ഞങ്ങൾക്ക് ഇനിയെങ്കിലും ജീവിക്കേണ്ടേ? കാഞ്ഞിരത്തിനാൽ കുടുംബം നീതിക്കായി സമരം തുടങ്ങിയിട്ട് അമ്പതാണ്ട്

നൂറ്റാണ്ടിലെ രണ്ട് പ്രളയകാലവും കോവിഡ് മഹാമാരിയും കടന്ന് വയനാട് കളക്ടറേറ്റിന് മുന്നിൽ ഇപ്പോഴും ഒരു സമരപ്പന്തലുണ്ട്. സ്വന്തംഭൂമിയുടെ അവകാശത്തിനായി ഒരു കുടുംബം നീതിപീഠത്തിനും ഭരണകൂടത്തിനും മുന്നിൽ ഉയർത്തുന്ന ജീവിതസമരം. 1976 ജൂലായിൽ ഇങ്ങനെയൊരു മഴക്കാലത്തായിരുന്നു വിലകൊടുത്തുവാങ്ങിയ സ്വന്തംഭൂമി വനംവകുപ്പ് അന്യായമായി പിടിച്ചെടുക്കുന്നത്. അരനൂറ്റാണ്ട് തികയുന്ന ഈ അനീതിക്ക് മാപ്പില്ല. ഈ മഴക്കാലത്തും പ്ലാസ്റ്റിക് കൂരയ്ക്കുള്ളിൽ ഇവരുടെ സ്വപ്നങ്ങളെല്ലാം ചോർന്നൊലിക്കുന്നു. സ്വന്തംഭൂമിയിൽ തലചായ്ക്കാനുള്ള ഒരു ആഗ്രഹംമാത്രം ബാക്കിയാക്കി ഇവർ ചോദിക്കുന്നു ഞങ്ങൾക്ക് ഇനിയെങ്കിലും ജീവിക്കേണ്ടേ...

വയനാട്ടിൽ കൃഷിചെയ്ത് ജീവിക്കാനായിരുന്നു അരനൂറ്റാണ്ടുമുൻപ് അവർ ചുരംകയറിയെത്തിയത്. എന്നാൽ, എല്ലാ സമ്പാദ്യവും വിറ്റുപെറുക്കി തിരുവിതാംകൂറിൽനിന്ന് വയനാട്ടിലെത്തിയ കാഞ്ഞിരത്തിനാൽ കുടുംബത്തെ ഇവിടെ കാത്തിരുന്നത് വലിയൊരു ദുര്യോഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ആർക്കോവേണ്ടി തെറ്റായി വനംവകുപ്പ് പിടിച്ചെടുത്ത ഇവരുടെ ഭൂമി തിരിച്ചുകിട്ടാനുള്ള പോരാട്ടം അന്ന് തുടങ്ങിയതാണ്. വനംവകുപ്പ് ചേർത്തുവെച്ച അന്യായങ്ങളുടെ കുടുക്കിൽ ഇവരുടെ ജീവിതം ഇന്നും സങ്കീർണമായി നീങ്ങുന്നു. വനംവകുപ്പ്, സ്വന്തംഭൂമിയിൽനിന്ന് തെറ്റായ വിധി സമ്പാദിച്ച് ഇറക്കിവിട്ടു. കാഞ്ഞിരത്തിനാൽ ജോർജും ഭാര്യയും എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതെ വാടകവീട്ടിൽ മരിച്ചു. വിദ്യാഭ്യാസവും വീടെന്ന മേൽക്കൂരയുമില്ലാതെ മക്കളുടെ സ്വപ്നങ്ങളും തകർന്നു. 'ഭൂമി ഞങ്ങളുടെതാണെന്ന് തെളിയിക്കുന്ന എല്ലാം രേഖകളും ഞങ്ങളുടെ കൈയിലുണ്ട്. ഞങ്ങൾക്ക് ഒരു അഞ്ചുമണിക്കൂർ തരൂ, എല്ലാം ഞങ്ങൾ തെളിയിക്കാം...' -കാഞ്ഞിരത്തിനാൽ കുടുംബാംഗം ജെയിംസ് നീതിപീഠത്തോട് സമരപ്പന്തലിലിരുന്ന് പറയുകയാണ്. 'ആൾമാറാട്ടം നടത്തിയും വ്യാജവിധി സമ്പാദിച്ചും ഞങ്ങളുടെ കുടുംബത്തോട് വനംവകുപ്പ് കാണിച്ചത് കടുത്ത അനീതിയാണ്. രേഖകൾ തിരുത്തിയതിന്റെയെല്ലാം തെളിവുകൾ ഇതാ ഈ രേഖകളിലുണ്ട്' -കളക്ടറേറ്റ് സമരപ്പന്തലിനുള്ളിൽ വിവരാവകാശ നിയമത്തിലൂടെയും മറ്റും സമ്പാദിച്ചെടുത്ത അസംഖ്യം രേഖകളുടെ കെട്ടുകളുയർത്തി ജെയിംസ് പറയുകയാണ്.

