‘തലസ്ഥാനത്ത് നെഞ്ചിടിപ്പ്,കൊല്ലത്ത് ആശ്വസിക്കാം,അമ്പലപ്പുഴയിൽ ഉറപ്പില്ല, പീരുമേട് കൈവിട്ടേക്കാം’

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വിവിധ ജില്ലകളിൽ നിന്നുള്ള സിപിഎം മണ്ഡലം-ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തലുകൾ പുറത്തുവരുമ്പോൾ ഇടത് ക്യാമ്പുകളിൽ ആശങ്കയും ആത്മവിശ്വാസവും ഒരുപോലെ നിഴലിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ചില സിറ്റിങ് സീറ്റുകളിൽ വിജയസാധ്യത കുറവാണെന്ന ഭീതിയും മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ള പ്രമുഖർ പരാജയപ്പെട്ടേക്കാമെന്ന നിഗമനവും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. അതേസമയം, എറണാകുളത്ത് തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാമെന്നും കൊല്ലത്ത് ഒൻപത് സീറ്റുകൾ വരെ നേടാമെന്നുമുള്ള കണക്കുകൾ പാർട്ടിക്കുള്ളിൽ ശുഭപ്രതീക്ഷയും നൽകുന്നു. അമ്പലപ്പുഴ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ ആർക്ക് ലഭിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും വിജയമെന്ന് പാർട്ടി കരുതുന്നു. ഭരണത്തുടർച്ചയ്ക്കുള്ള ആവേശം നിലനിൽക്കുമ്പോഴും പലയിടങ്ങളിലും നേരിട്ട കടുത്ത പോരാട്ടവും അപ്രതീക്ഷിത തിരിച്ചടികളും വോട്ടെണ്ണലിന് മുൻപേ സിപിഎമ്മിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.
തലസ്ഥാനത്ത് സിപിഎമ്മിന് നെഞ്ചിടിപ്പ്: നാല് സീറ്റുകളിൽ കടുത്ത മത്സരം; ചിലയിടങ്ങളിൽ തോൽവിഭീതി
തിരുവനന്തപുരത്ത് സിപിഎം മത്സരിച്ച നാല് മണ്ഡലങ്ങളിൽ ഇത്തവണ കടുത്ത മത്സരം നടക്കുന്നു എന്ന വിലയിരുത്തലാണ് ഇപ്പോൾ പുറത്തു വരുന്നത്. നെയ്യാറ്റിൻകര, അരുവിക്കര, കാട്ടാക്കട, നേമം എന്നീ മണ്ഡലങ്ങളിലെ വിജയസാധ്യതയിലാണ് പാർട്ടിക്ക് നേരിയ ആശങ്കയുള്ളത്. ഈ മണ്ഡലങ്ങളിൽ ഒരുപക്ഷേ വിജയിച്ചു കയറിയാൽ തന്നെയും വലിയ ഭൂരിപക്ഷം ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നതാണ് ജില്ലാതല അവലോകനങ്ങളിലെ പ്രധാന കണ്ടെത്തൽ.
2021ൽ തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളിൽ 13 ഇടത്തും എൽഡിഎഫ് ആയിരുന്നു വിജയിച്ചത്. കോവളത്ത് മാത്രമായിരുന്നു യുഡിഎഫിന് വിജയിക്കാനായത്. മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള വോട്ടു കണക്കുകൾ പരിശോധിക്കുമ്പോൾ സിറ്റിങ് സീറ്റുകളിൽ ചിലതിൽ വിജയസാധ്യത കുറവാണെന്ന ഭീതിയും നിലനിൽക്കുന്നു.
തിരുവനന്തപുരം, കോവളം എന്നീ സീറ്റുകളിൽ പൊതുസ്വതന്ത്രരെയാണ് എൽഡിഎഫ് മത്സരിപ്പിച്ചത്, എന്നാൽ ഈ രണ്ട് മണ്ഡലങ്ങളിലും വിജയപ്രതീക്ഷ കുറവാണെന്നാണ് സിപിഎം വിലയിരുത്തുന്നത്. വോട്ടിങ് ശതമാനവും മറ്റ് വസ്തുതകളും പരിശോധിക്കുമ്പോൾ ഈ സീറ്റുകൾ സിപിഎം കൈവിട്ട രീതിയിലാണ് കാണുന്നത്. അതേസമയം, ആറ്റിങ്ങൽ, വർക്കല, പാറശ്ശാല എന്നീ മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്ന ശുഭപ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്ത് കടുത്ത മത്സരം നേരിട്ടുവെങ്കിലും അവിടെയും വിജയിച്ചു കയറാമെന്ന് സിപിഎം കണക്കുകൂട്ടുന്നു.
