കെ.എസ്.യു പ്രതിഷേധം അതിരുവിട്ടു, ആരോഗ്യമന്ത്രിക്ക് പരിക്ക്

#ന്യൂസ് ഡെസ്ക്
കെഎസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിൽ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ ഇരിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ/മാതൃഭൂമി
കെഎസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിൽ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ ഇരിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ/മാതൃഭൂമി

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രതിഷേധം. മന്ത്രിയെ തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. അപ്രതീക്ഷിതമായ പ്രതിഷേധത്തിൽ വീണാ ജോർജിന് പരിക്കേറ്റു. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ചായിരുന്നു കെ.എസ്.യു പ്രതിഷേധം. കഴുത്തിനും കൈയ്ക്കും പരിക്കേറ്റുവെന്നാണ് വിവരം. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടയിൽ മന്ത്രി പെട്ടുപോവുകയായിരുന്നുവെന്നാണ് വിവരം. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂരിൽ വ്യാപകമായി വീണാ ജോർജിനെതിരെ പ്രതിഷേധമുയർന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ എകെജി ആശുപത്രിക്ക് സമീപം മന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി പ്രതിഷേധിച്ചിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയതിന് ശേഷമാണ് മന്ത്രിക്ക് യാത്ര തുടരാനായത്. ഇതിന് ശേഷമാണ് മന്ത്രിക്ക് നേരെ കെ.എസ്.യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിഷേധവുമായെത്തിയത്. വാഹനത്തിൽ നിന്നിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് കയറിയ സമയത്താണ് പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകരെത്തിയത്.

കണ്ണൂരിൽ വിവിധ പരിപാടികൾക്കായാണ് മന്ത്രിയെത്തിയത്. ഈ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിവിധ ഇടങ്ങളിൽ വെച്ച് പ്രതിഷേധമുയർന്നിരുന്നു. ആദ്യം കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തി. ഇതിന് ശേഷം പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. ഇതിന് ശേഷം കണ്ണൂർ നഗരത്തിലെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധിച്ചു. ഇതെല്ലാം കഴിഞ്ഞ് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് കെ.എസ്.യു പ്രതിഷേധമുണ്ടായത്. വഴിതടഞ്ഞ കെ.എസ്.യു പ്രവർത്തകരോട് മന്ത്രി രൂക്ഷമായി പ്രതികരിച്ചിരുന്നു.

Content Highlights: Health Minister Veena George sustained injuries during an unexpected KSU protest at Kannur Railway Station. She was hospitalized for a neck injury.