കനത്ത മഴ: കല്ലാർകുട്ടി ഡാം ഷട്ടറുകൾ ഇന്ന് വൈകിട്ട് ഉയർത്തും; ജാഗ്രതാ നിർദ്ദേശം

ഇടുക്കി: കാലവർഷം കനത്തതിനെത്തുടർന്ന് കല്ലാർകുട്ടി ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ, ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് (31-07-2026) വൈകിട്ട് 6 മണി മുതൽ ഉയർത്താൻ ജില്ലാ കളക്ടർ അനുമതി നൽകി. നിലവിൽ 455.20 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷി 456.60 മീറ്ററാണ്. മുൻകരുതൽ എന്ന നിലയിൽ ആവശ്യം അനുസരിച്ച് ഷട്ടറുകൾ ഉയർത്തി 500 ക്യുമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കിവിടാനാണ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷ പരിഗണിച്ച് കളക്ടർ ഉത്തരവിട്ടത്.
ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ മുൻകരുതൽ നടപടി. ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനായി പോലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
Content Highlights: Kallarkutty Dam shutters will open on July 31, 2026, due to heavy monsoon rains. Residents near Muthirapuzhayar and Periyar must stay alert.