'അമ്മ പേടിക്കേണ്ട...ഒന്നര മണിക്കൂർ കൊണ്ട് ഹോട്ടലിലെത്തും,ഞങ്ങൾ സുരക്ഷിതരാണ്'; ആശ്വാസവാക്ക് കണ്ണീരായി

അപകടവിവരമറിഞ്ഞ് മണ്ണൂരിലെ വീട്ടിൽ നാട്ടുകാർ കൂടിയപ്പോൾ, ജോയലും റിയയും മക്കളായ ട്രാവിസിനുംടൈറയ്ക്കുമൊപ്പം (ഫയൽ ചിത്രം)
അപകടവിവരമറിഞ്ഞ് മണ്ണൂരിലെ വീട്ടിൽ നാട്ടുകാർ കൂടിയപ്പോൾ, ജോയലും റിയയും മക്കളായ ട്രാവിസിനുംടൈറയ്ക്കുമൊപ്പം (ഫയൽ ചിത്രം)

മണ്ണൂർ: 'അമ്മ പേടിക്കേണ്ട. ഒന്നര മണിക്കൂർ കൊണ്ട് ഹോട്ടലിലെത്തും. ഞങ്ങൾ സുരക്ഷിതരാണ്'. വിനോദയാത്ര പോയ മകളെ കുറിച്ച് ആകുലപ്പെട്ട അമ്മ ശാന്തിയെ റിയ ഫോണിൽ ആശ്വസിപ്പിച്ചു. ആ ആശ്വാസത്തിന് വെറും മൂന്ന് മണിക്കൂറിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. കെനിയയിലെ അപകടത്തിൽ റിയയും മകൾ ടൈറയും മരിച്ചെന്ന വിവരമറിഞ്ഞതോടെ മണ്ണൂർ കാഞ്ഞിരംപാറയിലെ റിഷി വില്ല സങ്കടക്കടലായി. മുൻ പ്രവാസിയായ പുത്തൻപുരയിൽ രാധാകൃഷ്ണന്റെയും ശാന്തിയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളാണ് റിയ. ദുബായിൽത്തന്നെ ജോലിചെയ്യുന്ന ഷിയയാണ് ഇരട്ട സഹോദരി. ഇളയ സഹോദരൻ റിഷിയും ദുബായിലാണ് ജോലിചെയ്യുന്നത്.

യാത്ര അവധി ആഘോഷിക്കാൻ

ഖത്തറിൽ താമസിക്കുന്ന റിയയുടെ കുടുംബം കഴിഞ്ഞ അഞ്ചിനാണ് കെനിയയിലേക്ക് വിനോദയാത്രാ പോയത്. റിയ ഖത്തറിലെ എയർപോർട്ട് മെയിൻറനൻസ് കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. ഭർത്താവ് ജോയൽ ഖത്തറിലെ ട്രാവൽ കമ്പനിയിലാണ് ജോലിചെയ്യുന്നത്. ഖത്തറിൽ പെരുന്നാൾ പ്രമാണിച്ച് അഞ്ചുദിവസം അവധിയായിരുന്നു. അവധി ആഘോഷിക്കാനാണ് ജോയലിന്റെ കമ്പനി നേതൃത്വം നൽകുന്ന വിനോദയാത്ര സംഘത്തിനൊപ്പം ഇവരും യാത്രപോയത്. ചൊവ്വാഴ്ച ഖത്തറിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. ആറുവർഷമായി റിയയും കുടുംബവും ഖത്തറിലാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് ബസിൽ സഞ്ചരിക്കുമ്പോഴാന്ന് റിയ അമ്മ ശാന്തിയെ അവസാനമായി വിളിച്ചത്. ആഫ്രിക്കയിലെ സാഹചര്യങ്ങളെക്കുറിച്ച് ശാന്തിക്ക് ആകുലതകളുണ്ടാക്കിയിരുന്നു. ഇത് മനസിലാക്കിയാണ് റിയ അമ്മയെ ആശ്വസിപ്പിച്ചത്. ചൊവ്വാഴ്ച ഖത്തറിൽ തിരിച്ചെത്തുമെന്നും പറഞ്ഞു. ആറുമണിക്കായിരുന്നു അപകടം.

