വെറും 500 രൂപ. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ 6000 രൂപ ആനുകൂല്യം നിശ്ചയിച്ച ഇടത്താണ് കേരളം രണ്ടായിരത്തിൽ ഒതുക്കിയത്. ഇതാകട്ടെ ഇരുപതോളം മണ്ഡലങ്ങളിൽ നൽകിയതുമില്ല.
എസ്.ഐ.ആർ. സേവനത്തിന് 6,000 രൂപ പ്രത്യേക ഇൻസെന്റീവ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് 2025 ഓഗസ്റ്റ് രണ്ടിനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചത്. ജോലിയുടെ കാഠിന്യം കണക്കിലെടുത്തും 2015-ലാണ് അവസാനമായി തുക ഉയർത്തിയതെന്ന കാര്യം പരിഗണിച്ചുമാണ് പ്രതിഫലം കൂട്ടുന്നതെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. നവംബർ 26-ന് ആരംഭിച്ച് 2026 ഫെബ്രുവരി 23-ന് കേരളത്തിൽ എസ്.ഐ.ആർ. പൂർത്തിയാക്കി. ഇതിനിടെ ജോലി സമ്മർദം കാരണം രണ്ടു ബി.എൽ.ഒ.മാർ മരിച്ചെന്ന ആരോപണവും ഉയർന്നു. കേരളത്തിലെ ബി.എൽ.ഒ. മാരുടെ സ്പെഷ്യൽ ഇൻസെന്റീവ് 2,000 രൂപയാക്കി കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസർ മാർച്ച് 13-നാണ് ഉത്തരവിറക്കിയത്. ഇതാകട്ടെ 2025 ജൂലായ് 24-െല തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവിന്റെ മറവിലും. എസ്.ഐ.ആറിന് മുൻപ് നടന്നിരുന്ന എസ്.എസ്.ആർ. ( സ്പെഷ്യൽ സമ്മറി റിവിഷൻ) നടപ്പാക്കുന്നതിനായി നൽകുന്ന പ്രത്യേക ആനുകൂല്യമാണ്. ഇത് മറികടന്ന് വന്ന എസ്.ഐ.ആറിൽ ആനുകൂല്യം 6000 രൂപ നൽകണമെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടത്.
ഈ തുക വിതരണം ചെയ്തെങ്കിലും ചില മണ്ഡലങ്ങളിൽ ബി.എൽ.ഒ. മാർക്ക് പണം കിട്ടിയില്ല. മാർച്ച് 31-നുള്ളിൽ ഇതിനായുള്ള നടപടി തിരഞ്ഞെടുപ്പു കമ്മിഷന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ പൂർത്തീകരിക്കാത്തതിനാൽ തുക പാഴായി. തൃശ്ശൂർ ജില്ലയിൽ മാത്രം ഒല്ലൂർ, നാട്ടിക, കുന്നംകുളം മണ്ഡലങ്ങളിൽ ബി.എൽ.ഒ. മാർക്ക് പണം നൽകിയില്ല. 6.09 ലക്ഷമാണ് നൽകാനുണ്ടായിരുന്നത്. ഒറ്റപ്പാലം, ഷൊർണൂർ, ആലപ്പുഴ, പുതുപ്പള്ളി, കുട്ടനാട്, കൊല്ലം, കുണ്ടറ, ചവറ, കരുനാഗപ്പള്ളി, നാദാപുരം, തൃക്കരിപ്പൂർ, ചെങ്ങന്നൂർ, മഞ്ചേരി, കുറ്റ്യാടി, പറവൂർ, ഏറനാട്, തവനൂർ, നിലമ്പൂർ, ആറന്മുള, മങ്കട, തിരുവനന്തപുരം, കോതമംഗലം, മൂവാറ്റുപുഴ, പൂഞ്ഞാർ തുടങ്ങിയ മണ്ഡലങ്ങളിലും ബി.എൽ.ഒ. മാർക്ക് പണം കിട്ടിയില്ലെന്ന് പരാതിയുണ്ട്.
Content Highlights: Kerala BLOs face major payment discrepancies for 2026 electoral work. officials received only 2000 instead of the mandated 6000 rupees.