ടയറിനടിയിൽപ്പെട്ട് കാൽ അറ്റുപോയിട്ടും തോറ്റുകൊടുത്തില്ല, ഫോണിൽ പ്രിയപ്പെട്ടവരെ വിളിച്ചു, പുതുജീവൻ

കാസർകോട്: ചൊവ്വാഴ്ച രാവിലെ അടുക്കത്ത്ബയലിലെ വീട്ടിൽനിന്ന് അഗ്നിവീർ ആർമി റിക്രൂട്ട്‌മെന്റ് റാലിയുടെ ചിത്രമെടുക്കാൻ വിദ്യാനഗറിലേക്ക് പോകുകയായിരുന്നു ഞാൻ. പുതിയ ബസ്‌സ്റ്റാൻഡിനടുത്ത് എത്താറായപ്പോൾ എതിർവശത്തുള്ള മംഗളൂരു ഭാഗത്തേക്ക് പോകുന്ന റോഡിനരികിൽ നിൽക്കുന്നവരുടെ കൂട്ടനിലവിളി കേട്ടു. തൊട്ടുപിന്നാലെ പുതിയ ബസ്‌സ്റ്റാൻഡിന് സമീപം നിൽക്കുന്ന അൻപതോളം ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ വലിയ കൂട്ടം റോഡ് മുറിച്ചുകടന്ന് ഓടുന്നു. ബൈക്ക് നിർത്തി ഞാനും ഓടി. അവിടെ എത്തിയപ്പോഴതാ ലോറിയുടെ ഇടത്തേ ടയറിൽ ഒരു സ്‌കൂട്ടർ കുടുങ്ങിക്കിടക്കുന്ന കാഴ്ച.
അതിനു മുകളിൽ ഒരു യാത്രക്കാരനും. ശരീരത്തിന്റെയും സ്‌കൂട്ടറിന്റെയും പകുതിഭാഗം മാത്രമേ കാണുന്നുള്ളൂ. ബാക്കി ലോറിയുടെ ടയറിനിടയിൽ. സ്‌കൂട്ടർ യാത്രക്കാരൻ എല്ലാവരെയും നിർവികാരമായി നോക്കുന്നുണ്ട്. പക്ഷേ, ഒന്നും പറയാൻ അദ്ദേഹത്തിന് കഴിയുന്നില്ല. അല്പസമയത്തിനകം സമചിത്തത വീണ്ടെടുത്തതുപോലെ ഇദ്ദേഹം തന്റെ പോക്കറ്റിൽ കിടന്ന മൊബൈൽഫോൺ എടുത്ത് ആരെയൊക്കയോ വിളിക്കുന്നു. ബഹളം കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല. അതിനിടെ ഒരാൾ ലോറിയുടെ ക്യാബിനിൽനിന്ന് ജാക്കിയും ലിവറും എടുത്ത് ലോറി ഉയർത്താൻ ശ്രമം നടത്തി. പക്ഷേ, ലോഡുള്ള വണ്ടിയായതുകൊണ്ടാകാം ലോറി അനങ്ങിയത് പോലുമില്ല. സംഭവം കണ്ട് തൊട്ടുപിന്നാലെ എത്തിയ കോഹിനൂർ ബസിലെ ജീവനക്കാർ അൽപം വലിയ ജാക്കിയുമായി എത്തി. അതും മതിയാകുമായിരുന്നില്ല.
ഞാൻ ഉടൻ 101-ൽ വിളിച്ചു. ഫോൺ കണക്ടാവുന്നതിന് മുമ്പേ ഫയർഫോഴ്‌സിന്റെ ആംബുലൻസ് എത്തി. രക്ഷാഉപകരണങ്ങളുമായി അവരുടെ ആധുനികസംവിധാനങ്ങളുള്ള വാഹനം പിന്നാലെ. ആദ്യം പുറത്തെടുത്തത് ഹൈഡ്രോളിക് കട്ടർ ആയിരുന്നു. ഫയർഫോഴ്‌സിലെ റെസ്‌ക്യൂ ഓഫീസർ എച്ച്. ഉമേശൻ ലോറിക്കടിയിലേക്ക് നുഴഞ്ഞുകയറി. പക്ഷേ, ആവശ്യമായത് ന്യൂമാറ്റിക് ബാഗ് ആണെന്ന് മനസ്സിലാക്കാൻ ഒരുനിമിഷംപോലും അദ്ദേഹത്തിന് വേണ്ടിവന്നില്ല.
യന്ത്രസഹായത്തോടെ വാതകസിലിൻഡറുപയോഗിച്ച് സെക്കൻഡുകൾക്കകം ന്യൂമാറ്റിക് ബാഗിൽ കാറ്റുനിറച്ച് ലോറി ഉയർത്തി അവർ സ്‌കൂട്ടർ യാത്രക്കാരനെ പുറത്തെടുത്തു. ഒരു കാല് ചതഞ്ഞ് അറ്റുപോയിരുന്നു. മറ്റേ കാലിൽ ചെറിയ മുറിവുകൾ. കൈക്കും ആഴമേറിയ മുറിവുകൾ പറ്റി. ലോറിക്കടിയിലൂടെ ഒഴുകിയ രക്തം റോഡിലേക്ക് പരന്നിരുന്നു. മുളിയാർ ബാവിക്കരമൂല സ്വദേശി ടി.വി. ബാബുരാജ് (62) ആണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തമായി. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ ശുചീകരണത്തൊഴിലാളിയായ ബാബുരാജ് രാവിലെ ജോലിക്ക് പോകുകയായിരുന്നു. ഇടിച്ച സ്കൂട്ടറുമായി ലോറി അമ്പത് മീറ്ററോളം മുമ്പോട്ട് പോയിരുന്നു.
കാലിന്റെ അറ്റുപോയ ഭാഗം ചതഞ്ഞനിലയിലായിരുന്നതിനാൽ വാസ്കുലാർ ശസ്ത്രക്രിയവഴി തുന്നിച്ചേർക്കാനാകില്ലെന്ന് പിന്നീട് ആസ്പത്രിയിലന്വേഷിച്ചപ്പോൾ അറിഞ്ഞു. അപകടത്തിൽപെട്ട പലരെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, ഇത്രയും മനസ്സാന്നിധ്യം കാട്ടിയ ഒരാളെ കണ്ടിട്ടില്ല.
Content Highlights: Kasaragod Accident: Quick Rescue Operation Saves Scooter Passenger Trapped Under Lorry