റവന്യൂവകുപ്പും വനംവകുപ്പും പലതവണ തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ള കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമിയിൽ സംയുക്ത പരിശോധന നടത്തിയതാണ്. ഈ പരിശോധനയിലെല്ലാം ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിന്റേത് തന്നെയാണെന്ന് സമ്മതിക്കുന്നതാണ്. ജില്ലയിലെത്തിയ എട്ടോളം കളക്ടർമാരും രണ്ട് സബ് കളക്ടർമാരും അനുകൂല നടപടികൾക്കായി ശുപാർശചെയ്തു. എന്നിട്ടും അവർ ഇന്നും തെരുവിലാണ്.

സത്യംപറയുന്ന രേഖകൾ

1976-ലാണ് കാഞ്ഞിരത്തിനാൽ സഹോദരൻമാരുടെ ഭൂമി വനഭൂമിയാണെന്ന വാദവുമായി വനംവകുപ്പ് രംഗത്തെത്തുന്നത്. ഇതിനുപിന്നാലെ കുടുംബം ഒ.എ. 386 നമ്പർ കേസ് കോഴിക്കോട് ട്രിബ്യൂണലിൽ ഫയൽചെയ്തു. 1978-ൽ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി വനഭൂമിയല്ലെന്ന് ട്രിബ്യൂണൽ കണ്ടെത്തി. ഇതിനെതിരേ വനംവകുപ്പ് ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്തു. 1982-ൽ ഹൈക്കോടതി ട്രിബ്യൂണലിന്റെ വിധി റദ്ദാക്കി കേസ് പുനഃപരിശോധിക്കാൻ ഉത്തരവിട്ടു. 1985-ൽ 12 ഏക്കർ ഭൂമിയിൽ 75 സെന്റ് സ്ഥലത്തിനുമാത്രമാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന് അവകാശമെന്ന് കോടതി വിധിച്ചു. ഇതിനെതിരേ കുടുംബത്തിന്റെ അറിവില്ലാതെ അപ്പീൽപോയതായി രേഖകൾ. അപേക്ഷകർ ഹാജരില്ലാതെ കോടതി കേസ് തള്ളി. ഇതെല്ലാം അട്ടിമറിയുടെ ആൾമാറാട്ടരേഖകൾ. 1995-ലും 1997-ലും ഒ.പി. 2439/95, ഡബ്ല്യു.എ. 1843/97 എന്ന കേസ് നമ്പറിൽ 'നിങ്ങൾ കൈയേറ്റക്കാരല്ല, ഉടമസ്ഥരാണ്' എന്ന് കുടുംബത്തിന് അനുകൂലമായി ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. സർക്കാരിനോട് സംയുക്ത പരിശോധന നടത്തി നടപടിയെടുക്കാൻ കോടതി നിർദേശിച്ചു. ഇതുപ്രകാരം 1998 ഒക്ടോബർ 22-ന് സംസ്ഥാന സർക്കാർ ഇവിടെ സംയുക്ത പരിശോധന നടത്തുകയും 1999 സെപ്റ്റംബർ ആറിന് പ്രസ്തുത ഭൂമി വനംവകുപ്പിന്റെ ഒ.എ.386/76 കേസിൽപ്പെടുന്ന ഭൂമിയാണിതെന്നും വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കോടതിയിൽ കള്ളസത്യവാങ്മൂലം നൽകുകയും ചെയ്തു. ഇതിനെത്തുടർന്നുള്ള സങ്കീർണതകളാണ് കുടുംബം ഇന്നും അനുഭവിക്കുന്നതെന്ന് ജെയിംസ് പറയുന്നു. ഭൂമി കുടുംബത്തിന് വിട്ടുനൽകാൻ 2006-ൽ വി.എസ്. സർക്കാരിന്റെ മന്ത്രിസഭാ തീരുമാനമുണ്ടായി. ഇതിനെതിരേ എൻ.ജി.ഒ. 2008-ൽ സ്റ്റേവാങ്ങുന്നു. അന്നുമുതൽ തെരുവിലാണ് ഈ കുടുംബം.

Content Highlights: A family's 50-year battle against illegal land seizure by the Forest Department., Multiple court rulings and government inquiries confirmed the family's land ownership., The family remains in a protest tent in Wayanad despite government promises., Allegations of document tampering and impersonation by authorities., The ongoing struggle for basic human rights and land restoration.