നഷ്ടപ്പെട്ടത് 120 കോടിയല്ല? 46 കോടി സ്പോൺസർക്ക് തിരിച്ചു കിട്ടിയോ? അന്വേഷണത്തിന് ധനകാര്യവകുപ്പും

#ന്യൂസ് ഡെസ്ക്
ആന്റോ അഗസ്റ്റിൻ, മെസ്സി | Photo: @facebook/Anto Augustine, PTI
ആന്റോ അഗസ്റ്റിൻ, മെസ്സി | Photo: @facebook/Anto Augustine, PTI

തിരുവനനന്തപുരം: മെസ്സിയേയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. ധനകാര്യ വകുപ്പിന്റെ പ്രത്യേക പരിശോധനകൾക്ക് ശേഷമായിരിക്കും തീരുമാനം. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഉണ്ട്. അതേസമയം ആദ്യ കരാർ പ്രകാരം എഎഫ്എയ്ക്ക് നൽകിയ 46 കോടി രൂപ തിരിച്ചു കിട്ടിയോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

ധനവകുപ്പിന്റെ പരിശോധന പൂർത്തിയായാൽ വിശദാന്വേഷണത്തിന് സർക്കാർ ഒരുങ്ങിയേക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ശേഷമായിരിക്കും വിപുലമായ അന്വേഷണം നടക്കുക. ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

120 കോടിയിലേറെ അർജന്റീനൻ ഫുട്ബോൾ അസോസിയേഷന് നൽകിയെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ സ്പോൺസർ വ്യക്തമാക്കുന്നത്. ഇത് തങ്ങളുടെ നഷ്ടമാണെന്നായിരുന്നു സ്പോൺസർ വ്യക്തമാക്കിയത്. എന്നാൽ ഇത്തരത്തിൽ പണം നൽകിയിട്ടുണ്ടെങ്കിൽ അത് പൂർണ്ണമായും നഷ്ടപ്പെട്ടോ? അതോ അതിൽ നിന്ന് കുറച്ചെങ്കിലും തിരിച്ചു കിട്ടിയോ എന്ന സംശയവും ഉയരുന്നുണ്ട്.

ആദ്യത്തെ കരാർ പ്രകാരം. 75 കോടി രൂപയോളം സ്പോൺസർ എഎഫ്എയ്ക്ക് നൽകിയിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിന് ശേഷം കരാർ റദ്ദായി. തുടർന്ന് തർക്കപരിഹാരം നടക്കുന്നു. അതിന് ശേഷമാണ് അനുബന്ധ കരാർ രൂപപപ്പെടുന്നത്. ഇതിൽ പറഞ്ഞിരുന്നത്, 46 കോടി രൂപ സ്പോൺസർ അടക്കണമെന്നായിരുന്നു. ഇതിനൊരു ദിവസപരിധിയും നിശ്ചയിച്ചിരുന്നു. എന്നാൽ ഈ പണം ലഭിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി എഎഫ്ഐയുടെ ഇമെയിൽ മന്ത്രിക്കും സ്പോൺസർക്കും ലഭിച്ചു. പണം അയച്ചതിന്റെ ട്രാൻസ്ഫർ രേഖകളടക്കം വെച്ച് തിരികെ മെയിൽ അയച്ചു. എന്നാൽ പണം കിട്ടിയിട്ടില്ലെന്നും അനുബന്ധ കരാർ റദ്ദാക്കുകയാണെന്നും പറഞ്ഞ് എഎഫ്ഐ വീണ്ടും മെയിൽ അയക്കുകയായിരുന്നു. ഈ സമയത്താണ് അന്നത്തെ മന്ത്രിയായിരുന്ന വി. അബ്ദുറഹിമാൻ എഎഫ്എയുടെ നിലപാടിനോട് അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട് ഇ മെയിൽ അയക്കുന്നത്. ഇതിന് പിന്നാലെ വീണ്ടും ഒരു അനുബന്ധ കരാർ രൂപപ്പെട്ടു.

സ്പോൺസർ നൽകിയ 46 കോടി രൂപ അനുബന്ധ കരാർ നിലവിൽ വന്ന് ഏഴ് ദിവസത്തിനകം സ്പോൺസർക്ക് തിരിച്ചു നൽകുമെന്ന് കരാറിൽ വ്യക്തമാക്കിയിരുന്നു. അർജന്റീന ടീം കേരളത്തിൽ വന്ന് മത്സരം തീരുമാനിച്ച ശേഷം തിരിച്ചു തന്നാൽ മതി എന്നാണ് ഇതിൽ വ്യക്തമാക്കിയിരുന്നു. കരാർ പ്രകാരം ഏഴ് ദിവസത്തിന് ശേഷം 46 കോടി രൂപ സ്പോൺസറുടെ എറണാകുളത്തെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തേണ്ടതാണ്. എന്നാൽ ഇത് തിരികെ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സ്പോൺസർ വ്യക്തമാക്കിയിട്ടില്ല.

നിലവിൽ 120 കോടി രൂപ നഷ്ടപ്പെട്ടുവെന്നാണ് സ്പോൺസർ പറയുന്നത്. എന്നാൽ ഇതിൽ നിന്ന് 46 കോടി രൂപ കരാർ പ്രകാരം അക്കൗണ്ടിലേക്ക് തിരിച്ച് എത്തേണ്ടതാണ്. ഇക്കാര്യത്തിൽ സ്പോൺസർ ഇതുവരെ ഒരു വ്യക്തത വരുത്തിയിട്ടില്ല.

Content Highlights: Chief Minister of Kerala will decide on the detailed financial probe., Finance department is conducting a special review of the sports department's report., Uncertainty remains over the refund of 46 crore rupees paid to AFA., Sponsor claims a total loss of over 120 crore rupees.