പിറന്നാൾ ദിനത്തിലെ രക്ഷാപ്രവർത്തനം; ലോറി കയറി കീഴ്ത്താടി തകർന്ന നായക്കുട്ടിക്ക് രക്ഷകരായി യുവാക്കൾ

#ന്യൂസ് ഡെസ്ക്
ശസ്ത്രക്രിയയ്ക്കുശേഷം നായക്കുട്ടിയുമായി ഹർഷയും മൻവിത്തും | Photo: mathrubhumi
ശസ്ത്രക്രിയയ്ക്കുശേഷം നായക്കുട്ടിയുമായി ഹർഷയും മൻവിത്തും | Photo: mathrubhumi

കാസർകോട്: നാടെങ്ങും തെരുവുനായ്ക്കൾക്കെതിരേ ജനരോഷമുയരുമ്പോൾ ടാങ്കർലോറി കയറി കീഴ്ത്താടി തകർന്ന തെരുവുനായക്കുട്ടിയെ പിറന്നാൾദിനത്തിൽ രക്ഷിച്ച കഥയാണ് മായിപ്പാടിയിലെ പി.പി. ഹർഷയ്ക്കും സുഹൃത്ത് കെ.ജി. മൻവിത്തിനും പറയാനുള്ളത്. ഹർഷയുടെ പിറന്നാളായിരുന്നു വ്യാഴാഴ്ച. എന്നാൽ ആഘോഷത്തിന്‌ നിൽക്കാതെ സുഹൃത്തിനെയും കൂട്ടി നായക്കുട്ടിയെ രക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു ഈ ചെറുപ്പക്കാരൻ.

സീതാംഗോളി കിൻഫ്ര പാർക്കിൽ ബുധനാഴ്ച രാത്രിയാണ് രണ്ടുമാസം പ്രായമുള്ള നായക്കുട്ടിക്ക് പരിക്കേറ്റത്. പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഹർഷയെ വിവരമറിയിച്ചത്. ഇവരെത്തുമ്പോൾ കീഴ്ത്താടി രണ്ടായി പിളർന്ന നിലയിലായിരുന്നു നായക്കുട്ടി. താടിയിലെ തൊലി ഇളകിപ്പോകുകയും ചെയ്തു.

വ്യാഴാഴ്ച രാവിലെ ആദ്യം അടുത്തുള്ള വെറ്ററിനറി ആശുപത്രിയിലാണ് നായക്കുട്ടിയെ എത്തിച്ചത്. അവിടെ ശസ്ത്രക്രിയക്ക് സൗകര്യമില്ലാത്തതിനാൽ കാസർകോട്ടെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ വെറ്ററിനറി സർജൻ ഡോ. സൂര്യയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നരമണിക്കൂറോളം നീണ്ട പ്ലാസ്റ്റിക് സർജറിയിലൂടെ (ഫാസിയോ മാൻഡിബുലാർ പ്ലാസ്റ്റിക് സർജറി) പിളർന്ന കീഴ്ത്താടി കൂട്ടിച്ചേർക്കുകയും ഇളകിപ്പോയ തൊലി തുന്നിച്ചേർക്കുകയും ചെയ്തു.

സ്റ്റീൽവയർ ഉപയോഗിച്ചാണ് താടിയെല്ല് ഉറപ്പിച്ചത്. പരിക്ക് ഭേദമായശേഷം ഇത് നീക്കം ചെയ്യണം. മറ്റ് തുന്നലുകൾ ശരീരത്തിലേക്ക് ലയിച്ചുചേരുന്നതായതിനാൽ ഈ പ്രശ്നമില്ല.

നായക്കുട്ടിക്ക് തനിയെ ഭക്ഷണം കഴിക്കാനാകാത്തതിനാൽ ഹർഷയും മൻവിത്തും ചേർന്ന് വീട്ടിൽ സംരക്ഷിക്കുകയാണ്. രണ്ടുമൂന്ന് ദിവസം തണുത്ത ദ്രവരൂപത്തിലുള്ള ഭക്ഷണമേ നൽകാനാകൂ. തുടർചികിത്സയ്ക്കും കുത്തിവെപ്പിനുമായി നായക്കുട്ടിയെ വരും ദിവസങ്ങളിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിക്കുകയും വേണം.

വ്യാഴാഴ്ച രാവിലെ നായക്കുട്ടിയുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിയ ഹർഷയും മൻവിത്തും ശസ്ത്രക്രിയക്കും നിരീക്ഷണത്തിനും ശേഷം രാത്രിയോടെയാണ് വീട്ടിൽ മടങ്ങിയെത്തിയത്. ബിസിഎ പൂർത്തിയാക്കിയ ഹർഷ ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ കോഴ്സ് പഠിക്കുകയാണിപ്പോൾ.

Content Highlights: On his birthday, a young man in Kasaragod rescued an injured puppy, undergoing complex surgery to fix its broken jaw.