സീറ്റില്ല, ചായ്വ് ഇല്ലാത്തയാളെ പരിഗണിക്കുകയും ചെയ്യുന്നു; കടുത്ത അതൃപ്തിയിൽ സുധാകരൻ

കണ്ണൂർ:കണ്ണൂർ നിയമസഭ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ ഉയർന്ന കലാപം അവസാനിക്കുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർഥിപ്പട്ടിക വരുമെന്ന് പറഞ്ഞ പാർട്ടിയിൽ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. പ്രചാരണത്തിൽ ഏർപ്പെടാൻ ഇനി 21 ദിവസം മാത്രമേ ബാക്കിയുള്ളൂ എന്ന സ്ഥിതിയായിട്ടും മണ്ഡലത്തിലെ സ്ഥാനാർഥി ആരെന്ന ധാരണയിൽ എത്താനാകാത്ത വിഷമവൃത്തത്തിലാണ് പാർട്ടി. സീറ്റിനായി രണ്ടുചേരികൾ തമ്മിലുള്ള പിടിവലിയാണ്. കൂടുതൽ അനുകൂല എം.എൽ.എ.മാരെ ലഭിക്കാൻ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല വിഭാഗങ്ങൾ നടത്തുന്ന ചരടുവലികളാണ് തടസ്സമാകുന്നതെന്ന് ജില്ലാ നേതാക്കൾ സ്വകാര്യമായി പങ്കുവെക്കുന്നു.
തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് കെ.പി.സി.സി. മുൻ പ്രസിഡന്റ് കെ. സുധാകരൻ എം.പി. ആവശ്യമുയർത്തുകയും എം.പി.മാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുകയും ചെയ്തതോടെയാണ് ഇവിടെ പ്രതിസന്ധി രൂപപ്പെട്ടത്. നേതൃത്വവുമായി പിണങ്ങി തുടർചർച്ചയിൽ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങിയ സുധാകരൻ ചൊവ്വാഴ്ച വീണ്ടും ഡൽഹിയിൽ പോയിട്ടുണ്ട്. നേതൃത്വത്തിന്റെ അനുനയശ്രമങ്ങൾക്ക് വഴങ്ങാതെ സുധാകരൻ ബലം പിടിച്ചുനിൽക്കുന്നതിനാൽ തീരുമാനം ഇനിയും വൈകിയേക്കും. സുധാകരന് സീറ്റില്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്ന ആളെ സ്ഥാനാർഥിയാക്കാമെന്ന ഫോർമുല നേതൃത്വം മുന്നോട്ടുവെക്കും എന്നാണ് നേരത്തേ കേട്ടിരുന്നത്. എന്നാൽ ഇതിന് വിപരീതമായി മറ്റൊരു പേര് ഉയർന്നുവന്നത് സുധാകരനെ കൂടുതൽ ചൊടിപ്പിച്ചു എന്നാണ് പുതിയ വിവരം. കണ്ണൂരിലെ സ്ഥാനാർഥിയായി വി.ഡി. സതീശൻ മുന്നോട്ടുവെച്ച പേരിനോട് കെ.സി. വേണുഗോപാലും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലേക്ക് സുധാകരവിഭാഗവും മാറി. സീറ്റില്ലെന്ന് പറയുക മാത്രമല്ല ചായ്വ് ഇല്ലാത്തയാളെ പരിഗണിക്കുകയും ചെയ്യുന്നു എന്നതാണ് സുധാകരനെ കൂടുതൽ ചൊടിപ്പിച്ചതെന്ന് ഈ പക്ഷത്തെ നേതാക്കൾ പറയുന്നു.
സുധാകരൻ നിർദേശിക്കുന്നയാൾക്ക് സീറ്റ് നൽകണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും. ഡൽഹിയിലുള്ള സുധാകരനെ ചൊവ്വാഴ്ച രമേശ് ചെന്നിത്തല സന്ദർശിച്ച് ആശയവിനിമയം നടത്തി.
ഇതിനിടയിൽ തീയ്യ പ്രാതിനിധ്യമെന്ന ആവശ്യമുയർത്തിയും സമ്മർദം ഉയരുന്നുണ്ട്. വി.ഡി. സതീശൻ മുന്നോട്ടുവെച്ച പേര് ഈ വിഭാഗത്തിൽ നിന്നുള്ളതല്ല.
അതിനിടെ കണ്ണൂർ, മട്ടന്നൂർ, കല്യാശ്ശേരി ഒഴികെ കോൺഗ്രസ് മത്സരിക്കുന്ന ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ധർമടത്ത് മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൾ റഷീദ് മത്സരിക്കും. തലശ്ശേരിയിൽ കെ.പി. സാജു സ്ഥാനാർഥിയാകും. ഇരിക്കൂറിൽ സിറ്റിങ് എം.എൽ.എ. സജീവ് ജോസഫും പേരാവൂരിൽ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും മുൻതീരുമാന പ്രകാരം മത്സരിക്കും.
Content Highlights: Ongoing internal conflict within Congress regarding the Kannur assembly seat., Tension between VD Satheesan and K Sudhakaran factions stalling candidate selection., High command's decision against MPs contesting has created a leadership vacuum., Caste-based representation demands adding further complexity to the nomination process., Candidates for other constituencies in the district have already been finalized.