കൈപ്പത്തി തകര്‍ന്ന സംഭവം: ബോംബല്ല, പൊട്ടിയത് ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പടക്കമെന്ന് ഇപി ജയരാജന്‍

#ന്യൂസ് ഡെസ്‌ക്
വിപിൻ സ്‌ഫോടകവസ്തു കൈയില്‍പിടിച്ച് നില്‍ക്കുന്ന ദൃശ്യം(ഇടത്ത്) ഇ.പി. ജയരാജൻ(ഫയല്‍ചിത്രം, വലത്ത്)
വിപിൻ സ്‌ഫോടകവസ്തു കൈയില്‍പിടിച്ച് നില്‍ക്കുന്ന ദൃശ്യം(ഇടത്ത്) ഇ.പി. ജയരാജൻ(ഫയല്‍ചിത്രം, വലത്ത്)

കണ്ണൂര്‍: പിണറായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നത് ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായുണ്ടാക്കിയ പടക്കം പൊട്ടിയാണെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. സംഭവം ബോംബ് സ്‌ഫോടനമാണെന്ന് വ്യാഖാനിച്ച് കണ്ണൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

''നിങ്ങള്‍ സംഭവസ്ഥലത്ത് പോയോ, ഞാന്‍ അവിടെ പോയിട്ടില്ല. പക്ഷേ, ഞങ്ങളുടെ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ അവിടെപോയി. അവരില്‍നിന്നും മനസിലാക്കാന്‍ കഴിഞ്ഞകാര്യം, ക്രിസ്മസൊക്കെ വരുമ്പോള്‍ നാട്ടിന്‍പുറങ്ങളിലൊക്കെ പുതുവര്‍ഷാഘോഷമുണ്ടാകും. അതിന്റെ ഭാഗമായിട്ട് ഈ ഓലപ്പടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കും. സാധാരണ ഗതിയിലുള്ള ചരടുകൊണ്ട് കെട്ടിയുണ്ടാക്കിയ പടക്കമാണത്. ചരടുകൊണ്ടുള്ള കെട്ട് അല്പം മുറുകി പോയാല്‍ സ്‌ഫോടനമുണ്ടാകും. അതിന്റെ വളരെ പ്രാക്ടിക്കലായി അനുഭവപരിചയമുള്ളവര്‍ അല്ലെങ്കില്‍ അപകടമുണ്ടാകും. അങ്ങനെയുള്ള ഒരു അപകടമാണ്. ആ അപകടത്തെ ബോംബ് സ്‌ഫോടനമായും ആക്രമണോത്സുക തയ്യാറെടുപ്പാണെന്നും വ്യാഖാനിച്ച് ദയവുചെയ്ത് നമ്മുടെ സമാധാന അന്തരീക്ഷത്തെ ആരും തകര്‍ക്കരുത്'', ഇ.പി. ജയരാജന്‍ പറഞ്ഞു.

പിണറായിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവര്‍ത്തകനായ വിപിന്‍രാജിന്റെ കൈപ്പത്തി തകര്‍ന്നതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പടക്കം പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് പിണറായി പോലീസിന്റെ എഫ്‌ഐആര്‍. വിപിന്‍ സ്‌ഫോടകവസ്തു അശ്രദ്ധമായി കൈകാര്യംചെയ്‌തെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ കൈവശം എങ്ങനെ സ്‌ഫോടകവസ്തു എത്തിയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ബോംബ് പൊട്ടിയാണ് സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നതെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്.

Content Highlights: CPM leader E.P. Jayarajan clarifies a Pinarayi incident involved a firecracker, not a bomb, urging against disrupting peace. Police investigat