കുടകിൽ കനത്തമഴ, കുതിർന്ന് കാപ്പിയും കുരുമുളകും; കൃഷി പാട്ടത്തിനെടുത്ത മലയാളികൾ പ്രതിസന്ധിയിൽ

ഇരിട്ടി: കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ കുടക് ജില്ലയിലും കാലംതെറ്റിയെത്തിയ മഴ കർഷകരെ കണ്ണീർ കുടിപ്പിക്കുന്നു. കാപ്പിയും കരുമുളകും മഴയിൽ കുതിർന്ന് നില്ക്കുകയാണിവിടെ. ഇരു വിളകളും പറിച്ചെടുത്ത് ഉണക്കേണ്ട സമയത്താണ് മഴ എത്തിയിരിക്കുന്നത്.
കുടകിൽ നാല് ദിവസത്തോളമായി മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തതോടെ എല്ലാം കുതിർന്നു. ഉണക്കാനിട്ട നെല്ലും കാപ്പിക്കുരുവും മഴയിൽ മുങ്ങി.
വലിയ കളങ്ങളിൽ ഉണങ്ങാനിട്ട വിളകൾ തൊഴിലാളികൾ കഠിന ശ്രമത്തിലൂടെ പ്ലാസ്റ്റിക്് ഷീറ്റുകൾ ഉപയോഗിച്ച് മൂടാൻ ശ്രമിച്ചെങ്കിലും പകുതിയിലധികം ഉത്പന്നങ്ങളും മഴയിൽ മുങ്ങി. മഴ തുടർന്നാൽ മുഴുവൻ ഉത്പന്നങ്ങളും നശിച്ചുപോകുമെന്ന ആശങ്കയിലാണ് കർഷകർ. അടുത്തകാലത്തൊന്നും ഉണ്ടാകാത്ത കാലാവസ്ഥാമാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രദേശവാസികളും കർഷകരും പറയുന്നു.
പാകമായി നിൽക്കുന്ന കാപ്പിക്കുരു പറിച്ചെടുക്കാൻ കഴിയാതെ അടിഞ്ഞുപോവുകയാണ്. മേഘാവൃതമായ കാലാവസ്ഥ കാരണം നാലു ദിവസമായി ജില്ലയിലെ മലനാട് മേഖലയിലെ കർഷകർക്ക് കാപ്പി ഉണക്കുന്നത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മേഖലയിലെ കലാസ, കുദ്രേമുഖ്, മുദിഗരെ, ഹൊറനാട്, ശൃംഗേരി, ചിക്കമഗളൂരു എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു
നഷ്ടമേറെ മലയാളികൾക്ക്
വിളവെടുപ്പുകാലത്തെ മഴ കുടകിലെ കർഷകരേക്കാൾ ബാധിക്കുക മലയാളികളെയാണ്. ഇവിടങ്ങളിലെ തോട്ടങ്ങളിൽ ഭൂരിഭാഗവും പാട്ടത്തിനെടുക്കുന്നത് മലയാളികളാണ്. ഉത്പന്നത്തിന്റെ വില കണക്കാക്കി പാട്ടം എടുക്കുകയും പാട്ടത്തുകയുടെ നിശ്ചിത ശതമാനം മുൻകൂറായി തോട്ടം ഉടമയ്ക്ക് നൽകുകയുമാണ് ചെയ്യുന്നത്.
വിളവെടുപ്പ് സമയത്ത് ഉടമയുടെയോ ഉടമ നിശ്ചയിക്കുന്ന ആളുടേയോ മേൽനോട്ടത്തിൽ പറിച്ച് ഉണക്കി ബാക്കി പാട്ടത്തുകയും നൽകിയാൽ മാത്രമെ ഉത്പന്നം വിൽക്കാൻ പറ്റൂ.
വിളവെടുക്കുന്നതിലും ഉണക്കിയെടുക്കുന്നതിലും ഉണ്ടാകുന്ന നഷ്ടം ഏറെയാണ്. പലരും ബാങ്കിൽനിന്ന് വായ്പയെടുത്തും വട്ടിപ്പലിശക്കാരിൽനിന്ന് പണം വാങ്ങിയോ ആണ് കുടകിലെ തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്നത്.
Content Highlights: Unseasonal rains in Karnataka`s Kodagu district have damaged coffee and pepper harvests, impacting Kerala farmers who lease estates. Learn about the crop loss and farmer distress.