4055 ദിവസം പിന്നിട്ട് ഒരു കുടുംബത്തിന്റെ സമരം; കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നത്തിൽ സർക്കാർ ഇടപെടൽ

#സ്വന്തം ലേഖകൻ
വയനാട് കളക്ടറേറ്റിന് മുന്നിൽ സമരം നടത്തുന്ന ജെയിംസ്‌
വയനാട് കളക്ടറേറ്റിന് മുന്നിൽ സമരം നടത്തുന്ന ജെയിംസ്‌

കൽപറ്റ: കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നത്തിൽ നിയമപരമായ ശാശ്വത പരിഹാരം കണ്ടെത്താൻ റിട്ടയേർഡ് ജഡ്ജിയുടെ സേവനം ലഭ്യമാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വനം-കൃഷി വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിൽ കൽപറ്റ റസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാഞ്ഞിരത്തിനാൾ ജോർജ്ജിന്റെ ഭൂമി നിയമപരമായി കുടുംബത്തിന് തിരികെ നൽകാനുള്ള നിയമ സാധ്യതകൾ പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. പരിശോധനകൾ കാര്യക്ഷമമാക്കാൻ റിട്ടയേർഡ് ജഡ്ജിയെ സഹായിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. നിയമ സാധ്യതകൾ പരിശോധിച്ച് ഒരു മാസത്തിനകം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാൻ യോഗത്തിൽ മന്ത്രി നിർദേശിച്ചു.

ട്രിബ്യൂണൽ, ഹൈക്കോടതി സിംഗിൾ ബെഞ്ച്, ഡിവിഷൻ ബെഞ്ചുകളുടെ വ്യത്യസ്ത വിധികൾ, വിധിന്യായങ്ങൾ നിലവിലുള്ളതിനാലാണ് കേസ് നിയമപരമായി സങ്കീർണമായത്. സർക്കാർ കാഞ്ഞിരത്തിനാൽ കുടുംബത്തിനൊപ്പമാണെന്നും ഭൂമി പ്രശ്‌നത്തിൽ ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് ജില്ലയിലെത്തിയതെങ്കിലും കോടതി വിധിയുള്ള സാഹചര്യത്തിൽ സമിതി വിഷയം പഠിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന്റെ നിസഹായവസ്ഥ കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വയനാട് കളക്ടറേറ്റ് പടിക്കൽ സമരം ചെയ്യുന്ന കാഞ്ഞിരത്തിനാൽ ജെയിംസിനോട് സമരം അവസാനിപ്പിക്കണമെന്നും യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടു.

കാഞ്ഞിരത്തിനാൽ ഭുമി പ്രശ്‌നത്തിൽ കുടുംബത്തിന് നീതി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദിഖ് പറഞ്ഞു. ഭൂമിയുടെ മൂന്ന് ഭാഗവും ജനങ്ങൾ താമസിക്കുകയും കൃഷി ഭൂമിയും ഒരു ഭാഗത്ത് പുഴയുമായിരുന്നിട്ടും വനഭൂമിയായി പ്രഖ്യാപിച്ച് കുടുംബത്തെ കുടിയൊഴിപ്പിച്ച നടപടി വൈകാരികവും അനീതി നിറഞ്ഞതുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനം വകുപ്പിന്റെ ഭാഗത്ത് നിന്നും കർഷകന്റെ ഭൂമി പിടിച്ചെടുക്കുന്ന നടപടികൾ ഉണ്ടാവില്ല. കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് നടത്തിയ നിരന്തമായ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയമപരമായ മാർഗ്ഗത്തിലൂടെ കുടുംബത്തിന് പൂർണ്ണ നീതി ഉറപ്പാക്കാൻ പുതിയ നീക്കം നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

തൊണ്ടർനാട് പഞ്ചായത്തിൽ കാഞ്ഞിരങ്ങാട് വില്ലേജിൽ വില കൊടുത്തുവാങ്ങിയ പന്ത്രണ്ടേക്കർ ഭൂമി വനംവകുപ്പ് പിടിച്ചെടുത്തതിനെതിരേയാണ് കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി കാഞ്ഞിരത്തിനാൽ കുടുംബം പോരാട്ടം നടത്തുന്നത്. കാഞ്ഞിരത്തിനാൽ ജോർജും സഹോദരനുമായിരുന്നു ഭൂമിക്ക് അവകാശികൾ. നിയമ പോരാട്ടങ്ങൾക്കും സമരങ്ങൾക്കുമിടെ ജോർജും ഭാര്യയും മരിച്ചു. തുടർന്ന് കുടുംബം വീണ്ടും സമരം ആരംഭിച്ചു. കളക്ടറേറ്റിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം 4055 ദിവസം പിന്നിട്ടിരിക്കയാണ്.

Content Highlights: Retired judge to be appointed to find a permanent legal solution for the Kanjirathinal land dispute., The high-level ministerial meeting was held at Kalpetta Rest House., A report with legal possibilities will be submitted to the government within a month., The family's protest in front of the Wayanad Collectorate has crossed 4055 days.