കോൺഗ്രസ് നേതൃത്വത്തിലുള്ള ബിൽഡിങ് മെറ്റീരിയൽ സൊസൈറ്റിയിൽ ക്രമക്കേട്; നിക്ഷേപകർ ഡിസിസി ഓഫീസിലെത്തി

ചക്കരക്കല്ല്(കണ്ണൂര്‍): കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ജില്ലാ ബില്‍ഡിങ് മെറ്റീരിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലുണ്ടായ സാമ്പത്തിക ക്രമക്കേട് കാരണം തുക നഷ്ടപ്പെട്ട നിക്ഷേപകര്‍ ഡിസിസി ഓഫീസിലേക്ക് പരാതിയുമായെത്തി. വലിയ തുക സൊസൈറ്റിയില്‍ നിക്ഷേപിച്ച് കാലാവധിയെത്തിയിട്ടും നിക്ഷേപത്തുക തിരികെ ലഭിക്കാത്തവരാണ് ഡിസിസിയില്‍ പരാതി നല്‍കിയത്. സഹകരണവകുപ്പിലെ ജെആര്‍, എആര്‍ ഓഫീസുകളിലും ഇവര്‍ പരാതി നല്‍കി.
അന്‍പതോളം നിക്ഷേപകരാണ് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഈ കേന്ദ്രങ്ങളിലേക്ക് എത്തിയത്. നിരവധിതവണ നിക്ഷേപത്തുക തിരിച്ചുതരണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ സൊസൈറ്റിയില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച 50 ലക്ഷം രൂപ നിക്ഷേപകര്‍ക്ക് വീതിച്ച് നല്‍കുമെന്ന വിവരം കിട്ടിയതിനെത്തുടര്‍ന്ന് 200-ഓളം പേര്‍ ചക്കരക്കല്ലിലെ സൊസൈറ്റിയില്‍ രാവിലെത്തന്നെ എത്തിയിരുന്നു. പക്ഷേ, സൊസൈറ്റി ചൊവ്വാഴ്ച തുറന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ സംഘടിച്ച് സഹകരണ വകുപ്പ് അധികൃതരുടെ ഓഫീസിലേക്കും ഡിസിസിയിലേക്കും പോയത്.
സെക്രട്ടറിയുടെ നേതൃത്വത്തില്‍ പണം തിരിമറി നടന്നതായി ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സെക്രട്ടറി ഷാജിയെ ഏതാനും ആഴ്ച മുമ്പ് സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ഭരണസമിതിയിലെ ഒരംഗത്തിനാണ് ചുമതല നല്‍കിയത്. തുക വകമാറി ചെലവഴിച്ചത് സെക്രട്ടറിക്കുമാത്രം അറിയാവുന്ന കാര്യമാണെന്ന് സൊസൈറ്റിയിലെ മറ്റുള്ളവര്‍ പറയുന്നു. സംസ്ഥാന നേതാവും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.സി.മുഹമ്മദ് ഫൈസലാണ് സൊസൈറ്റി പ്രസിഡന്റ്.
സ്ഥിരനിക്ഷേപങ്ങള്‍ കാലാവധി കഴിഞ്ഞിട്ടും പിന്‍വലിക്കാനെത്തുന്നവരെ പലതവണ അവധി പറഞ്ഞ് തിരിച്ചയക്കുന്ന രീതിയാണ് സൊസൈറ്റി അധികൃതര്‍ സ്വീകരിച്ചത്. ഇതില്‍ ക്ഷുഭിതരായവര്‍ പല ദിവസങ്ങളിലും വലിയ ബഹളമുണ്ടാക്കിയാണ് തിരിച്ചുപോയത്. ഒന്നരക്കോടിയോളം രൂപയാണ് തിരിച്ചുനല്‍കാനുള്ളതെന്നാണ് സെക്രട്ടറി പറയുന്നത്.
എന്നാല്‍ കണക്കനുസരിച്ച് നാലുകോടി രൂപയോളം രൂപ പലര്‍ക്കുമായി കിട്ടാനുണ്ടെന്നാണ് നിക്ഷേപകര്‍ പറയുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ഡിസിസി രണ്ടംഗസമിതിയെ നിയോഗിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.
Content Highlights: Investors protest outside DCC office in Kannur over financial irregularities in building society