മതവിദ്വേഷം പടർത്തി, പാകിസ്താനിൽനിന്ന് എകെ 47 വാങ്ങാൻ ശ്രമം; അസം സ്വദേശി കയ്പമംഗലത്ത് അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
റോഷിദുൽ ഇസ്ലാം | Photo:mathrubhumi
റോഷിദുൽ ഇസ്ലാം | Photo:mathrubhumi

കയ്പമംഗലം (തൃശ്ശൂർ): സാമൂഹികമാധ്യമങ്ങളിലൂടെ മതവിദ്വേഷം പടർത്തുന്ന തരത്തിലുള്ള വീഡിയോയും ചിത്രവും പ്രചരിപ്പിച്ച അസം സ്വദേശി കയ്പമംഗലത്ത് അറസ്റ്റിൽ. അസം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാം (25) ആണ് അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്.

രണ്ടുവർഷത്തോളമായി ചെന്ത്രാപ്പിന്നി ഈസ്റ്റ് ഭാഗത്തെ ഒരു പന്തൽനിർമാണക്കമ്പനിയിൽ ജോലിക്കാരനാണ്. ഇയാളെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് ചൊവ്വാഴ്‌ച പുലർച്ചെ ആരംഭിച്ച റെയ്ഡിലാണ് പിടിയിലായത്.

ബംഗ്ലാദേശിലുള്ള ഇയാളുടെ അമ്മാവനുമായി ഫോൺവഴിയും പാകിസ്താനിലുള്ള ചില വ്യക്തികളുമായി ഫെയ്സ്‌ബുക്ക് മെസഞ്ചർ വഴിയും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പാകിസ്താനിൽനിന്ന് മാരകപ്രഹരശേഷിയുള്ള എകെ 47 തോക്കുകൾ വാങ്ങാൻ ശ്രമങ്ങൾ നടത്തിയതായും പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വിദേശബന്ധങ്ങളെക്കുറിച്ചും ലഹളയുണ്ടാക്കാനുള്ള നീക്കങ്ങളെക്കുറിച്ചും പോലീസ് വിശദ അന്വേഷണം നടത്തിവരുകയാണ്.

Content Highlights: Assam native arrested in Kaipamangalam, Kerala for spreading religious hate videos on social media. Investigation into foreign links and arms procurement underway.