കുത്തിയിരുന്ന് കുടിവെള്ളമെത്തിച്ച പോരാളി; ഓർമയിൽ കാനത്തിൽ ജമീല

കോഴിക്കോട്: പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ തലക്കുളത്തൂർ പഞ്ചായത്തിലെ കണിയാംകുന്ന് ഉന്നതിയിൽ വെള്ളമെത്തിച്ചതിനുപിന്നിൽ കാനത്തിൽ ജമീലയുടെ നിശ്ചയദാർഢ്യത്തിന്റെ കഥയുണ്ട്. കാനത്തിൽ ജമീല പ്രസിഡന്റായിരുന്നകാലത്ത് കുടിവെള്ളപ്രശ്നം രൂക്ഷമായ പ്രദേശമായിരുന്നു, തലക്കുളത്തൂരിന്റെ ഉൾനാടുകൾ. കുടിവെള്ളപൈപ്പ് സ്ഥാപിക്കാൻ ജലവകുപ്പിൽനിന്ന് ഉദ്യോഗസ്ഥർ എത്തണം. ഒരുപാടുതവണ ജനങ്ങൾ നേരിട്ടും പഞ്ചായത്ത് മുഖേനയും ഓഫീസിലെത്തി പറഞ്ഞു. ഉദ്യോഗസ്ഥർ വരാൻ കൂട്ടാക്കിയില്ല. ഒടുവിൽ, ഓണത്തിന് രണ്ടുദിവസംമാത്രം ബാക്കിനിൽക്കെ കാനത്തിൽ ജമീല ജലവകുപ്പ് ഓഫീസിൽപോയി അവരോട് വരാൻപറഞ്ഞു. ആദ്യം കൂട്ടാക്കിയില്ല. അവധിയാണ്, പിന്നെയാവട്ടെ എന്നൊക്കെയായി മറുപടി. മണിക്കൂറുകളോളം അവിടെ കുത്തിയിരുന്നു. പഞ്ചായത്തിന് സ്വന്തമായി വണ്ടിയില്ലാത്ത കാലമായിരുന്നു അത്. കൈയിൽനിന്ന് പണമെടുത്ത് ടാക്സിവിളിച്ചാണ് അവിടെവരെ പോയത്. തിരിച്ചുപോവില്ലെന്ന് ഉറപ്പായതോടെ ഉദ്യോഗസ്ഥർ ഒപ്പംവന്നു. ഉന്നതിയിൽ വെള്ളമെത്തി.
ഒരിക്കൽ ഈ അനുഭവം പങ്കുവെച്ചപ്പോൾ പൊരുതിനേടിയതിന്റെ അഭിമാനമായിരുന്നു കാനത്തിൽ ജമീലയുടെ മുഖത്ത്. തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ ത്രിതലപഞ്ചായത്ത് സംവിധാനത്തിന്റെ മൂന്നുഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് ജമീല. അന്നുവരെ അപരിചിതമായ ഒട്ടേറെ സംവിധാനങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തിയതിന്റെ അനുഭവവും അവർക്കുണ്ട്.
തന്റെ വാർഡിൽ ആദ്യമായി ഗ്രാമസഭ നടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത് ഗ്രാമവഴികളിലൂടെ ചെണ്ടകൊട്ടി പറഞ്ഞാണെന്നും തൊള്ളായിരത്തോളം ആളുകൾ പങ്കെടുത്ത ഗ്രാമസഭയെ നിയന്ത്രിക്കാൻ തുടക്കക്കാരിയായ താൻ നന്നേ ബുദ്ധിമുട്ടിയിരുന്നതായും ഒരിക്കൽ ജമീല ഓർത്തെടുത്തിരുന്നു.
ജനകീയാസൂത്രണത്തിന്റെ പിറവിമുതൽ യൗവനംവരെ ഒന്നിച്ചുനടന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല. തലക്കുളത്തൂരിന്റെ പഞ്ചായത്ത് പ്രസിഡന്റിൽനിന്ന് കൊയിലാണ്ടിയുടെ എംഎൽഎയായി നിയമസഭയുടെ അങ്കണംവരെ അവർ എത്തിയതിനുപിന്നിൽ ആ വലിയ ആശയം മുതൽക്കൂട്ടായുണ്ടായിരുന്നു.
ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികത്തിൽ മുൻമാതൃകകളില്ലാത്ത ഒരു വികസനയത്നത്തിൽ ഒപ്പംനടന്നതിന്റെ ഓർമ്മകൾ മാതൃഭൂമിയുമായി അവർ പങ്കുവെച്ചിരുന്നു. അന്ന് തനിക്ക് പൂർത്തിയാക്കാൻകഴിഞ്ഞ ജനകീയപദ്ധതികളെക്കുറിച്ച് അവർ വാചാലയായി.
ഒരിക്കൽ ജില്ലാപഞ്ചായത്ത് സ്ഥാനാർഥിയായിരിക്കെ വോട്ടുതേടി കണിയാംകുന്നിലെത്തിയപ്പോൾ വയസ്സായ സ്ത്രീ മുന്നിൽവന്ന് സന്തോഷത്തോടെ, ‘മോളേ ഞാൻ മാളുഅമ്മ. നീയാണ് എനിക്ക് പെൻഷൻ പാസാക്കിയത്. ഇപ്പളും കിട്ടുന്നുണ്ട് ട്ടോ...’ എന്ന് പറഞ്ഞതും അന്ന് ചെയ്ത ചെറിയകാര്യത്തിൽ ഒരാൾക്ക് എന്നെ ഓർക്കാൻ കാരണമായല്ലോ എന്നുമോർത്തപ്പോൾ കണ്ണുകൾനിറഞ്ഞെന്നും അവർ പറഞ്ഞിരുന്നു.
കേന്ദ്രീകൃതമായ ഒരു ഭരണസംവിധാനത്തിൽനിന്ന്, അന്നുവരെ ഉദ്യോഗസ്ഥസംവിധാനങ്ങളും ഭരണസമിതിയും നിയന്ത്രിച്ചിരുന്ന വികസനകാഴ്ചപ്പാടിൽനിന്ന്, ഗ്രാമസഭകളിലൂടെ ജനങ്ങൾ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്ന രീതി ആദ്യം കൗതുകമായിരുന്നു ജനങ്ങൾക്ക്. ജനകീയാസൂത്രണത്തിനുമുൻപ് പഞ്ചായത്തുകൾക്ക് ഫണ്ട് ഒന്നും ഉണ്ടായിരുന്നില്ല. ഡിവലപ്‌മെന്റ് ഓഫീസർ ചെറിയതുക നൽകും. പഞ്ചായത്തുകൾക്ക് കാര്യമായൊന്നും ചെയ്യാനില്ല. എത്രഫണ്ട്, ആർക്ക്, എവിടെ, എത്ര ഉപയോഗിച്ചു, ബാക്കി എത്ര... തുടങ്ങി ഒന്നിനും കണക്കുകളില്ലായിരുന്നു പണ്ട്.
2010-ൽ കാനത്തിൽ ജമീല ജില്ലാപഞ്ചായത്തിൽ പ്രവർത്തിക്കുമ്പോഴാണ് ‘സ്നേഹസ്പർശം’ പദ്ധതിക്ക് തുടക്കമിട്ടത്. ഇന്നും അത് അവരുടെപേരിൽ പരാമർശിക്കപ്പെടുന്നു എന്നിടത്ത് ദീർഘവീക്ഷണമുള്ള ഒരു നേതാവിനെ കാണാൻകഴിയും. കേരളമാതൃകയായ സ്ത്രീശാക്തീകരണമാണ് 25 വർഷമായി തുടരുന്ന പൊതുപ്രവർത്തനത്തിന് കരുത്തെന്ന് അന്ന് കാനത്തിൽ ജമീല പറഞ്ഞിരുന്നു.
Content Highlights: the inspiring journey of Kanathil Jameela, a dedicated leader who championed water access, public participation, and women`s empowerment in Kerala`s local governance.