മൂന്നാമതും പിണറായിയെന്ന്പറയാൻ സിപിഎമ്മുകാർക്ക് നാണക്കേട് – കെ.സി. വേണുഗോപാൽ

സുൽത്താൻബത്തേരി: കേരളത്തിൽ മൂന്നാം പിണറായിഭരണത്തെക്കുറിച്ച് പറയാൻ ഇപ്പോൾ സിപിഎം പ്രവർത്തകർക്കുതന്നെ നാണമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളജനത ഇതിനെ എങ്ങനെ കാണുന്നുവെന്നത് തദ്ദേശതിരഞ്ഞെടുപ്പിൽ തെളിഞ്ഞുവെന്ന് വേണുഗോപാൽ പറഞ്ഞു. ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരമില്ലാഞ്ഞിട്ടും വലിയ ജനപിന്തുണ കോൺഗ്രസിനും മുന്നണിക്കും ലഭിച്ചു. തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയനേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
തൊഴിലുറപ്പുപദ്ധതിയുടെ അന്തസ്സത്ത നരേന്ദ്രമോദിസർക്കാർ തകർത്തു. ഗാന്ധിജിയുടെ പേരൊഴിവാക്കുക എന്ന മഹാപാതകമാണ് ചെയ്തത്. കൂലിയിനത്തിലെ കേന്ദ്രവിഹിതം 60 ശതമാനമാക്കിയതോടെ കേരളംപോലും 2000 കോടി രൂപ അധികം കണ്ടെത്തേണ്ടിവരും.പിഎംശ്രീ, ലേബർ കോഡ്, ദേശീയപാത തകർച്ച എന്നിവയിൽ ബിജെപിയുമായിട്ടുള്ള സിപിഎമ്മിന്റെ അവിഹിത കൂട്ടുകെട്ട് വ്യക്തമാണ്. അഴിമതിയെ ഇരുകൂട്ടരും ന്യായീകരിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
Content Highlights: KC Venugopal Criticizes Third Pinarayi Rule: CPM Faces Public Shame, Congress Sees Local Election Victory