ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ

#സ്വന്തം ലേഖകൻ
ഷീ ഫെസ്റ്റിൽ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് സംസാരിക്കുന്നു| photo: special arrangement
ഷീ ഫെസ്റ്റിൽ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് സംസാരിക്കുന്നു| photo: special arrangement

കണ്ണൂർ: എസ്എഫ്ഐ അഖിലേന്ത്യ ജോയിൻറ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന ഷീ ഫെസ്റ്റിന് കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചെങ്കിലും നിശ്ചയിച്ച പ്രകാരം പരിപാടി സംഘടിപ്പിച്ച് ക്യാമ്പസ് യൂണിയൻ. അനുമതി നിഷേധിച്ച പാലയാട് ക്യാമ്പസിലെ സെമിനാർ ഹാളിൽതന്നെ എസ്എഫ്ഐ നേതൃത്വം നൽകുന്ന കോളേജ് യൂണിയൻ ഷീ ഫെസ്റ്റ് നടത്തി. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഐഷി ഘോഷ് സംസാരിക്കുകയും ചെയ്തു.

ഷീ ഫെസ്റ്റ് നടത്താൻ സെമിനാർ ഹാൾ അനുവദിക്കില്ലെന്നും പരിപാടിക്ക് വിസിയുടെ അനുമതി ഇല്ലെന്നും കാണിച്ച് ക്യാമ്പസ് ഡയറക്ടർ എസ്എഫ്ഐ യൂണിയൻ ഭാരവാഹികൾക്ക് ഞായറാഴ്ച അറിയിപ്പ് നൽകിയിരുന്നു. എന്നാൽ എന്തു വിലകൊടുത്തും പരിപാടി നടത്തുമെന്ന് യൂണിയൻ ഭാരവാഹികൾ സർവകലാശാല അധികൃതർക്ക് മറുപടി നൽകി.

ജന്തർമന്തറിൽ വിദ്യാർഥി പ്രക്ഷോപങ്ങൾക്ക് നേതൃത്വം നൽകിയ ഐഷി ഘോഷ് പങ്കെടുക്കുന്നു എന്ന ഒറ്റ കാരണത്താലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. സംഘപരിവാറുകാരനായ വിസിയിൽനിന്ന് മുൻപും സമാന അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പസ് കാർണിവലിന്റെ ഭാഗമായാണ് ഷീ ഫെസ്റ്റ് നിശ്ചയിച്ചിരുന്നത്. പരിപാടികൾ സംഘടിപ്പിക്കുന്നതിന് മുൻകൂട്ടി അനുവാദവും സർവകലാശാല അധികൃതരിൽനിന്ന് വാങ്ങി. എന്നാൽ കഴിഞ്ഞദിവസമാണ് ഷീ ഫെസ്റ്റിന് അനുമതി നിഷേധിച്ചെന്ന അറിയിപ്പ് ലഭിച്ചത്. സെമിനാർ ഹാളിൽനിന്ന് പ്രചാരണ സാമഗ്രഹികൾ ഉൾപ്പെടെ നീക്കം ചെയ്യണമെന്നും നിർദേശിച്ചു. ക്യാമ്പസിൽ എന്ത് പരിപാടി നടത്തണമെന്ന് തീരുമാനിക്കുന്നത് യൂണിയനാണ്. അല്ലാതെ വിസി അല്ല. വിസിക്ക് ഇക്കാര്യത്തിൽ യാതൊരു റോളുമില്ല. തുടർപ്രക്ഷോഭങ്ങളിലേക്ക് എസ്എഫ്ഐ കടക്കും. സർവകലാശാല ആസ്ഥാനത്തേക്ക് ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിക്കാനാണ് നിശ്ചയിച്ചിരുക്കുന്നത്, അദ്ദേഹം വ്യക്തമാക്കി.

Content Highlights: Kannur University denies permission for SFI leader Aishe Ghosh's She Fest event, but SFI defies the ban and conducts it anyway.