ലൈഫ്ജാക്കറ്റ് ഊരിനൽകി മരണമുഖത്ത് നിന്നും ബെന്നിക്ക് മറുപിറവി നൽകി; രാജേഷ് തിരിച്ചുവരുമെന്ന് പ്രതീക്ഷ

#സിബി ചെറുപുഴ
രാജേഷ്, ബെന്നി
രാജേഷ്, ബെന്നി

ചെറുപുഴ: ‘‘രാജേഷും കൂട്ടുകാരും വന്നില്ലായിരുന്നെങ്കിൽ ഇന്ന് തനിക്കായി തിരച്ചിൽ നടത്തേണ്ടിവരുമായിരുന്നു. അറുപത്തിയൊന്നുകാരനായ തനിക്ക് എന്തെങ്കിലും പറ്റിയാലും സാരമില്ലായിരുന്നു.’’ തന്നെ രക്ഷിക്കാൻ രാജേഷ് വരേണ്ടിയിരുന്നില്ലായെന്നും ബെന്നി പരിതപിക്കുന്നു.

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ റെപ്പലിങ് ഇൻസ്ട്രക്ടർ തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ്‌ ഭവനിൽ ആർ. രാജേഷിനെ (36) ഓർത്ത് സങ്കടപ്പെടുകയാണ് ബെന്നി. ബെന്നിയെ രക്ഷിക്കുന്നതിനിടെയാണ്‌ രാജേഷ്‌ ഒഴുക്കിൽപ്പെട്ടത്‌.

11.30-ഓടെ കർണാടകവനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞ് മീന്തുള്ളി നോർത്തിലെ കൃഷിയിടത്തിൽ എത്തിയതായിരുന്നു ബെന്നി. കർണാടകവനത്തിനും കാര്യങ്കോടുപുഴയ്ക്കും ഇടയിലുള്ള തുരുത്താണ് അവിടം. കാല്‌ മൂടാനുള്ള വെള്ളമേയുണ്ടായിരുന്നുള്ളൂ. കാപ്പിത്തൈകളിൽ അടിഞ്ഞുകൂടിയ ചപ്പുചവറുകൾ നീക്കി.

മൂന്നുമണിയോടെ പുഴയിൽ വെള്ളം കൂടിവരാൻ തുടങ്ങി. മോട്ടോറും യന്ത്രസാമഗ്രികളും പണിയായുധങ്ങളും വേഗം എടുത്തുവെച്ച് മടങ്ങാൻ തീരുമാനിച്ചു.

കാണക്കാണെ പെട്ടെന്ന് പെരുകിവരുന്ന വെള്ളം അരയ്ക്കൊപ്പമായപ്പോൾ കാര്യം കുഴപ്പമാണെന്ന് മനസ്സിലായി. 1971 മുതൽ പരിചയമുള്ളതാണ് പുഴയും പുഴയുടെ ഒഴുക്കും. വേഗം ഫോണെടുത്ത് ഭാര്യ ആൻസിയെ വിളിച്ച്‌ വിവരം പറഞ്ഞു. തുടർന്ന് പഞ്ചായത്തംഗം റോഷി ജോസിനെ വിളിച്ചു. പേടിക്കണ്ട, അഗ്നിരക്ഷാസേനയെ അയക്കാമെന്ന് പറഞ്ഞു. ഇരുവശത്തുകൂടിയും വെള്ളം കുത്തിയൊഴുകാൻ തുടങ്ങി.

