കണ്ണൂരിലെ കിഫ്ബി ഭൂമിയിൽ പദ്ധതിവരുമെന്ന് കുഞ്ഞാലിക്കുട്ടി; നന്ദിയുണ്ട്, പലർക്കും ഉത്തരമായെന്ന് പിണറായി

#സ്വന്തം ലേഖകൻ
പ്രതിപക്ഷ നേതാവ് പിണറായി വിജയനും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും (ഫയല്‍ചിത്രം) |ഫോട്ടോ:മാതൃഭൂമി
പ്രതിപക്ഷ നേതാവ് പിണറായി വിജയനും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും (ഫയല്‍ചിത്രം) |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: കണ്ണൂരിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കിൻഫ്ര ഏറ്റെടുത്ത ഭൂമി സംബന്ധിച്ച് വിവാദം കൊഴുക്കുന്നതിനിടെ, അവിടെ വ്യവസായകേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു. ഒന്നിനും കൊള്ളാത്ത ഭൂമിയല്ല ഏറ്റെടുത്തതെന്ന് മന്ത്രി സമ്മതിച്ചതിൽ നന്ദിയുണ്ടെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. മന്ത്രിയുടെ മറുപടി പലർക്കുമുള്ള ഉത്തരമാണെന്നും കൂട്ടിച്ചേർത്തു.

വിമാനത്താവളത്തിനുസമീപം കിൻഫ്ര ഏറ്റെടുത്ത 475 ഏക്കർ കേന്ദ്രസർക്കാരിന്റെ ഭാരത് ഔദ്യോഗിക് വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്താൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പനയത്താംപറമ്പിലുള്ള 447 ഏക്കറിൽ വ്യവസായകേന്ദ്രം സ്ഥാപിക്കാൻ നടപടിയായെന്നും മന്ത്രി പറഞ്ഞു.

കണ്ണൂരിൽ അഞ്ചിരട്ടി വിലകൊടുത്ത് ഏറ്റെടുത്ത സ്ഥലം വെറുതേ കിടക്കുകയാണെന്നാണ് കിഫ്ബിയെക്കുറിച്ച് പഠിച്ച കമ്മിറ്റി ചൂണ്ടിക്കാണിച്ചത്. ക്വാറികളും ചെങ്കൽക്വാറികളും നിറഞ്ഞ സ്ഥലമാണിതെന്ന് ഹൈക്കോടതി നിയോഗിച്ച കമ്മിറ്റിയും അഭിപ്രായപ്പെട്ടു. തുക അധികമാണെന്നും തിരിച്ചുപിടിക്കണമെന്നും ശുപാർശയുണ്ട്.

ദീർഘകാലപദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നത് താത്കാലിക ഉപയോഗം നോക്കിയല്ലെന്നായിരുന്നു സി.പി.എമ്മിന്റെയും പ്രതിപക്ഷനേതാവിന്റെയും നിലപാട്.

തുറമുഖങ്ങൾക്കും വിമാനത്താവളങ്ങൾക്കും സമീപം പുതിയ വ്യവസായകേന്ദ്രങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് കെ.പി. നൗഷാദ് അലി, സി.ആർ. മഹേഷ്, കെ. പ്രവീൺകുമാർ, സിറിയക് തോമസ് എന്നിവരുടെ ചോദ്യങ്ങൾക്കാണ് മന്ത്രി കുഞ്ഞാലിക്കുട്ടി സഭയിൽ മറുപടിനൽകിയത്. പിന്നാലെ പ്രതിപക്ഷനേതാവ് എഴുന്നേറ്റു. എന്തോ ചോദിക്കാനാണ് എന്നുകണക്കാക്കി സ്പീക്കർ മൈക്ക് നൽകുകയും ചെയ്തു. ഒന്നുംചോദിക്കാനില്ലെന്നും മന്ത്രിയുടെ മറുപടിക്ക് നന്ദിപറയുക മാത്രമാണെന്നും പിണറായി പറഞ്ഞു.

അന്വേഷിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിൽ അനാവശ്യമായി ഭൂമി ഏറ്റെടുത്തതടക്കമുള്ള കിഫ്‌ബി ഇടപാടുകളെല്ലാം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ ഉപധനാഭ്യർഥന ചർച്ചയ്ക്കു മറുപടിപറയുകയായിരുന്നു അദ്ദേഹം.

ബജറ്റിനുപുറത്ത് കിഫ്‌ബി വായ്പയെടുക്കാൻ തുടങ്ങിയപ്പോൾത്തന്നെ അത് ഭരണഘടനാവിരുദ്ധമാണെന്ന് പ്രതിപക്ഷത്തിരുന്ന ഞാൻ മുന്നറിയിപ്പുനൽകിയിരുന്നു. ഒന്നാം പിണറായി സർക്കാർ അതു കേട്ടില്ല. 2021-ൽ യു.ഡി.എഫ്. സർക്കാർ വരുമെന്നുകരുതി, വായ്പാഭാരം ആ സർക്കാരിന്റെ തലയിലാവുമെന്ന് ധനമന്ത്രി തോമസ് ഐസക് വിചാരിച്ചു. കെ.എൻ. ബാലഗോപാലിന്റെ തലയിലാണ് ആ ഭാരം വന്നത്. കണ്ണൂരിൽ ആയിരം ഏക്കർ ഒരു കാര്യവുമില്ലാതെ ഏറ്റെടുത്തു. ക്വാറിയും മറ്റും ഉൾപ്പെട്ട സ്ഥലമാണത്. വേറെ നാലായിരം ഏക്കർകൂടി ഏറ്റെടുക്കാൻ ശ്രമിച്ചു. -മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കിഫ്‌ബിയുടെപേരിൽ കേന്ദ്രം കടം വെട്ടിക്കുറച്ചതിനെയാണ് സുപ്രീംകോടതിയിൽ എൽ.ഡി.എഫ്. ചോദ്യംചെയ്യുന്നതെന്നും ഭരണഘടനാബെഞ്ച് പരിഗണിക്കുന്ന ആ കേസിൽ സർക്കാർ എന്തുചെയ്യുമെന്നും കെ.എൻ. ബാലഗോപാൽ ചോദിച്ചു.

Content Highlights: Minister P.K. Kunjhalikutty announced that an industrial center will be established on KINFRA land acquired using KIIFB funds in Kannur., The 475 acres near the airport have been proposed to be included in the central government's Bharat Audyogik Vikas Yojana scheme., Opposition leader Pinarayi Vijayan thanked the minister for the clarification, stating it answers many criticisms regarding the land acquisition.