തോൽക്കുകയോ ജയിക്കുകയോ ചെയ്യാം'; അമ്പലപ്പുഴയിൽ ഉറപ്പില്ലാതെ സിപിഎം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മണ്ഡലത്തിലെ വിജയസാധ്യതയെക്കുറിച്ച് സിപിഎമ്മിന് ഇപ്പോഴും വലിയ നിശ്ചയമില്ലെന്ന് റിപ്പോർട്ടുകൾ. മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നൽകിയ പ്രാഥമിക വിലയിരുത്തലിൽ രണ്ട് സാധ്യതകളാണ് ചൂണ്ടിക്കാണിക്കുന്നത്. വിജയിക്കുകയാണെങ്കിൽ അത് നാലായിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ ലഭിക്കുകയുള്ളൂ. ഒരു പക്ഷേ 2000 വോട്ടുകൾക്ക് വരെ പരാജയപ്പെടാനുള്ള സാധ്യതയും അവലോകനത്തിൽ വ്യക്തമാകുന്നു.. ബിജെപിയുടെ വോട്ടുകൾ ആർക്ക് ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാലാണ് ഇത്തരത്തിൽ രണ്ട് കണക്കുകൾ പാർട്ടിക്ക് കൈമാറേണ്ടി വന്നത്. അമ്പലപ്പുഴയിൽ ഇത്തവണ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്.
ജില്ലയിലെ ആകെയുള്ള ഒൻപത് സീറ്റുകളിൽ ഏഴിടത്ത് വിജയിക്കാൻ കഴിയുമെന്നാണ് സിപിഎമ്മിന്റെ പൊതുവായ കണക്കുകൂട്ടൽ. എന്നാൽ ഘടകകക്ഷിയായ എൻസിപി മത്സരിക്കുന്ന കുട്ടനാട് കൈവിട്ടേക്കും. യുഡിഎഫിന്റെ പക്കലുള്ള ഹരിപ്പാട് സീറ്റ് ഇത്തവണയും ലഭിക്കില്ലെന്നും പാർട്ടിയുടെ പ്രാഥമിക വിലയിരുത്തലിൽ പറയുന്നു. അരൂർ, ആലപ്പുഴ, കായംകുളം എന്നീ മണ്ഡലങ്ങളിൽ ചെറിയ ഭൂരിപക്ഷം മാത്രമേ ഉണ്ടാകൂ എന്ന് പാർട്ടി കരുതുന്നു.
അതേസമയം, ചില മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് വലിയ വിജയപ്രതീക്ഷയുണ്ട്. ചെങ്ങന്നൂരിൽ 20000 വോട്ടിന് മുകളിലുള്ള വൻ ഭൂരിപക്ഷമാണ് സിപിഎം കണക്കാക്കുന്നത്. ചേർത്തലയിലും മാവേലിക്കരയിലും 18,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയുമെന്നും പാർട്ടി വിശ്വസിക്കുന്നു. 2021ൽ ആലപ്പുഴയിൽ ഒരു സീറ്റിൽ മാത്രമായിരുന്നു യുഡിഎഫിന് വിജയിക്കാനായത്. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്. ബാക്കി എട്ട് മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിച്ചു.
