കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തിയ നാലുകോടിയോളംരൂപ പിടിച്ചെടുത്തു; കർണാടക സ്വദേശികൾ പിടിയിൽ

പോലീസ് പിടിച്ചെടുത്ത പണം
പോലീസ് പിടിച്ചെടുത്ത പണം

കോഴിക്കോട്: കൊടുവള്ളിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന നാലു കോടിയോളം രൂപ പിടികൂടി. കൊടുവള്ളിക്ക് സമീപം എളേറ്റില്‍ വട്ടോളിയില്‍ വെച്ച് സംശയകരമായ സാഹചര്യത്തില്‍ കണ്ട കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചപ്പോഴാണ് രഹസ്യ അറയില്‍ സൂക്ഷിച്ച രേഖകളില്ലാത്ത പണം കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് പണം പിടികൂടിയത്. കാറില്‍ ഉണ്ടായിരുന്ന കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിന്‍ അഹമ്മദ് എന്നിവരെ പോലീസ് പിടികൂടി. മയക്കുമരുന്ന് പരിശോധനക്കായി പുറപ്പെട്ട പോലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട വാഹനം പരിശോധിച്ചത്.

കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെ.പി. അഭിലാഷ്, എസ്‌ഐ ഗൗതം ഹരി, സീനിയര്‍ സിപിഒ ദീപക് എം.പി., സിന്‍ജിത്, രതീഷ് കുമാര്‍, സിപിഒമാരായ ജിതിന്‍, ശ്രീകാന്ത്, ശ്രീജേഷ്, വിപിന്‍ സാഗര്‍, നതീപ്, ഷിജു ഡബ്ല്യുസിപി ഒ. രമ്യ, ബിജിനി തുടങ്ങിയവര്‍ ചേര്‍ന്നാണ് പണം പിടികൂടിയത്. പ്രതികള്‍ ആര്‍ക്കു വേണ്ടിയാണ് പണം എത്തിച്ചത് എന്നതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: karnataka natives arrested with huge sum of money without proper documents in koduvally