ശക്തമായ ഒഴുക്കിൽ കാലിടറിയതോടെ ഫോൺ തെറിച്ചുപോയി. ചെരിപ്പും പോയി. ഒഴുക്കിനെ പ്രതിരോധിക്കാൻ ഷർട്ടും ഊരിവിട്ടു. കാടുവെട്ട് യന്ത്രവും മോട്ടോറും പണിയായുധങ്ങളും സൂക്ഷിച്ചിരുന്ന ഷെഡ് അടക്കം ഒഴുകിപ്പോയി. വെള്ളം കഴുത്തറ്റമായപ്പോൾ തെങ്ങിൽ വട്ടംപിടിച്ച് നിന്നു. ദൂരെനിന്ന് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളും വരുന്നത് കണ്ടു. എറിഞ്ഞുകൊടുത്ത കയർ തെങ്ങിൽ കെട്ടുന്നതിനിടെ വിരൽ അതിനിടയിൽ മുറുകി. അതഴിച്ച് കെട്ടുമ്പോഴേക്കും രാജേഷ് നീന്തി അടുത്തെത്തി. രാജേഷ് തന്റെ ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചു. പിന്നെ ബെന്നി മുന്നിലും ഷിബിനും ജിതിനും ഏറ്റവും പിന്നിലായി രാജേഷും കയറിൽ തൂങ്ങി ഇക്കരയ്ക്ക് തിരിച്ചു. 40 മീറ്ററോളം വീതിയുണ്ട് പുഴയ്ക്ക്. കുത്തനെയുള്ള ഒഴുക്കും പാറക്കെട്ടുമാണ് പുഴയിൽ. കരയ്ക്ക് കയറി തിരിഞ്ഞുനോക്കുമ്പോഴാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്‌ കണ്ടതെന്ന്‌ ബെന്നി പറഞ്ഞു.

അപകടം അതിജീവിക്കും; രാജേഷ് തിരിച്ചുവരും

സാഹസികത എന്നും ഹരമായിരുന്ന, ദുരന്തമുണ്ടായാൽ ഭയമില്ലാതെ ഓടിയെത്തുന്ന രാജേഷിനായുള്ള കാത്തിരിപ്പിലാണ് കുടുംബവും നാട്ടുകാരും സുഹൃത്തുക്കളും. കല്ലിയൂർ കിഴക്കെ തെറ്റിവിള രാജേഷ് ഭവനിൽ രാജശേഖരന്റെയും ഗീതയുടെയും മകൻ രാജേഷിനെ (36) കണ്ണൂരിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ രക്ഷാപ്രവർത്തനത്തിനിടെയാണ് കാണാതായത്.

കണ്ണൂരിലെ ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടയിൽ റാപ്പലിങ് ഇൻസ്ട്രക്ടർ രാജേഷ് ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഞായറാഴ്ച രാത്രി വൈകിയും കണ്ടെത്തിയില്ല.

ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. കർണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ സമ്പന്നയിൽ ബെന്നിയെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടയിലാണ് അപകടമുണ്ടായത്. പുഴയ്ക്ക് ഇക്കരെ എത്താറായപ്പോൾ കയറിൽനിന്ന് പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. പാറക്കെട്ടുകളിൽ കയറിൽ പിടിച്ചുകയറുന്നതിൽ വിദഗ്‌ധനായ രാജേഷിന് നന്നായി നീന്തലറിയാവുന്നതിനാൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗമായ രാജേഷ് ഒരു മാസം മുമ്പാണ് കണ്ണൂരിൽ പരിശീലനത്തിന്റെ ഭാഗമായി പോയത്. ഒരാഴ്ചമുമ്പ് രാജേഷ് നാട്ടിലെത്തി മടങ്ങിയിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കായികതാരംകൂടിയായ രാജേഷ് ത്രോ ബോളിൽ ദേശീയ ടീം അംഗമാണ്. പ്രളയമുണ്ടായപ്പോഴും വയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. എൻ.സി.സി. കേഡറ്റുകൾക്ക് ട്രക്കിങ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

രാജേഷിനെ കാണാതായെന്നറിഞ്ഞ് സുഹൃത്തുക്കൾ ശനിയാഴ്ച രാത്രിതന്നെ കണ്ണൂരിലേക്ക് തിരിച്ചു. രണ്ടുവർഷം മുമ്പാണ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്‌ജിത്ത് ട്രെയിനിൽനിന്നു വീണ് മരിച്ചത്. ആശയാണ് സഹോദരി. ഭാര്യ: ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്.

Content Highlights: Rappelling instructor Rajesh went missing in Kannur after saving Benny from flooded Meenthulli island.