തിരൂരിൽ മന്ത്രി അബ്ദുറഹിമാൻ വീഴും, താനൂരും കൈവിടും; മലപ്പുറത്ത് ഇടതുമുന്നണിക്ക് ആശങ്ക
മലപ്പുറം ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തലുകൾ പുറത്തുവരുമ്പോൾ ഇടത് ക്യാമ്പുകൾക്ക് അത്ര പ്രതീക്ഷയ്ക്ക് വകയില്ല. മന്ത്രി വി. അബ്ദുറഹിമാൻ തിരൂരിൽ പരാജയപ്പെട്ടേക്കുമെന്നാണ് പാർട്ടി ഇപ്പോൾ വിലയിരുത്തുന്നത്. അതിശക്തമായ പോരാട്ടം നടന്നുവെങ്കിലും മണ്ഡലത്തിൽ വിജയം ഉറപ്പില്ലെന്നും, ഒരുപക്ഷേ യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്. ഇതിന് പുറമെ, താനൂരും ഇത്തവണ സിപിഎമ്മിനെ കൈവിടുമെന്നാണ് വിലയിരുത്തൽ. നേരത്തെ അബ്ദുറഹിമാൻ രണ്ടുതവണ മത്സരിച്ച മണ്ഡലമാണ് താനൂർ.
2021ൽമലപ്പുറത്ത് നാല് സീറ്റുകളിൽ മാത്രമായിരുന്നു എൽഡിഎഫിന് ജയിക്കാൻ സാധിച്ചത്. ബാക്കി 12 മണ്ഡലങ്ങളും യുഡിഎഫിനൊപ്പമായിരുന്നു. ജില്ലയിൽ ഇത്തവണ എൽഡിഎഫിന്റെ സാന്നിധ്യം നിലവിൽ രണ്ട് സീറ്റുകളിലേക്ക് ചുരുങ്ങാനാണ് സാധ്യതയെന്നാണ് അവലോകന റിപ്പോർട്ടുകൾ പറയുന്നത്. തവനൂരും പൊന്നാനിയും നിലനിർത്താൻ കഴിയുമെന്ന നേരിയ ആശ്വാസത്തിലാണ് സിപിഎം നേതൃത്വം. തവനൂരിൽ 3,000 മുതൽ 5,000 വരെ വോട്ടിന്റെ ഭൂരിപക്ഷമാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷം ഉണ്ടായിരുന്ന പൊന്നാനിയിൽ ഇത്തവണ അത് 5,000-ത്തിനും 7,000-ത്തിനും ഇടയിലായി കുറയാൻ സാധ്യതയുണ്ടെന്നും പാർട്ടി നിരീക്ഷിക്കുന്നു. വേങ്ങര മണ്ഡലത്തിൽ ഇത്തവണ അതിശക്തമായ പോരാട്ടം കാഴ്ചവെക്കാൻ സാധിച്ചുവെന്നും കെ.എം. ഷാജിയുടെ ഭൂരിപക്ഷം വലിയ തോതിൽ കുറയ്ക്കാൻ കഴിയുമെന്നുമാണ് സിപിഎം വിലയിരുത്തുന്നത്.
പീരുമേട്ടിൽ വീഴുമോ 'ഇടത്' കോട്ട? ഇടുക്കിയിൽ സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തൽ പുറത്ത്
ഇടുക്കി ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് നടത്തിയ പ്രാഥമിക വിലയിരുത്തലിൽ എൽഡിഎഫിന് ആശങ്കയും ആത്മവിശ്വാസവും ഒരുപോലെ നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ തവണ എൽഡിഎഫിനൊപ്പം നിന്ന പീരുമേട് നിയമസഭാ മണ്ഡലം ഇത്തവണ നഷ്ടമായേക്കുമെന്നാണ് പാർട്ടി പ്രധാനമായും വിലയിരുത്തുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസിന് അനുകൂലമായുണ്ടായ സഹതാപ തരംഗം എൽഡിഎഫിന് തിരിച്ചടിയായേക്കാം. കഴിഞ്ഞ രണ്ട് തവണയും ചെറിയ വോട്ടുകൾക്ക് പരാജയപ്പെട്ട സിറിയക് തോമസിനോടുള്ള വോട്ടർമാരുടെ മനോഭാവം ഇത്തവണ സിപിഐ സ്ഥാനാർഥി കെ. സലീം കുമാറിന് വെല്ലുവിളിയാകുമെന്നാണ് പാർട്ടിയുടെ നിഗമനം.
