കണ്ണൂര്‍ പഴയങ്ങാടി പാലത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ഇന്ധനച്ചോര്‍ച്ചയില്ല

കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കർ ലോറി | ഫോട്ടോ: റിഥിന്‍ ദാമു/ മാതൃഭൂമി
കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കർ ലോറി | ഫോട്ടോ: റിഥിന്‍ ദാമു/ മാതൃഭൂമി

കണ്ണൂര്‍: പഴയങ്ങാടി പാലത്തിന് മുകളില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. നിയന്ത്രണംവിട്ട ലോറി രണ്ടുവാഹനങ്ങളില്‍ ഇടിച്ചശേഷം മറിയുകയായിരുന്നു. വാതകച്ചോർച്ച ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മംഗലാപുരത്തുനിന്ന് പാചകവാതകവുമായി കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിൽ വന്ന ടാങ്കർ ലോറി എതിർ ദിശയിൽ വന്ന ടെമ്പോ ട്രാവലറിൽ ഇടിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലോറി എതിർ ദിശയിൽ വന്ന രണ്ട് കാറുകളെ ഇടിച്ച് മറയുകയായിരുന്നു.

ടാങ്കർ ലോറി ഡ്രെെവർ ഉൾപ്പെടെ നാല് പേർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവിൽനിന്ന് വിദഗ്ധർ എത്തി ലോറിയിൽനിന്ന് ഇന്ധനം മാറ്റിത്തിടങ്ങി. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. 

പഴയങ്ങാടി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. തളിപ്പറമ്പ് - കണ്ണൂർ ദേശീയ പാതവഴി വാഹനങ്ങൾ തിരിച്ചുവിടുന്നുണ്ട്.

Content Highlights: tanker lorry accident at Kannur Pazhangadi bridge