മദ്യനയം വരുംമുൻപ് ബാർ ലൈസൻസ്; അനുമതി നൽകിയത് മന്ത്രി അറിയാതെ; ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

തിരുവനന്തപുരം: പുതിയ മദ്യനയം നിലവിൽവരുന്നതിനു മുൻപ് സർക്കാരിന്റെ അനുമതിയില്ലാതെ മൂന്ന് ബാറുകൾക്ക് ബാർ ലൈസൻസ് നൽകിയ സംഭവത്തിൽ നടപടിക്കൊരുങ്ങി എക്സൈസ് വകുപ്പ്. സംഭവത്തിൽ വകുപ്പ് മന്ത്രി എം. ലിജു കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് കോട്ടയത്തെ ഒരു ബാറിനും എറണാകുളത്തെ രണ്ട് ബാറുകൾക്കും തരംമാറ്റി ബാർ ലൈസൻസ് അനുവദിച്ചത്. പുതിയ മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദേശം ലംഘിച്ചാണ് ഈ ബാറുകൾക്ക് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ലൈസൻസ് നൽകിയത്.
വിഷയത്തിൽ മന്ത്രി എം. ലിജു അടിയന്തരമായി ഇടപെടുകയും എക്സൈസ് വകുപ്പിൽ ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തുകയും ചെയ്തു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി വേണമെന്ന് മന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് കമ്മീഷണർ പ്രാഥമിക തലത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ട്. ലൈസൻസ് അനുവദിച്ച എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന.
Content Highlights: Three bar licenses were issued in Kottayam and Ernakulam before the official implementation of the new liquor policy., Excise Deputy Commissioner is facing imminent suspension for converting beer-wine parlor licenses to bar licenses., Excise Minister M. Liju expressed severe displeasure and ordered strict disciplinary action against the responsible official.