ആന്റണിയുടെ ഉറപ്പ്, ‘കെ.സി. മണ്ഡലം ഇട്ടിട്ടുപോകില്ല’; പിന്നീട് നടന്നത്!

കോട്ടയം: എട്ട് തിരഞ്ഞെടുപ്പിൽ ജയം. 39 വർഷം ഇരിക്കൂറിൽനിന്ന് എം.എൽ.എ.യായ കോട്ടയത്തുകാരൻ. മണ്ഡലത്തിൽ താമസിക്കാതെ ഇത്രയുംകാലം ജനപ്രതിനിധിയായ മറ്റ് നേതാക്കളുണ്ടാകില്ല. കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയംഗം കെ.സി. ജോസഫ് ഇത്തവണ യു.ഡി.എഫ്. സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിരക്കിലാണ്. 1982-ൽ ഇരിക്കൂറിലെത്തിയ കെ.സി. 2021 വരെ അവിടെ എം.എൽ.എ.യായി തുടർന്നു.
‘‘ഒട്ടും പ്രതീക്ഷിക്കാത്ത ഒരു യാത്രയായിരുന്നു ഇരിക്കൂറിലേക്ക്. എം.എൽ.എ.യായി പിന്നീട് അവിടെ തുടരുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചതല്ല’’ -ആദ്യമത്സരത്തിന് ഇരിക്കൂറിലേക്ക് വണ്ടികയറിയതിനെക്കുറിച്ച് കെ.സി.യുടെ വാക്കുകൾ. കോട്ടയം ഡി.സി.സി. പ്രസിഡന്റായിരുന്നപ്പോഴും അദ്ദേഹം ഇരിക്കൂറിൽ എം.എൽ.എ.യായിരുന്നു.
ആന്റണിയുടെ ഉറപ്പ്
‘‘1980 കാലത്ത് യൂത്ത് കോൺഗ്രസ് എസ്. സംസ്ഥാന പ്രസിഡന്റായിരുന്നു. ആന്റണി വിഭാഗത്തിനൊപ്പമായിരുന്നു ഞാനും ഉമ്മൻ ചാണ്ടിയുമൊക്കെ. 82-ൽ ആന്റണി, നായനാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. എന്നാൽ, ദേശീയനേതാവായിരുന്ന ശരദ് പവാർ ഇൗ തീരുമാനം അംഗീകരിച്ചില്ല. അതോടെ ആന്റണിയുെട നേതൃത്വത്തിൽ കോൺഗ്രസ്-എ. വിഭാഗം രൂപംകൊണ്ടു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിലാണ് എനിക്ക് മത്സരിക്കാനുള്ള നറുക്ക് വീണത്. അന്ന് വയസ്സ് 36.
കോട്ടയം ജില്ലയിൽ മിക്ക സീറ്റുകളും ഐ. വിഭാഗവും കേരള കോൺഗ്രസും പങ്കിെട്ടടുത്തു. അങ്ങനെയാണ് ഇരിക്കൂറിലേക്കുള്ള നിയോഗം. അവിടെ പ്രാദേശികമായി ചില എതിർപ്പുകളുമുണ്ടായിരുന്നു. മുൻഗാമിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി മണ്ഡലം വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെന്നായിരുന്നു ആക്ഷേപം. ഞാനാണെങ്കിൽ കോട്ടയംകാരനും. എന്നാൽ, പ്രചാരണത്തിന് എ.കെ. ആന്റണി നേരിട്ടെത്തി. ‘‘ഞാൻ ഉറപ്പുതരുന്നു: കെ.സി. ജയിച്ചാൽ മണ്ഡലത്തോട് ആത്മാർഥത കാണിക്കും. ഇട്ടിട്ടുപോകില്ല’’-ഇതായിരുന്നു ആന്റണിയുടെ വാക്ക്. ആ വാക്കുകൾ അച്ചട്ടായി. പിന്നീട് ഇരിക്കൂർ വിട്ട് എങ്ങും പോകേണ്ടിവന്നില്ല.’’
