കരുവന്നൂർ സഹകരണ തട്ടിപ്പ്: ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്ത് ബാങ്കിന് വേണ്ടേ? ഏറ്റെടുക്കാൻ മടി

#ടി.ജെ. ശ്രീജിത്ത്
കരുവന്നൂർ ബാങ്ക്. ഫോട്ടോ: മനീഷ് ചേമഞ്ചേരി | മാതൃഭൂമി
കരുവന്നൂർ ബാങ്ക്. ഫോട്ടോ: മനീഷ് ചേമഞ്ചേരി | മാതൃഭൂമി

കൊച്ചി: കരുവന്നൂർ സഹകരണ തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ 128 കോടി രൂപയുടെ സ്വത്ത് ഏറ്റെടുക്കാൻ ബാങ്ക് ഭരണസമിതിക്ക് മടി. കണ്ടുകെട്ടിയ സ്വത്ത് ബാങ്കിന് കൈമാറാൻ തയ്യാറാണെന്ന് രണ്ടുവർഷം മുൻപേ ഇ.ഡി. അറിയിച്ചിരുന്നു. ബാങ്കിൽ ഈടുവെച്ചിരുന്ന ആധാരങ്ങളിലെ വിലയാണ് കണക്കാക്കുന്നത് എന്നതിനാൽ 128 കോടിയുടെ സ്വത്തിന്റെ മതിപ്പ് മൂല്യം മുന്നൂറ് കോടിക്ക് മുകളിൽ വരും. എന്നിട്ടും ഇത് ഏറ്റെടുത്ത് ലേലംചെയ്ത്, പണം നഷ്ടമായ നിക്ഷേപകർക്ക് നൽകുന്നതിന് ബാങ്ക് തയ്യാറായിട്ടില്ല. സി.പി.എമ്മിന്റെ സ്വത്തുകൂടി കണ്ടുകെട്ടിയവയിൽ ഉൾപ്പെട്ടതിനാലാണ് മടിയെന്നാണ് സൂചന.

നഷ്ടപ്പെട്ട പണം ആവശ്യപ്പെട്ട് ഇപ്പോഴും നിക്ഷേപകർ എത്തുന്നുണ്ട്.

കരുവന്നൂർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട പതിനഞ്ചോളം പേർ 2024 ൽ എറണാകുളം പി.എം.എൽ.എ. കോടതിയെ സമീപിച്ചിരുന്നു. ഇ.ഡി. കണ്ടുകെട്ടിയ സ്വത്തിൽനിന്ന് പണം നൽകണമെന്നായിരുന്നു ആവശ്യം. തുക കൈമാറുന്നതിന് എതിർപ്പില്ലെന്ന് ഇ.ഡി.യും വ്യക്തമാക്കി. എന്നാൽ, നിക്ഷേപകർക്ക് നേരിട്ട് തുക കൈമാറാനാകില്ലെന്നും കേസിൽ ബാങ്കാണ് തട്ടിപ്പിന്റെ ‘ഇര’ എന്നതിനാൽ ബാങ്കിനുമാത്രമേ സ്വത്ത് കൈമാറാനാകൂ എന്നുമായിരുന്നു ഇ.ഡി.യുടെ നിലപാട്. പക്ഷേ, സ്വത്ത് ഏറ്റെടുക്കാനുള്ള ഹർജി നൽകാൻ ബങ്ക് തയ്യാറായില്ല.

നിലവിൽ ബാങ്ക് ഭരിക്കുന്നത് ജനകീയ ഭരണസമിതിയാണ്, സി.പി.എമ്മിനാണ് മുൻതൂക്കം. ഇ.ഡി. കുറ്റപത്രത്തിൽ 83 പ്രതികളുള്ളതിൽ സി.പി.എം. പാർട്ടിയും നേതാക്കളുമുണ്ട്. കണ്ടുകെട്ടിയ സ്വത്തുക്കളിൽ സി.പി.എമ്മിന്റെവക ഭൂസ്വത്തുമുൾപ്പെടും.

300 കോടിയുടെ ആധാരം വേണമെന്ന് ബാങ്ക്

ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്തിൽ മൂന്നുകോടി രൂപമാത്രമാണ് കറൻസിയായിട്ടുള്ളതെന്നും ബാക്കിയെല്ലാം സ്വർണവും ഭൂമിയുമാണെന്നും കരുവന്നൂർ ബാങ്ക് അധികൃതർ. കണ്ടുകെട്ടലിനെതിരേ സ്വത്തുടമകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. അന്തിമ ഉത്തരവ് വരാതെ സ്വത്ത് ഏറ്റെടുത്താൽ ബാങ്കിനുതന്നെ ബാധ്യതയാകും. ഇതല്ലാതെ ഏതാണ്ട് 300 കോടി വിലമതിക്കുന്ന ആധാരങ്ങൾ ഇ.ഡി. പിടിച്ചെടുത്തവയിലുണ്ട്. അത് തിരികെ ലഭിച്ചാൽ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന് ബാങ്കധികൃതർ വ്യക്തമാക്കി. എന്നാൽ, ‌പി.എം.എൽ.എ. കോടതിയിൽ ബാങ്ക് ഹർജി നൽകിയാൽ തീരുമാനമെടുക്കാം എന്ന നിലപാടിലാണ് ഇ.ഡി. അധികൃതർ.

Content Highlights: The Karunannoor Cooperative in Kochi In the Tattipil area, I.D. 128 crore rupees in the Kantuketti caseto seize the property, theto the Board of Directors. The Bank is urging that a limit of 300 crore rupees be set . Mr C.P.EM’s assets were alsois being blocked, it suggests. To provide funds to depositors, I.D. Although they are ready, the bank is not ready.