ആയുസ്സ് കഴിഞ്ഞ കായംകുളം നിലയത്തിന് വർഷം 100 കോടി നൽകുന്നതെന്തിന്?; സർക്കാർ ധാരണാപത്രത്തിൽ അവ്യക്തത

തിരുവനന്തപുരം: ആയുസ്സ് കഴിഞ്ഞ കായംകുളം താപനിലയത്തിന്റെ കരാർ പുതുക്കാൻ കെ.എസ്.ഇ.ബി. വർഷം 100 കോടിരൂപ നൽകുന്നതെന്തിനെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. കരാർ പുതുക്കാൻ സർക്കാർ അംഗീകരിച്ച ധാരണാപത്രം അവ്യക്തമാണെന്നും നിരീക്ഷിച്ചു. കരാറിനെക്കുറിച്ച് കമ്മിഷൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ രണ്ടാഴ്ച സമയംവേണമെന്ന് ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ആവശ്യപ്പെട്ടു. കമ്മിഷൻ അത് അംഗീകരിച്ചു.
എൻ.ടി.പി.സി.യുടെ കായംകുളം താപനിലയത്തിൽ ഏഴുവർഷമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ല. എന്നിട്ടും വർഷം 100 കോടി വീതം ഫിക്സഡ് ചാർജായി കെ.എസ്.ഇ.ബി. നൽകുന്നു. കരാർ വീണ്ടും മൂന്നുവർഷത്തേക്ക് നീട്ടാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന് അംഗീകാരംതേടി കെ.എസ്.ഇ.ബി. സമർപ്പിച്ച അപേക്ഷയിൽ നടത്തിയ തെളിവെടുപ്പിലാണ് കമ്മിഷൻ വിശദീകരണം തേടിയത്.
25 വർഷമാണ് ഒരു വൈദ്യുതിനിലയത്തിന്റെ പ്രവർത്തന ആയുസ്സ്. കായംകുളത്തിന്റെ കാര്യത്തിൽ ഈ കാലാവധി കഴിഞ്ഞു. എന്നിട്ടും 100 കോടി ഫിക്സഡ് ചാർജ് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് ചോദിച്ചു. കെ.എസ്.ഇ.ബി.ക്കും ജനത്തിനും വരുന്ന സാമ്പത്തികബാധ്യത സർക്കാർ അറിയിക്കണം.
പുതുക്കൽ വ്യവസ്ഥകളിൽ എൻ.ടി.പി.സി. കായംകുളത്ത് ജലപ്പരപ്പിൽ സൗരവൈദ്യുതിനിലയങ്ങളും 500 മെഗാവാട്ട് ബാറ്ററി സ്റ്റോറേജ് നിലയവും സ്ഥാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും സമയക്രമം നിശ്ചയിച്ചിട്ടില്ല. സമയക്രമം കൂടി ധാരണാപത്രത്തിൽ ഉൾപ്പെടുത്തണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
കരാർ പുതുക്കിയില്ലെങ്കിൽ താൽച്ചർ നിലയത്തിൽനിന്ന് കേരളത്തിന് അനുവദിച്ച, കുറഞ്ഞവിലയ്ക്കുള്ള 180 മെഗാവാട്ട് വൈദ്യുതി നിർത്തലാക്കുമെന്നാണ് എൻ.ടി.പി.സി. മുന്നറിയിപ്പ്. കേന്ദ്രനിലയങ്ങളിൽനിന്ന് അൺ അലോക്കേറ്റഡ് വിഹിതം അനുവദിക്കുന്നത് കേന്ദ്രസർക്കാർ തീരുമാനമനുസരിച്ചാണെന്നും അത് നിർത്തുമെന്ന് ഭീഷണിപ്പെടുത്താൻ എൻ.ടി.പി.സി.ക്ക് അധികാരമില്ലെന്നും കമ്മിഷൻ അംഗം ബി. പ്രദീപ് പറഞ്ഞു.
നിലയത്തിനായി 240 കോടിരൂപ ഇപ്പോഴും ചെലവിടുന്നതായി എൻ.ടി.പി.സി. അവകാശപ്പെട്ടു. പ്രവർത്തിക്കാത്ത നിലയത്തിലെ ജീവനക്കാരുടെ ചെലവ് ആവശ്യപ്പെടുന്നതിലും കമ്മിഷൻ സംശയം ഉന്നയിച്ചു.
Content Highlights: KSERC questions the justification for paying Rs 100 crore annually to a defunct power plant., The 25-year operational lifespan of the Kayamkulam plant has expired., NTPC threatens to cut power supply from Talcher if the contract is not renewed., The commission demands transparency regarding financial burdens on KSEB and the public., Lack of a clear timeline for proposed solar and battery storage projects.