ഇരിക്കൂർ ഒട്ടും പരിചയമുള്ള സ്ഥലമായിരുന്നില്ല. പ്രചാരണത്തിന് ജീപ്പിലാണ് പോകുന്നത്. ഉള്ളിലേക്കൊന്നും ടാറിട്ട വഴികളില്ല. പൊടിശല്യമുണ്ട്. കോട്ടയം, പാലാ പ്രദേശങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരാണ് മണ്ഡലത്തിലധികവും. ആദ്യമത്സരത്തിൽ രണ്ടിലയായിരുന്നു ചിഹ്നം. ജനതാ പാർട്ടിയുടെ എസ്.കെ. മാധവനായിരുന്നു എതിർസ്ഥാനാർഥി. 9000-ത്തോളം വോട്ടിനായിരുന്നു ജയം. 87-ലെ മത്സരം കുറച്ചുകൂടി കടുപ്പമായിരുന്നു. അന്ന് കോൺഗ്രസിന് ഒരു റിബലുണ്ടായിരുന്നു. ക്‌നാനായ വിഭാഗത്തിൽനിന്നായിരുന്നു റിബൽ സ്ഥാനാർഥി. മൂന്നു പഞ്ചായത്തിൽ അവർക്ക് സ്വാധീനമുണ്ട്. ജെയിംസ് മാത്യുവായിരുന്നു എതിർസ്ഥാനാർഥി. അന്ന് കോട്ടയത്തുനിന്ന് ക്‌നാനായ വിഭാഗത്തിൽപ്പെട്ട ബാബു ചാഴികാടൻ, പിന്നീട് സുപ്രിംകോടതി ജഡ്ജിയായ സിറിയക് ജോസഫ് (അന്ന് അദ്ദേഹം അഭിഭാഷകനായിരുന്നു) എന്നിവർ എനിക്കായി പ്രചാരണത്തിെനത്തിയിരുന്നു.
മലയോര ഹൈവേ
2011-ൽ മന്ത്രിയായ അഞ്ചുകൊല്ലം മണ്ഡലത്തിൽ ഒട്ടേറെ വികസനമെത്തിച്ചു. കേരളത്തിലാദ്യമായി മലയോരഹൈവേ യാഥാർഥ്യമാക്കിയത് അഭിമാനമാണ്. ഇരിട്ടിയിൽനിന്ന് ചെറുപുഴവരെ 52 കിലോമീറ്ററുള്ള ഹൈവേയാണ്. 242 കോടി രൂപയുടെ പദ്ധതി. മലയോരവികസന അതോറിറ്റിക്ക് രൂപംനൽകി വികസനപ്രവർത്തനങ്ങൾ നടപ്പാക്കി. മണ്ഡലത്തിൽ മികച്ച റോഡുകളുണ്ടായി. ശ്രീകണ്ഠാപുരത്ത് ആധുനികസൗകര്യങ്ങളോടെ മിൽമയുടെ ചില്ലിങ് പ്ലാന്റ് സ്ഥാപിച്ചു.
