കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുകള്‍; പോലീസിന് വിനയായത് അമിതാവേശം

കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുകളില്‍, 'സൂചികൊണ്ടെടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കാന്‍' പോലീസ് കാണിച്ച അമിതാവേശമാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുക്കാന്‍ ഇടയാക്കിയത്.
കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം പുറത്തെത്തിക്കുന്നവരെയാണ് ടെര്‍മിനലിന് മുന്‍പില്‍നിന്നും വിമാനത്താവള പരിസരത്തുനിന്നുമെല്ലാമായി പോലീസ് പിടികൂടിയത്. സുജിത്ത്ദാസ് ജില്ലാ പോലീസ് മേധാവിയായിരുന്നപ്പോഴാണ് വ്യാപകമായി പോലീസ് സ്വര്‍ണക്കടത്ത് പിടികൂടിയത്. 170-ഓളം സ്വര്‍ണക്കടത്ത് പോലീസ് പിടികൂടിയിട്ടുണ്ട്. പലപ്പോഴും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പുറത്ത് കാത്തിരുന്നാണ് സ്വര്‍ണവുമായി വരുന്നവരെ പിടികൂടിയിരുന്നത്. സ്വര്‍ണക്കടത്ത് വിവരം കസ്റ്റംസിന് നേരിട്ട് കൈമാറിയിരുന്നെങ്കില്‍ അധ്വാനവും ഇപ്പോഴത്തെ കോടതി നടപടികളും ഒഴിവാക്കാമായിരുന്നു.
ഭൂരിപക്ഷം കേസുകളിലും യാത്രക്കാര്‍ ശരീരത്തിനകത്ത് മിശ്രിതരൂപത്തിലാക്കിയാണ് സ്വര്‍ണം കൊണ്ടുവന്നിരുന്നത്. പോലീസ് സ്വര്‍ണമിശ്രിതം പുറത്തെടുത്ത് കൊണ്ടോട്ടിയിലെ വിവാദ സ്വര്‍ണപ്പണിക്കാരന്‍ ഉണ്ണിയെയാണ് ഉരുക്കി വേര്‍തിരിക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. സ്വര്‍ണം വേര്‍തിരിക്കാന്‍ കസ്റ്റംസ് ഔദ്യോഗികമായി ഉണ്ണിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉണ്ണിക്ക് പ്രതിഫലം നല്‍കാനും കസ്റ്റംസിന് ഫണ്ടുണ്ട്. എന്നാല്‍ തൊണ്ടിമുതലായ സ്വര്‍ണമിശ്രിതം പോലീസ് ഉരുക്കുന്നതും ഇതിന് പ്രതിഫലം നല്‍കുന്നതും നേരത്തേതന്നെ ചര്‍ച്ചയായിരുന്നു.
സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ വിമാനത്താവളത്തിനകത്തും വളപ്പിനുള്ളിലും സ്വര്‍ണക്കടത്ത് പിടികൂടിയാല്‍ പോലീസിന് നേരിട്ട് കസ്റ്റംസിനെ ഏല്‍പ്പിക്കാവുന്നതാണ്. എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് കോടതി മുഖേനയാണ് കസ്റ്റംസിന് കൈമാറുന്നത്. തൊണ്ടിമുതലായ സ്വര്‍ണം ഉരുക്കി രൂപംമാറ്റുന്നതും കോടതി ഇടപെടലുണ്ടാകുന്നതും കേസ് സങ്കീര്‍ണമാക്കുന്നു. കസ്റ്റംസ് നേരിട്ട് ഇടപെടുമ്പോള്‍, ഒരുകോടി രൂപയ്ക്കുതാഴെയുള്ള സ്വര്‍ണക്കടത്ത് കേസുകളില്‍ കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തശേഷം യാത്രക്കാരനെ ജാമ്യത്തില്‍ വിടുന്നു. സ്വര്‍ണം കടത്തിയതിന് യാത്രക്കാരനില്‍നിന്ന് പിഴ ഈടാക്കുകയും സ്വര്‍ണം കണ്ടുകെട്ടുകയും ചെയ്യുന്നതോടെ കേസ് നടപടികള്‍ അവസാനിക്കുന്നു. എന്നാല്‍ പോലീസ് പിടികൂടിയ കേസുകളില്‍ കോടതിയുടെ ഇടപെടലുള്ളതിനാല്‍ കസ്റ്റംസിന് ഈ രീതി പിന്തുടരാനാകുന്നില്ല.
പോലീസ് പിടികൂടുന്ന വാഹനങ്ങളും കസ്റ്റംസിന് തലവേദനയുണ്ടാക്കുന്നു. മിക്ക കേസുകളിലും തുടരന്വേഷണം ഉണ്ടാകുമെന്ന് പോലീസ് പ്രഖ്യാപിക്കാറുണ്ടെങ്കിലും കൂടുതല്‍ പ്രതികളെ പിടികൂടാറില്ല. അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അക്രമങ്ങളുണ്ടാകുകയാണെങ്കില്‍ തടയാനും സംശയാസ്പദമായ സാഹചര്യങ്ങളില്‍ കാണുന്നവരെ ചോദ്യംചെയ്യാനും പോലീസിന് വകുപ്പുണ്ട്.
Content Highlights: Police`s haste in Karipur gold smuggling cases led to complications. Learn how customs is now involved and the reasons behind the ongoing legal battles.