സൗജന്യത്തിന് തള്ളിക്കയറുന്നതല്ല, വാഗ്ദാനംചെയ്തതാണ്; 3 മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുത്- ഗണേഷ്

കൊല്ലം: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ്സിൽ സൗജന്യയാത്ര ചെയ്യുന്ന വനിതകളേക്കുറിച്ച് വിവാദ പരാമർശം നടത്തിയ ഗതാഗത മന്ത്രി സി.പി. ജോണിനെതിരേ വിമർശനവുമായി മുൻമന്ത്രി കെ.ബി. ഗണേഷ്‌കുമാർ. സൗജന്യത്തിനുവേണ്ടി ദാരിദ്ര്യം അനുഭവിക്കുകയാണെന്ന് സ്ത്രീകളെ കുറ്റപ്പെടുത്തുന്ന ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്നും മൂന്നുമാസംകൊണ്ടുതന്നെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അധികാരത്തിൽവന്നാൽ സ്ത്രീകൾക്ക് എവിടെവേണമെങ്കിലും ഏത് ബസ്സിലും എപ്പോൾ വേണമെങ്കിലും യാത്രചെയ്യാമെന്നു പറഞ്ഞ് വോട്ടുപിടിച്ചവർ, കാര്യംകഴിഞ്ഞപ്പോൾ അത് നാമമാത്രമായ ബസ്സുകളിലേക്ക് ചുരുക്കുകയാണുണ്ടായതെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.
ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂർണരൂപം:
വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തിൽ വന്നുകഴിഞ്ഞാൽ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോൾ വേണമെങ്കിലും പോകാം എന്ന് പറഞ്ഞു വോട്ട് പിടിക്കുക, കാര്യം നടന്നുകഴിഞ്ഞപ്പോൾ നാമമാത്രമായ ബസുകളിൽ മാത്രം സൗജന്യയാത്ര ചെയ്‌തോളൂ എന്ന് പറയുക. എന്നിട്ട് ആ ബസുകളിൽ സൗജന്യയാത്ര ചെയ്യുമ്പോൾ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നു എന്നുപറഞ്ഞു സ്ത്രീകളെ അധിക്ഷേപിക്കുക. സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക..ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ....