കഞ്ചിക്കോട് കോച്ച് ഫാക്ടറി വരില്ല; അണയുന്നത് പാലക്കാടിന്റെ പ്രതീക്ഷകൾ

പാലക്കാട്: കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി നിർമിക്കാനുള്ള നീക്കം പൂർണമായി ഉപേക്ഷിച്ചെന്ന് കേന്ദ്ര റെയിൽമന്ത്രി അശ്വനി വൈഷ്ണവ് ആവർത്തിച്ച് വ്യക്തമാക്കിയതോടെ അണയുന്നത് പാലക്കാടിന്റെ പ്രതീക്ഷകൾ. ജോൺ ബ്രിട്ടാസ് എം.പി.യുടെ ചോദ്യത്തിന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
പദ്ധതിക്കായി കഞ്ചിക്കോട്ട് സംസ്ഥാന സർക്കാർ ഏറ്റെടുത്തുനൽകിയ 239 ഏക്കർ ഇന്ത്യൻ റെയിൽവേയുടെ മറ്റാവശ്യങ്ങൾക്കും ഭാവിവികസനത്തിനുമായി വിനിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ടുവർഷംമുൻപും കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി തുടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കിയിരുന്നു.
2008-09-ലെ റെയിൽവേ ബജറ്റിലാണ് കോച്ച് ഫാക്ടറി പ്രഖ്യാപിക്കപ്പെട്ടത്. പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് സേലം ഡിവിഷൻ രൂപവത്കരിക്കുന്നതിന് പ്രത്യുപകാരമായി കോച്ച് ഫാക്ടറി തരാമെന്നായിരുന്നു കേന്ദ്രവാഗ്‌ദാനം. അന്ന് കഞ്ചിക്കോടിനൊപ്പം റായ്ബറേലിയിലും കോച്ച് ഫാക്ടറി പ്രഖ്യാപിച്ചിരുന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 239 ഏക്കർ കഞ്ചിക്കോട്ട് ഏറ്റെടുത്തുനൽകി. 2012 ഫെബ്രുവരി 21-ന് അന്നത്തെ റെയിൽവേ മന്ത്രി ദിനേഷ് ത്രിവേദി പാലക്കാട് കോട്ടമൈതാനത്ത് കോച്ച് ഫാക്ടറിക്ക് തറക്കല്ലുമിട്ടു.
1,215 കോടി രൂപയിലധികം നിക്ഷേപത്തിലൂടെ വർഷംതോറും 600 കോച്ചുകൾവരെ നിർമിക്കാവുന്ന ഫാക്ടറിയാണ് വിഭാവനംചെയ്തിരുന്നത്. എന്നാൽ, റെയിൽവേ ഫണ്ട് അനുവദിക്കാതെ പിന്നോട്ടുപോയതോടെ പദ്ധതി തടസ്സപ്പെടുകയായിരുന്നു. അന്നിട്ട കല്ലുപോലും ഇന്ന് കോട്ടമൈതാനത്തില്ല. കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിച്ച റായ്‌ബറേലിയിലും പിന്നീട് പ്രഖ്യാപിച്ച ബംഗാളിലെ കാഞ്ചപ്രയിലും ഹരിയാണയിലെ സോണിപ്പത്തിലും കോച്ച് ഫാക്ടറികൾ പ്രവർത്തനം തുടങ്ങി.
നിലവിലുള്ള കോച്ച് ഫാക്ടറികൾ റെയിൽവേയുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്നും അതിനാൽ, പുതിയതിന്റെ ആവശ്യമില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ഏറ്റെടുത്ത സ്ഥലത്ത് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുമായി (സെയിൽ) സംയുക്ത സംരംഭം തുടങ്ങാൻ നടത്തിയ ശ്രമങ്ങളും എവിടെയുമെത്തിയില്ല. കഞ്ചിക്കോട്ടെ പൊതുമേഖലാ സ്ഥാപനമായ ബെമലും റെയിൽവേയും ചേർന്ന് കോച്ച് ഫാക്ടറി ആരംഭിക്കാനുള്ള ചില പദ്ധതികളും വിഭാവനംചെയ്തിരുന്നു. പാലക്കാട്ട് എല്ലാ തിരഞ്ഞെടുപ്പുകളിലും കോച്ച് ഫാക്ടറി പ്രധാന പ്രചാരണായുധവുമായിരുന്നു.
Content Highlights: Union Railway Minister confirms the Kanjikode Coach Factory project is officially scrapped.