ദൗത്യം വിജയം; മട്ടന്നൂരിനെ വിറപ്പിച്ച കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടിച്ചു

കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടിയപ്പോൾ
കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടിയപ്പോൾ

കണ്ണൂര്‍: മട്ടന്നൂരിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടിച്ചു. ചിത്രാരിയിലെ റോഡരികിലെ കാടുപിടിച്ച സ്ഥലത്തുവെച്ചാണ് കാട്ടുപോത്തിനെ മയക്കുവെടിവെച്ചത്. വെറ്ററിനറി ഡോക്ടര്‍ ഇല്യാസിന്റെയും വനംവകുപ്പ് അധികൃതരുടെയും നേതൃത്വത്തിലായിരുന്നു ദൗത്യം. പിടികൂടിയ കാട്ടുപോത്തിനെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷം ആറളം വന്യജീവി സങ്കേതത്തില്‍ വിടും.

വ്യാഴാഴ്ച രാത്രി മുതലാണ് മട്ടന്നൂര്‍ കിളിയങ്ങാട്, മേറ്റടി മേഖലകളില്‍ കാട്ടുപോത്തിനെ ആദ്യം കണ്ടത്. കിളിയങ്ങാട്, മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം തന്നെ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. സമീപത്ത് വനപ്രദേശങ്ങളില്ലാത്തതിനാല്‍ പോത്തിനെ തുരത്താന്‍കഴിഞ്ഞില്ല. ഇതെത്തുടര്‍ന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് ഇതിനുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍ ഇല്യാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ക്രെയിന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും വാഹനവും ഒരുക്കിയെങ്കിലും നേരം വൈകിയതോടെ വെടിവെക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കിളിയങ്ങാട് നിരമ്മലിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് കാട്ടുപോത്ത് വെള്ളിയാഴ്ച രാവിലെ ഉണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ കാട്ടുപോത്ത് ചിത്രാരിയിലെത്തി. ഇവിടെവെച്ചാണ് കാട്ടുപോത്തിനെ മയക്കുവെടിവെച്ചത്.

Content Highlights: A wild buffalo that strayed into a residential area in Mattannur, Kannur was successfully tranquilized and captured. The operation was led by veterinary doctors and forest officials.