ആധിയുടെ രാത്രി

'ഹലോ അങ്കിൾ' തിങ്കളാഴ്ച വൈകീട്ട് മകളുടെ ഭർത്താവ് ജോയലിനെ ഫോണിൽ ലഭിച്ചെങ്കിലും രാധാകൃഷ്ണന് ഇത്രമാത്രമേ കേൾക്കാനായുള്ളു. ഫോണിൽ കിട്ടാതായതോടെ ആധി വർധിച്ചു. ഒടുവിൽ ഗൾഫിലെ സുഹൃത്തുക്കൾ മുഖാന്തരം ബന്ധപ്പെട്ടപ്പോഴാണ് അപകടം നടന്നുവെന്ന സൂചന ലഭിച്ചത്. ഇതോടെ പല വഴിക്ക് ശ്രമം നടത്തിയെങ്കിലും കൃത്യമായ വിവരം കിട്ടിയില്ല. ആരൊക്കെയോ മരിച്ചുവെന്ന വിവരം കിട്ടിയതോടെ ആശങ്കയേറി. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടത്തിന്റെ കൃത്യമായ വിവരം ലഭിച്ചത്.

ഒന്നര വർഷം മുമ്പാണ് ഇവർ അവസാനം നാട്ടിലെത്തിയത്. പേരക്കുട്ടികളായ ട്രാവിസും ടെറയും ഈ മാസം 28-നും റിയയും ജോയലും അടുത്ത മാസം 24-നും നാട്ടിൽ വരാനിരിക്കെയാണ് അപകടം. ദുബായിയിൽ മെക്കാനിക്കൽ എൻജിനീയറായ മകൻ റിഷി കെനിയയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്ന നടപടികളിൽ വ്യക്തതയായിട്ടില്ലെന്നും ജനപ്രതിനിധികൾ ഇടപെട്ടിട്ടുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.

ഷിയയ്‌ക്ക്‌ കൂട്ടിന് ഇനി റിയയില്ല

മണ്ണൂർ: ഭൂമിയിലേക്ക് പിറന്നുവീണതുമുതൽ ഒരുമിച്ച് വളർന്നവർ. ഷിയയ്ക്ക് ഇനി അങ്ങനെ ഒരു കൂട്ടില്ല. 41 വർഷം തനിക്കൊപ്പമുണ്ടായിരുന്ന ഇരട്ടസഹോദരി റിയ തന്നെ വിട്ടുപിരിഞ്ഞെന്ന വിവരം വിശ്വസിക്കാൻ ഇപ്പോഴും ഷിയയ്ക്ക് ആയിട്ടുണ്ടാവില്ല.

മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുരയിൽ റിഷിവില്ലയിൽ രാധാകൃഷ്ണനും ശാന്തിക്കും ആദ്യമുണ്ടായ ഇരട്ടക്കുട്ടികളാണ് റിയയും ഷിയയും. ഒരുമിച്ച് പഠിച്ചുവളർന്ന ഇവർ ഗൾഫിലാണ് കുടുംബമായി താമസിക്കുന്നത്. റിയ ഖത്തറിൽ എയർപോർട്ട് മെയിൻറനൻസ് കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. ഷിയ ദുബായിലാണ് ജോലി ചെയ്യുകയും താമസിക്കയും ചെയ്യുന്നത്. സഹോദരൻ റിഷിയും ദുബായിലാണ്. അച്ഛൻ രാധാകൃഷ്ണൻ കോവിഡ് കാലത്താണ് ഗൾഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയത്.

Content Highlights: kenya bus crash malayali deaths