'സ്ത്രീകൾ കയറേണ്ട'; തകരാറിലായ KSRTC ബസ് മാറിക്കയറിയ സ്ത്രീകളെ അധിക്ഷേപിച്ച് സ്വകാര്യബസ് ജീവനക്കാർ

കാനത്തൂർ: കെ.എസ്.ആർ.ടി.സി. ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് ബസ് മാറിക്കയറാൻ നിന്ന സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി പരാതി. കാസർകോട്ടുനിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോൽ വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരേയാണ് മോട്ടോർവാഹനവകുപ്പിനും അധികൃതർക്കും പരാതി നൽകിയത്.
കഴിഞ്ഞദിവസം വൈകുന്നേരം 5.30-ഓടെ കാനത്തൂർ ബസ്സ്റ്റോപ്പ് പരിസരത്താണ് സംഭവം. എൺപതോളം യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് തകരാറിലായതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്.
സ്‌കൂൾ വിദ്യാർഥികളും നിരവധി ദീർഘദൂര സ്ത്രീയാത്രക്കാരും ഈ ബസിലുണ്ടായിരുന്നു. തൊട്ടുപിന്നാലെ എത്തിയ സ്വകാര്യ ബസിൽ കയറാൻ ശ്രമിച്ചപ്പോഴാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായത്.
'സ്ത്രീകൾ കയറേണ്ട, പുരുഷന്മാരെ മാത്രം കയറ്റാം' എന്ന് പരസ്യമായി പറഞ്ഞുകൊണ്ട് സ്ത്രീകളെ ബസിൽ കയറ്റാൻ ക്ലീനറും ജീവനക്കാരും കൂട്ടാക്കിയില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു.
കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം ഉള്ളതിലുള്ള വൈരാഗ്യമാണ് ജീവനക്കാർ തീർത്തതെന്നാണ് യാത്രക്കാരുടെ പരാതി.
കൂടാതെ, കാനത്തൂർ ബസ്സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ സുരക്ഷിതമായി കയറ്റാനോ ഇറക്കാനോ ജീവനക്കാർ തയ്യാറായില്ല. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ട് മാറ്റി അപകടകരമായരീതിയിൽ വേഗം കുറയ്ക്കുക മാത്രമാണ് ചെയ്തത്.
ഓടിപ്പിടിച്ചാണ് ഒന്നോ രണ്ടോ സ്ത്രീകൾ ബസിൽ കയറിയത്. പൊതുഗതാഗതസംവിധാനത്തിൽ പരസ്യമായി ലിംഗവിവേചനം കാണിക്കുകയും യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്നരീതിയിൽ സർവീസ് നടത്തുകയും ചെയ്ത ബസ് ജീവനക്കാർക്കും പെർമിറ്റ് ലംഘനം നടത്തിയ ബസ് ഉടമയ്ക്കുമെതിരേ മോട്ടോർവാഹനനിയമപ്രകാരം കർശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരനാണ് ആർ.ടി.ഒ.ക്ക് പരാതി നൽകിയത്.
Content Highlights: kasaragod private bus gender discrimination allegations refusing female passengers, prompting complaints to transport authorities.