അതേസമയം, ഉടുമ്പഞ്ചോലയിലും ഇടുക്കിയിലും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ജില്ലാ നേതൃത്വം. ഉടുമ്പഞ്ചോലയിൽ വലിയ ഭൂരിപക്ഷത്തോടെ സിപിഎം സ്ഥാനാർഥി കെ.കെ. ജയചന്ദ്രൻ വിജയിക്കുമെന്ന് പാർട്ടി കണക്കാക്കുന്നു. കഴിഞ്ഞ 25 വർഷമായി ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കുന്ന ഈ മണ്ഡലം ഇത്തവണയും കൈവിടില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ എം.എം. മണി 38,000 വോട്ടുകൾക്ക് വിജയിച്ച ഈ മണ്ഡലത്തിൽ ഇത്തവണയും മികച്ച വിജയം നേടാൻ കഴിയുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു.
ദേവികുളം മണ്ഡലത്തിൽ ഇത്തവണ അതിശക്തമായ മത്സരമാണ് നടന്നതെന്നാണ് സിപിഎം വിലയിരുത്തുന്നത്. ഇടുക്കി ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഇവിടെ ഫലം പ്രവചനാതീതമാണെങ്കിലും വിജയസാധ്യത പാർട്ടി തള്ളിക്കളയുന്നില്ല. ഇടുക്കിയിൽ അഞ്ച് മണ്ഡലങ്ങളിൽ തൊടുപുഴ ഒഴികെ നാല് മണ്ഡലങ്ങളിലും തിളക്കമാർന്ന വിജയം നേടിയ എൽഡിഎഫാണ് ഇത്തവണ ആശങ്കയുടെ മുൾമുനയിൽ നിൽക്കുന്നത്.
എറണാകുളം ചുവക്കുമോ? ആറ് സീറ്റുകളിൽ വിജയം ഉറപ്പിച്ച് സിപിഎം; തൃപ്പൂണിത്തുറ തിരിച്ചുപിടിക്കുമെന്ന് അവകാശവാദം
എറണാകുളത്ത് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് നടത്തിയ അവലോകന യോഗത്തിൽ ജില്ലയിൽ ആറ് സീറ്റുകൾ വരെ നേടാനാകുമെന്ന് പാർട്ടി വിലയിരുത്തി. കഴിഞ്ഞ തവണ അഞ്ച് സീറ്റുകൾ ലഭിച്ച ജില്ലയിൽ ഇത്തവണ ഒരു സീറ്റ് അധികമായി നേടാനാവുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. 14 മണ്ഡലങ്ങളുള്ള ജില്ലയിൽ ആറിടത്ത് വിജയം ഉറപ്പാണെന്ന ശുഭപ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.
സിറ്റിങ് സീറ്റുകളായ കൊച്ചി, വൈപ്പിൻ, കുന്നത്തുനാട്, കളമശ്ശേരി, കോതമംഗലം എന്നീ അഞ്ച് മണ്ഡലങ്ങളും ഇത്തവണ നിലനിർത്താൻ സാധിക്കുമെന്ന് പാർട്ടി അവകാശപ്പെടുന്നു. ഇതിനുപുറമെ, മുൻപ് പാർട്ടിയുടെ പക്കലുണ്ടായിരുന്ന തൃപ്പൂണിത്തുറ മണ്ഡലം ഇത്തവണ അധികമായി നേടാനാകുമെന്നതാണ് ജില്ലാ സെക്രട്ടറിയറ്റിന്റെ പ്രധാന വിലയിരുത്തൽ. തൃപ്പൂണിത്തുറ കൂടി ലഭിക്കുന്നതോടെ ജില്ലയിൽ എൽഡിഎഫിന്റെ കരുത്ത് വർദ്ധിക്കുമെന്നും പാർട്ടി വിശ്വസിക്കുന്നു.
കോതമംഗലത്തും കുന്നത്തുനാട്ടിലും അതിശക്തമായ മത്സരം നടന്നുവെങ്കിലും അവിടെ വിജയിച്ചു വരാൻ കഴിയുമെന്ന് തന്നെയാണ് പാർട്ടി വിലയിരുത്തുന്നത്. ആലുവ, തൃക്കാക്കര തുടങ്ങിയ മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ടെന്നും അവിടെ വോട്ട് വിഹിതത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു. നിലവിലെ അഞ്ച് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം തൃപ്പൂണിത്തുറ കൂടി പിടിച്ചെടുക്കുന്നതോടെ ജില്ലയിലെ രാഷ്ട്രീയ സാഹചര്യം മെച്ചപ്പെടുത്താനാകുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കുന്നത്.
