അഴീക്കോട്ടെ കക്കൻ തോട് നാശത്തിലേക്ക്

അഴീക്കോട്: ഇത് കക്കൻ തോട്...വളപട്ടണം പുഴയുടെ കൈത്തോട്... ഒരു കാലത്ത് വ്യാപാര വ്യവസായ ബന്ധങ്ങൾ സജീവമായിരുന്ന ഈ തോട് ഇന്ന് മാലന്യം നിറഞ്ഞു കാടുകയറി ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. പണ്ടു കാലങ്ങളിൽ മൺപാത്രങ്ങൾ, പായ, വൈക്കോൽ, നെല്ല്, ചക്ക, മാങ്ങ, നീറ്റുകക്ക, കെട്ടിട നിർമ്മാണ മണൽ ഓട് തുടങ്ങിയവ ചീന (പുരത്തോണി) വഴി കക്കൻ തോട്ടിലുടെയാണ് അഴിക്കോട് മൂന്ന് നിരത്ത് വളപട്ടണം മിൽറോഡ് ഭാഗങ്ങളിലെല്ലാം എത്തിയിരുന്നത്. കാളവണ്ടിയും കൈവണ്ടികളും വിസ്മൃതിയിലായതും റോഡ് വഴി വാഹനഗതാഗതം വന്നതോടെയും തോട് വഴി കടത്ത് നിലച്ചു.
കക്കൻ തോടിന് പേർ വന്നതിങ്ങനെ---
നീറ്റുകക്ക, കുമ്മായ ചൂള എന്നിവ കക്കൻ തോട്ടിന്റെ കരയിലിപ്പോഴുമുണ്ട്. വളപട്ടണം പുഴയിൽ നിന്ന് പായ വഞ്ചിയിലും ചീനയിലും നീറ്റുകക്ക കൊണ്ടു വരാറുണ്ടായിരുന്നു. അങ്ങിനെയാണ് കക്കൻതോട് എന്ന പേര് വന്നത്. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നു ചുമരിൽ വെള്ള വീശാൻ കക്ക കുമ്മായം ഇവിടെ നിന്ന് കൊണ്ടുപോകാറുണ്ടായിരുന്നു. 40 വർഷം മുൻപ് വരെ കെട്ടിടനിർമ്മാണത്തിന് കല്ല് വെക്കുക കുമ്മായം അരിച്ചു മണൽ കൂട്ടിക്കുഴച്ചായിരുന്നു. പിന്നീട് സിമന്റ് വ്യാപകമായതോടെ കുമ്മായത്തിന്റെ ഉപയോഗം കുറഞ്ഞു. കുമ്മായ ചൂള നടത്തുന്ന കെ.പി.ഭരതൻ പറഞ്ഞു.
പഴയ പോലെ ഉപഭോഗമോ വിൽപ്പനയോ ഇന്ന് ഇല്ല. തന്റെ പിതാവ് പരേതനായ മുക്രി കണ്ണൻ ഏതാണ്ട് 80 വർഷം മുമ്പാണ് കക്കൻ തോട്ടിൻ കരയിൽ ചൂള സ്ഥാപിച്ചത്. അന്നൊക്കെ കുമ്മായം, നീറ്റുകക്ക എന്നിവക്ക് ഡിമാന്റായിരുന്നു. ഇന്ന് ചൂള കാടുകയറി അപ്രത്യക്ഷമായ നിലയിലാണ്. പഴയ പ്രൗഡി നില നിർത്താനുള്ള പ്രവർത്തനങ്ങൾ നടത്താറുമില്ല.
കക്കൻ തോട് സംരംക്ഷണം പേരിനു മാത്രം---
വളപട്ടണം പുഴക്കര മുതൽ ഉപ്പായിച്ചാൽ വരെ മൂന്ന് കിലോമിറ്ററോളം നീണ്ടു കിടക്കുന്ന കക്കൻ തോട് വൃത്തിയാക്കാൻ 2023. 24 കാലത്ത് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം വകയിരുത്തിയിരുന്നു. പക്ഷെ വൃത്തിയാക്കൽ പേരിന് മാത്രമായെന്ന് ആരോപണം ഉയർന്നു. തോട്ടിൽ ചൂള ഭാഗത്ത് പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറാതിരിക്കാൻ നിർമ്മിച്ച തടയണ നശിച്ചു. ഷട്ടറിന്റെ പലകകൾ ദ്രവിച്ച് തീർന്നു. കനത്ത മഴയിൽ തോട് കരകവിഞ്ഞ് പരിസരവാസികൾക്ക് ദുരിതമാകാറുണ്ട്. 10 വർഷം മുൻപ് തുറുമുഖ മണൽ വാരലിലേർപ്പട്ടവർ മണലരിപ്പുമായി ബന്ധപ്പെട്ട് യന്ത്രം സ്ഥാപിച്ച് ചെളിയും മറ്റും തോട്ടിലൊഴുക്കിയതോടെയാണ് തോട് മണ്ണ് മൂടി കരഭാഗത്തും ഇടിഞ്ഞുതാഴ്ന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
Content Highlights: Kakkan Thodu was once a bustling trade route connected to the Valapattanam river., Named after the traditional lime shell (neettukakka) and kilns operated along its banks., Neglected for decades, leading to severe siltation, weed growth, and pollution., Puny funds allocated for cleanup (Rs 5 lakh in 2023-24) proved ineffective., Broken shutters and silt deposition cause flooding for local residents during heavy rains.