മന്ത്രിയെ തടയൽ; DYFI-ക്കും യുവമോർച്ചയ്ക്കും രണ്ടുനീതി ലഭിച്ചത് പ്രതിഷേധം വ്യത്യസ്തമായതുകൊണ്ട്, വിശദീകരിച്ച് പോലീസ്

കാസർകോട്: കാഞ്ഞങ്ങാട്ട് കായികമന്ത്രി ഒ.ജെ. ജനീഷിനെ തടഞ്ഞ സംഭവത്തിൽ യുവമോർച്ച, ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരേ വ്യത്യസ്ത രീതിയിൽ നടപടിയെടുത്തതിൽ വിശദീകരണവുമായി പോലീസ്. മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിൽ കയറാൻ ശ്രമിച്ചതിനാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും രണ്ട് പ്രതിഷേധങ്ങളും വ്യത്യസ്ത രീതിയിലുള്ളതായിരുന്നെന്നുമാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രതികരണം.
സംഭവത്തിൽ പത്തോളം ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും അഞ്ചുപേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പ്രതിഷേധിച്ച യുവമോർച്ച-ബി.ജെ.പി. പ്രവർത്തകർക്ക് സ്റ്റേഷൻ ജാമ്യംനൽകി വിട്ടയക്കുകയാണുണ്ടായത്. ഇതിനെതിരെ പൊളിറ്റിക്കൽ ഡീൽ എന്നാരോപിച്ചുകൊണ്ട് സി.പി.എം. ജില്ലാ നേതൃത്വം വലിയ രീതിയിലുള്ള പ്രചാരണം ആരംഭിച്ച പശ്ചാത്തലത്തിലാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
യുവമോർച്ച-ബി.ജെ.പി. പ്രവർത്തകരുടെ ഭാഗത്തുനിന്ന് വാഹനത്തിനുനേരെ അതിക്രമം കാണിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും എന്നാൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വാഹനത്തിന് മുകളിലേക്ക് ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നെന്നും പോലീസ് അറിയിച്ചു. രണ്ടു പ്രതിഷേധങ്ങളും രണ്ടു രീതിയിലായതിനാലാണ് ഈ വ്യത്യസ്ത നടപടിയെന്നും നിലവിലുള്ള നിയമനടപടികളുമായി മുന്നോട്ടുപോകാൻ കാസർകോട് പോലീസിന് ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Content Highlights: District Police Chief explains differing legal actions against DYFI and Yuvamorcha workers., DYFI activists faced non-bailable charges for attempting to jump on the minister's vehicle., Yuvamorcha protesters received station bail as their protest did not involve vehicle damage., CPM district leadership alleged a political deal behind the varying police actions.