ബോംബ് സ്‌ഫോടനത്തില്‍ അന്ന് സിപിഎമ്മിനെതിരേ ആരോപണം; സീന ഇനി ബിജെപി മണ്ഡലം സെക്രട്ടറി

തലശ്ശേരി: ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ തേങ്ങയെടുക്കാനെത്തിയ വയോധികന്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരേ ആരോപണമുന്നയിച്ച യുവതി ബിജെപി ഭാരവാഹിയായി ചുമതലയേറ്റു. എരഞ്ഞോളിയിലെ സീനയാണ് ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റത്. സീന തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.
2024 ജൂണ്‍ 18-നാണ് എരഞ്ഞോളി കുടക്കളത്ത് ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ സ്‌ഫോടനമുണ്ടായത്. പറമ്പില്‍ തേങ്ങയെടുക്കാനെത്തിയ കുടക്കളം ആയിനാട്ട് മീത്തല്‍ പറമ്പില്‍ ആയിനിയാട്ട് വേലായുധനാണ് (85)ബോംബ് പൊട്ടി മരിച്ചത്. ബോംബ് സ്‌ഫോടനം വാര്‍ത്തയായതിന് പിന്നാലെ വേലായുധന്റെ അയല്‍വാസിയായ സീന അന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. പ്രദേശം ബോംബ് നിര്‍മാണ ഹബ്ബാണെന്നും സിപിഎം പ്രവര്‍ത്തകര്‍ പറമ്പില്‍നിന്ന് ബോംബുകള്‍ എടുത്തുമാറ്റിയെന്നുമാണ് സീന അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് പിന്നീട് വലിയ ചര്‍ച്ചയാവുകയുംചെയ്തു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം പ്രാദേശിക നേതാക്കള്‍ തന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സീന അന്ന് ആരോപിച്ചിരുന്നു. മകളെ പറഞ്ഞ് മനസ്സിലാക്കണമെന്നാണ് പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി തന്റെ അമ്മയോട് പറഞ്ഞതെന്നും സീന പറഞ്ഞിരുന്നു. എന്നാല്‍, സീനയുടെ വെളിപ്പെടുത്തലുകളും ഇവര്‍ ഉന്നയിച്ച ആരോപണങ്ങളും സിപിഎം നിഷേധിച്ചിരുന്നു.
Content Highlights: Seena maniath, who accused CPM after a bomb blast in Thalassery, Kerala, has joined BJP.