ആധാര്‍ സേവനം;മുഖം വ്യക്തമാകുന്നില്ല, ശിരോവസ്ത്രം ധരിച്ച ഫോട്ടോയ്ക്ക് വിലക്ക്

#രാജേഷ് രവീന്ദ്രന്‍
പ്രതീകാത്മക ചിത്രം| ഫോട്ടോ: mathrubhumi archive
പ്രതീകാത്മക ചിത്രം| ഫോട്ടോ: mathrubhumi archive

ആലപ്പുഴ: ആധാര്‍ സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്നവരുടെ ഫോട്ടോയെടുക്കുമ്പോള്‍ ശിരോവസ്ത്രം പാടില്ലെന്ന് അക്ഷയ സംരംഭകര്‍ക്കു നിര്‍ദേശം. ഫോട്ടോയില്‍ മുഖം വ്യക്തമാകാത്തതിനാല്‍ ഒട്ടേറെ അപേക്ഷകള്‍ നിരസിക്കുന്ന സാഹചര്യത്തിലാണിത്. നിര്‍ദേശം ലംഘിച്ചാല്‍ ആധാര്‍ ഓപ്പറേറ്റര്‍ക്ക് ഒരുവര്‍ഷം സസ്‌പെന്‍ഷനും പിഴയും ശിക്ഷ ലഭിക്കും. ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) സംസ്ഥാന അധികൃതര്‍ നല്‍കിയ നിര്‍ദേശം അക്ഷയ പ്രോജക്ട് അധികൃതരാണ് സംരംഭകര്‍ക്കു കൈമാറിയത്.

ശിരോവസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ ഫോട്ടോയെടുക്കുമ്പോള്‍ മുഖം മുഴുവന്‍ വ്യക്തമായാല്‍ മതിയെന്നും തലമറഞ്ഞിരിക്കാമെന്നുമായിരുന്നു ആധാര്‍ അതോറിറ്റിയുടെ വ്യവസ്ഥ. മത-പരമ്പരാഗത ആചാരങ്ങളുമായി ബന്ധപ്പെട്ട തലപ്പാവ്, തൊപ്പി എന്നിവ ഫോട്ടോയ്ക്ക് അനുവദനീയമാണെന്നു വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ഫോട്ടോയെടുത്തുനല്‍കിയ അപേക്ഷകള്‍ കൂടുതലായി നിരസിക്കപ്പെട്ടു.

മുഖത്തിനുപുറമേ ചെവിയും നെറ്റിയും കാണത്തക്കവിധം ഫോട്ടോയെടുക്കാന്‍ പിന്നീട് പരിശീലനം നല്‍കി. എന്നിട്ടും നിരസിക്കപ്പെടുന്ന അപേക്ഷകള്‍ക്ക് കാര്യമായ കുറവുവന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശമെന്നാണു വിവരം. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുതടയാനാണ് മുഖം വ്യക്തമാകാത്ത ഫോട്ടോയുള്ള അപേക്ഷ നിരസിക്കുന്നത്.

അപേക്ഷ നല്‍കാനെത്തുന്ന സ്ത്രീകളോട് ശിരോവസ്ത്രം മാറ്റാന്‍ എങ്ങനെ പറയാനാകുമെന്നാണ് അക്ഷയ സംരംഭകരുടെ ചോദ്യം. ഇക്കാര്യം അവര്‍ അക്ഷയ പ്രോജക്ട് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താമെന്നാണ് അവര്‍ അറിയിച്ചത്. പുതിയ നിര്‍ദേശം രേഖാമൂലം സര്‍ക്കുലറായി ഇറക്കാതെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലൂടെ മാത്രം നല്‍കിയതിലും അക്ഷയ സംരംഭകര്‍ക്ക് എതിര്‍പ്പുണ്ട്.

Content Highlights: Kerala Aadhaar Photo Guidelines: No Headscarves