മന്ത്രി കെ.എം. ഷാജിക്കെതിരെ അപകീർത്തികരമായ പരാമർശം: വെള്ളരിക്കുണ്ട് CPO സുജിത്ത് വിവാദത്തിൽ

കാസർകോട്: മന്ത്രി കെ.എം. ഷാജിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ പ്രതിഷേധം ശക്തമാകുന്നു. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ സുജിത്താണ് വിവാദ പോസ്റ്റിന് പിന്നിൽ. കെ.എം. ഷാജി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ഈ നീക്കം ഉണ്ടായതെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. ജില്ലയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള 'പോലീസ് ഫ്രണ്ട്‌സ്' എന്ന അനൗദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് സുജിത്ത് ഈ കുറിപ്പ് പങ്കുവെച്ചത്. കെ.എം. ഷാജി ഒരു തീഞ്ഞ വർഗീയവാദിയാണെന്നും, ഉറക്കത്തിൽ പോലും 'മതമാണ് പ്രശ്‌നം’ എന്ന് പറയുന്ന ആളാണ് കെ.എം ഷാജിയെന്നാണ് സുജിത് ആരോപിക്കുന്നത്. മതമല്ല പ്രശ്‌നം എന്ന മുദ്രാവാക്യം തിരുത്തി മതമാണ് പ്രശ്‌നം എന്ന് പറഞ്ഞ ആളാണ് ഷാജിയെന്ന് കുറിപ്പിലൂടെ സുജിത്ത് ആക്ഷേപിക്കുന്നു.
എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ മര്യാദകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് സുജിത്ത് തന്റെ നിലപാട് വ്യക്തമാക്കിയത്. മുൻപ് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് യു.ഡി.എഫ് അംഗങ്ങൾ അത് ബഹിഷ്‌കരിച്ചിരുന്നുവെന്നും എന്നാൽ പിണറായി വിജയൻ ജനാധിപത്യ മര്യാദ കാണിക്കുന്ന വ്യക്തിയാണെന്നും കുറിപ്പിൽ പറയുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻപിൽ നിന്ന് മന്ത്രി കെ.എം. ഷാജി ഒഴിഞ്ഞുമാറാൻ ശ്രമിച്ചതായി സുജിത്ത് കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി എല്ലാവരുമായും സൗഹൃദം പങ്കിടുമ്പോൾ മുഖത്ത് തൂവാല വെച്ച് അവിടെ നിന്ന് മുങ്ങാനാണ് ഷാജി ശ്രമിച്ചതെന്ന് പോസ്റ്റിൽ ആരോപിക്കുന്നു.
പോലീസ് ഉദ്യോഗസ്ഥർക്കിടയിലും സാമൂഹികമാധ്യമങ്ങളിലും ഈ പോസ്റ്റ് വലിയ ചർച്ചയായിട്ടുണ്ടെങ്കിലും, സി.പി.ഒ സുജിത്തിനെതിരെ നിലവിൽ ഡിപ്പാർട്ട്മെന്റ് തലത്തിൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ വരും മണിക്കൂറുകളിൽ ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും നടപടികളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
Content Highlights: CPO Sujith from Vellarikundu police station posted defamatory content against Minister K.M. Shaji., The post was shared in a private 'Police Friends' WhatsApp group shortly after Shaji's oath-taking., The content accused the Minister of communalism and criticized his behavior toward Pinarayi Vijayan., Public and departmental outrage is growing, with an official investigation likely to follow.