ഡ്രൈവിങ് ലൈസൻസ്: KB ഗണേഷ്കുമാറിന്റെ പേരിനൊപ്പമുള്ള MLA തെറിക്കും; 18 തികയാതെ ലൈസൻസ്, നിയമോപദേശംതേടും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ എം.എൽ.എ. എന്ന വിശേഷണം തെറിക്കും. വ്യക്തിയുടെ തിരിച്ചറിയൽ രേഖകളിൽ ഉള്ളതുപോലെ വേണം ഡ്രൈവിങ് ലൈസൻസിലും പേരു ചേർക്കേണ്ടത്. ഇതിൽ വീഴ്ച സംഭവിച്ചെന്നാണ് നിഗമനം. ‘എം.എൽ.എ.’ പ്രയോഗം നീക്കംചെയ്യാൻ മോട്ടോർവാഹനവകുപ്പ് നടപടി തുടങ്ങി.
നിശ്ചിത കാലയളവിലേക്കുള്ള സ്ഥാനങ്ങൾ ലൈസൻസ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ കൂട്ടിച്ചേർക്കാറില്ല. ഗണേഷ്‌കുമാറിന്റെ ലൈസൻസിന് 2028 ജൂലായ് 10 വരെ കാലാവധിയുണ്ട്. എന്നാൽ, അദ്ദേഹം ഉൾപ്പെട്ട നിയമസഭയുടെ കാലാവധി കഴിഞ്ഞിട്ടുണ്ട്.
‘സാരഥി’ സോഫ്റ്റ്‌വേർ നിലവിൽ വന്ന 2019-ന് മുൻപാണ് ഗണേഷ്‌കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എ. എന്ന് കൂട്ടിച്ചേർത്തത്. ഗണേഷ്‌കുമാറിൽനിന്ന് വിശദീകരണം തേടേണ്ടിവരും. 18 വയസ്സ് തികയുന്നതിനുമുൻപേ ഗണേഷ്‌കുമാർ ഡ്രൈവിങ് ലൈസൻസ് നേടിയതായും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതിൽ തുടർനടപടിക്കായി മോട്ടോർവാഹനവകുപ്പ് നിയമോപദേശം തേടും.
Content Highlights: MVD to remove 'MLA' suffix from KB Ganesh Kumar's driving license. Investigation into license issuance before the age of 18. Legal advice sought for potential license cancellation. Discrepancies identified in records predating the Sarathi software implementation.