കൊല്ലം വീണ്ടും ചുവക്കുമോ? 9 സീറ്റുകൾ വരെ നേടുമെന്ന് സിപിഎം; അഞ്ച് മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം
കൊല്ലം ജില്ലയിൽ ഇത്തവണ ആറ് മുതൽ ഒൻപത് സീറ്റുകൾ വരെ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തുന്നു. ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത് എങ്കിലും, സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുന്നില്ലെങ്കിൽ മികച്ച വിജയം കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി. ഒൻപത് സീറ്റുകൾ ലഭിക്കുകയാണെങ്കിൽ കഴിഞ്ഞ തവണത്തേതിന് സമാനമായ മുന്നേറ്റം ജില്ലയിൽ നടത്താൻ എൽഡിഎഫിന് സാധിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
കൊല്ലത്ത് ആകെ 11 സീറ്റുകളിൽ 9 മണ്ഡലങ്ങളും കഴിഞ്ഞ തവണ ഇടതുമുന്നണിക്ക് ഒപ്പമായിരുന്നു. കുണ്ടറയും കരുനാഗപ്പള്ളിയും മാത്രമാണ് യുഡിഎഫിന് ഒപ്പം നിന്നത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് ഇത്തവണ പ്രവചനാതീതമായ പോരാട്ടം നടക്കുന്നത്. കൊല്ലം, ചവറ, കുന്നത്തൂർ, കുണ്ടറ, പത്തനാപുരം എന്നീ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമായിരിക്കും. പത്തനാപുരത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരിടുന്ന ശക്തമായ മത്സരങ്ങൾ ജില്ലാ നേതൃത്വം പ്രത്യേകം ചർച്ച ചെയ്തു. കുന്നത്തൂരിൽ വർഷങ്ങളായി എംഎൽഎ ആയിരിക്കുന്ന കോവൂർ കുഞ്ഞുമോനും, കുണ്ടറയിൽ യുഡിഎഫിന്റെ പി.സി. വിഷ്ണുനാഥിനെ നേരിടുന്ന എൽഡിഎഫ് സ്ഥാനാർത്ഥി എസ്.എൻ. സജീകുമാറും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന കരുനാഗപ്പള്ളിയും കുണ്ടറയും ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും സിപിഎമ്മിനുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയില്ലെങ്കിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പോലും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിയുമെന്ന് പാർട്ടി വിലയിരുത്തുന്നു.
തൃക്കരിപ്പൂരിൽ 'ന്യൂനപക്ഷ ഏകീകരണം'; ഉദുമയിൽ ആശങ്ക: കാസർകോട്ടെ കോട്ടകളിൽ വിള്ളലോ?
കാസർകോട് ജില്ലയിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളിൽ ഇത്തവണ കടുത്ത മത്സരം നടന്നുവെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. തൃക്കരിപ്പൂർ മണ്ഡലത്തിൽ ന്യൂനപക്ഷ ഏകീകരണം ഉണ്ടായതായും അവിടെ 4,900 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും മണ്ഡലം കമ്മിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഉദുമയിൽ 1,500 വോട്ടുകൾക്ക് പിന്നിലാണെന്ന റിപ്പോർട്ടുകൾ പാർട്ടിക്ക് നേരിയ ആശങ്ക നൽകുന്നു.
2021ൽ കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ മൂന്നിലും എൽഡിഎഫിനായിരുന്നു വിജയം. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങൾ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. അതേസമയം, കാസർകോട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഷാനവാസ് പാതൂർ 40,000-ത്തിലധികം വോട്ടുകൾ നേടുമെന്നും മഞ്ചേശ്വരത്തെ പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടാകില്ലെന്നും വിലയിരുത്തുന്നതിലൂടെ ജില്ലയിലെ സ്വാധീനം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.
Content Highlights: Kerala Assembly election trends. CPM internal reports, seat-by-seat analysis, and potential outcomes.