ബൂത്തിലിരിക്കാൻ ആളില്ല
കണ്ണൂർ ജില്ല അന്നൊക്കെ സംഘർഷഭരിതമായിരുന്നു. താരതമ്യേന പ്രശ്നങ്ങൾ കുറഞ്ഞ സ്ഥലമായിരുന്നു ഇരിക്കൂർ. എന്നാലും മലപ്പട്ടം, പടിയൂർ കല്യാട് എന്നീ പഞ്ചായത്തുകളിൽ പ്രശ്നങ്ങൾ പതിവായിരുന്നു. സി.പി.എമ്മിന്റെ കോട്ടയായിരുന്ന മലപ്പട്ടത്ത് എതിരാളികൾക്ക് പ്രവർത്തനസ്വാതന്ത്ര്യമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പുകാലത്ത് ബൂത്തിലിരിക്കാൻ സമ്മതിക്കില്ല. 1987-ലെ തിരഞ്ഞെടുപ്പിൽ ഏജന്റുമാരെ നിശ്ചയിച്ച് വാഹനത്തിലെത്തിച്ചു. പോളിങ് കഴിയുന്നതുവരെ ബൂത്തിലുണ്ടാകണമെന്ന് നിർദേശവും നൽകി. രണ്ടുമണിക്കൂർ കഴിഞ്ഞ് ചെന്നപ്പോൾ ഒരു ബൂത്തിലും ആളില്ല. ആകെ എട്ട് ബൂേത്തയുള്ളൂ. ‘‘ജനലിനുപുറത്തുനിന്ന് കമ്പിട്ട് കുത്തും, ഇരിക്കാൻപറ്റില്ല സാറേ’’ -ഇതായിരുന്നു അവരുടെ മറുപടി.
ഉമ്മൻ ചാണ്ടി എന്ന‘ഷോക്ക് അബ്‌സോർബർ’
എല്ലാ തിരഞ്ഞെടുപ്പുകാലത്തും ഉമ്മൻ ചാണ്ടി പ്രചാരണത്തിനെത്തുമായിരുന്നു. ഞങ്ങൾ എസ്.ബി. കോളേജിൽ ഒരു ക്ലാസിൽ ഒന്നിച്ചു പഠിച്ചവരാണ്. ആ മാനസിക അടുപ്പം അവസാനകാലംവരെയുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുണ്ടായിരുന്നെങ്കിൽ സ്ഥാനാർഥിനിർണയത്തിൽ ഇപ്പോഴുണ്ടായ പ്രശ്നങ്ങളുണ്ടാകുമായിരുന്നില്ല. അസംതൃപ്തിയുള്ളവരെ ആശ്വസിപ്പിച്ച് കൂടെനിർത്തും. 2001-ലെ തിരഞ്ഞെടുപ്പുകാലമാണ് ഓർമ്മവരുന്നത്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും ശക്തമായ കാലം. അന്ന് കോൺഗ്രസ് പട്ടിക പ്രഖ്യാപിച്ചപ്പോൾ പേരാവൂരിൽ കെ.പി. നൂറുദ്ദീൻ, വടക്കേക്കരയിൽ കെ.പി. ധനപാലൻ, ആറന്മുളയിൽ കെ. ശിവദാസൻനായർ. മൂന്നുപേരും എ ഗ്രൂപ്പുകാർ. എന്നാൽ, കരുണാകരൻ സമ്മതിച്ചില്ല. പോസ്റ്ററുകൾവരെ അടിച്ചിരുന്നു. സോണിയാഗാന്ധി ഇടപെട്ടു. ഒടുവിൽ മൂന്നുപേരെയും കരുണാകരനുവേണ്ടി മാറ്റി. പേരാവൂരിൽ കെ.ടി. കുഞ്ഞഹമ്മദിനെയും ആറന്മുളയിൽ മാലേത്ത് സരളാദേവിയെയും വടക്കേക്കരയിൽ ചന്ദ്രശേഖരെനെയും നിശ്ചയിച്ചു. സീറ്റ് നഷ്ടമായ മൂന്നുപേരോടും സംസാരിച്ച് അവരെ അനുനയിപ്പിച്ചത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ്.
ഉമ്മൻ ചാണ്ടിയുടെയും കെ. കരുണാകരന്റെയുമൊക്കെ അസാന്നിധ്യം കോൺഗ്രസും യു.ഡി.എഫും നേരിടുന്നുണ്ടെങ്കിലും, യു.ഡി.എഫ്. മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ.
Content Highlights: KC Joseph served as an MLA for Irikkur for 39 consecutive years (1982-2021)., Unique record of representing a constituency without residing in it., Currently active in the 2026 UDF campaign as a KPCC Political Affairs Committee member.